വി.എസ് തന്നെ ഇടതുമുന്നണിയെ നയിക്കുമെന്ന് സി.പി.ഐ
text_fieldsന്യൂഡൽഹി: കേരളത്തിൽ വി.എസ് തന്നെയായിരിക്കും എൽ.ഡി.എഫിനെ നയിക്കുകയെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി. മുഖ്യമന്ത്രി ആരാകണമെന്നത് തീരുമാനിക്കുന്ന ഘട്ടത്തിൽ സി.പി.ഐ അഭിപ്രായം മുന്നണിയിൽ പറയും. ഇന്നയാളെത്തന്നെ വേണമെന്ന് ആജ്ഞാപിക്കുക സി.പി.ഐയുടെ ശൈലിയല്ലെന്ന് പാർട്ടിയുടെ 90ാം വാർഷികത്തോടനുബന്ധിച്ച് പാർട്ടി ആസ്ഥാനത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
സി.പി.ഐ ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾക്ക് ജനബന്ധം നഷ്ടപ്പെട്ടുവെന്നും ഇന്ത്യൻ സാഹചര്യത്തിൽ ജാതിയുടെ രാഷ്ട്രീയം വേണ്ടവിധം മനസ്സിലാക്കാൻ ഇടതുനേതൃത്വത്തിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ പുതിയ ജാതി പാർട്ടി, ജാതിക്കെതിരെ ജീവിതകാലം മുഴുവൻ സമരംചെയ്ത ശ്രീനാരായണ ഗുരുവിനോടുള്ള അവഹേളനമാണ്.
ജാതി തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് വിശ്വസിച്ച് കമ്യൂണിസ്റ്റുകാർ തുടക്കംമുതൽ അതിനായി ശ്രമിച്ചവരാണ്. കടുത്ത വിവേചനങ്ങൾക്ക് ഇരയാകുന്ന ജാതി വിഭാഗങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രാദേശിക പാർട്ടികൾ രംഗത്തുവന്നു. ജാതി പാർട്ടികളായി മാറിയ അവർ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ മാത്രമല്ല, കോൺഗ്രസ് പോലുള്ള ദേശീയ പാർട്ടികളുടെയും അടിത്തറയിളക്കി. അതേസമയം, ആളുകളെ ആകർഷിക്കാനുള്ള ജനബന്ധം നേടിയെടുക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല.
ഇടതുപക്ഷത്തെ ഭിന്നതകളാണ് പാർട്ടിയെ ദുർബലപ്പെടുത്തിയ മറ്റൊരു ഘടകം. സി.പി.ഐയും സി.പി.എമ്മും ഭിന്നിച്ച സാഹചര്യം ഇപ്പോഴില്ല. അതുകൊണ്ടുതന്നെ എന്തിന് രണ്ടു പാർട്ടികളായി തുടരുന്നുവെന്ന ചോദ്യം പ്രസക്തമാണ്. ലയനം നടക്കുമെന്നുതന്നെയാണ് പ്രതീക്ഷ. എപ്പോഴെന്ന് പറയാനാകില്ല. അതിന് രൂപരേഖ തയാറാക്കാനുമാകില്ല. കൂട്ടായ പ്രവർത്തനത്തിലൂടെ ലയനം അനിവാര്യമായ തിരിച്ചറിവിലേക്ക് എല്ലാവരും എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. സി.പി.ഐക്കും സി.പി.എമ്മിനുമിടയിൽ ആശയപരമായും നയപരമായും കാര്യമായ വ്യത്യാസം ഇപ്പോഴില്ല.
കമ്യൂണിസ്റ്റ് പാർട്ടി അണികൾക്ക് മതവിശ്വാസം വിലക്കിയിട്ടില്ല. മാർക്സ് പോലും അത് ചെയ്തിട്ടില്ല. കേഡറുകൾ മാറിനിൽക്കുന്നത് പാർട്ടി വിലക്കിയതുകൊണ്ടല്ല. മതവിശ്വാസം വ്യക്തിപരമായ കാര്യമായാണ് പാർട്ടി കാണുന്നത്. ഭൂരിപക്ഷ വർഗീയത കത്തിച്ച് സംഘ്പരിവാർ നാടിനെ വലിയ വിപത്തിലേക്കാണ് കൊണ്ടുപോകുന്നത്.
എണ്ണത്തിൽ മുസ്ലിം ജനസംഖ്യ കൂടുന്നുവെന്നൊക്കെ പറയുന്നത് ശുദ്ധ അസംബന്ധമാണ്. സെൻസസ് കണക്ക് പരിശോധിച്ചാൽ അത് തിരിച്ചറിയാം. രാജ്യത്തെ മൊത്തം മുസ്ലിംകളുടെ എണ്ണത്തേക്കാൾ കൂടുതലാണ് കഴിഞ്ഞ 10 വർഷംകൊണ്ട് ഇന്ത്യയിൽ വർധിച്ച ഹിന്ദു ജനസംഖ്യ. വിദ്യാർഥി–യുവജന സമൂഹത്തിലാണ് പാർട്ടിയുടെ ഭാവി. അവരിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാനാണ് 90ാം വാർഷികത്തിൽ പാർട്ടി തീരുമാനമെന്നും സുധാകർ റെഡ്ഡി പറഞ്ഞു. ബിനോയ് വിശ്വവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.