ജെ.ഡി.യുവിന്‍റെ എൽ.ഡി.എഫ് പ്രവേശം: കേന്ദ്ര നേതൃത്വത്തിന്‍റെ അഭിപ്രായംതേടി സംസ്ഥാന ഘടകം
text_fieldsകോഴിക്കോട്: ജനതാദൾ–യുവിെൻറ എൽ.ഡി.എഫ് പ്രവേശം സംബന്ധിച്ച് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിെൻറ അഭിപ്രായമാരായുന്നു. ഇതിെൻറ ഭാഗമായി സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാർ പട്നയിലെത്തി. ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ, പാർട്ടി പ്രസിഡൻറ് ശരദ് യാദവ് എന്നിവരുടെ മനമറിയുകയാണ് യാത്രയുടെ ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം യു.ഡി.എഫ് ബന്ധം വിച്ഛേദിക്കണമെന്ന തരത്തിൽ പാർട്ടി സംസ്ഥാന സമിതിയിലുണ്ടായ പൊതുവികാരം അദ്ദേഹം ഇരുവരെയും ധരിപ്പിക്കുമെന്നാണ് സൂചന. കേന്ദ്ര നേതാക്കളുടെ പ്രതികരണം അറിഞ്ഞശേഷമേ സംസ്ഥാന ഘടകം ഇക്കാര്യത്തിൽ തുടർചർച്ചകൾ നടത്തുകയുള്ളൂ.
ജെ.ഡി.യു, ആർ.ജെ.ഡി എന്നീ ജനതാ പാർട്ടികൾക്കൊപ്പം കോൺഗ്രസുംകൂടി ഉൾപ്പെട്ട മഹാസഖ്യമാണ് ബി.ജെ.പിക്കെതിരെ ബിഹാർ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയതെന്നിരിക്കെ കോൺഗ്രസ് ബന്ധം വിച്ഛേദിക്കുന്ന കാര്യത്തിൽ നിതീഷും ശരദ് യാദവും എന്ത് നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് സംസ്ഥാനത്തെ നേതാക്കൾ. ബി.ജെ.പിക്കെതിരായ വിശാലസഖ്യത്തെ കൂടുതൽ സംസ്ഥാനങ്ങളിലേക്കും ദേശീയതലത്തിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നിതീഷ് കുമാർ.
വരാനിരിക്കുന്ന അസം തെരഞ്ഞെടുപ്പിൽ ജെ.ഡി.യു ഒരു വലിയ ഘടകമല്ലാതിരുന്നിട്ടുകൂടി ബി.ജെ.പി വിരുദ്ധ പാർട്ടികളെ കോൺഗ്രസിനൊപ്പം നിർത്താൻ കരുക്കൾനീക്കുന്നത് അദ്ദേഹമാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി മുന്നേറ്റമുണ്ടാക്കിയാൽ അത് രാജ്യസഭയിൽക്കൂടി അവർക്ക് മേധാവിത്വമുണ്ടാക്കാൻ വഴിവെക്കുമെന്നും അതുവഴി ജനാധിപത്യം കൂടുതൽ ദുർബലമാകുമെന്നുമാണ് പാർട്ടി നേതൃത്വത്തിെൻറ അഭിപ്രായം. ഈ ഘട്ടത്തിൽ കോൺഗ്രസുമായി കേരളത്തിൽ വേർപ്പിരിയുന്നത് തെറ്റായ സന്ദേശമാകുമെന്നും ഒരുവിഭാഗം കരുതുന്നു.
അതേസമയം, കേരളത്തിൽ ജെ.ഡി.യുവിനെ കോൺഗ്രസ് പ്രവർത്തകർ ശത്രുവിനെപ്പോലെ കണക്കാക്കുന്ന സാഹചര്യത്തിൽ യു.ഡി.എഫിൽ തുടരുന്നതിൽ അർഥമില്ലെന്ന നിലപാടിലാണ് സംസ്ഥാനസമിതിയിലെ ഭൂരിപക്ഷവും. ലോക്സഭാ തെരഞ്ഞെടുപ്പിൽ എം.പി. വീരേന്ദ്രകുമാറിനെതിരെ കോൺഗ്രസ് പ്രവർത്തിച്ചതും അതിനുപിന്നാലെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജെ.ഡി.യു സ്ഥാനാർഥികൾക്കെതിരെ കോൺഗ്രസ് വിമതർ രംഗത്തെത്തിയതും എതിരാളികൾക്ക് വോട്ടു മറിച്ചതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇവർ യു.ഡി.എഫ് വിടണമെന്നാവശ്യപ്പെടുന്നത്. ഇരു പാർട്ടികളുടെയും ദേശീയ നേതൃത്വം ഇടപെട്ട് തൃപ്തികരമായ പരിഹാരമുണ്ടാക്കി യു.ഡി.എഫിൽതന്നെ തുടരണമെന്ന അഭിപ്രായമുള്ളവരും ജെ.ഡി.യുവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.