ആർ.എസ്.പി യു.ഡി.എഫിൽ തുടരും
text_fieldsന്യൂഡൽഹി: കോൺഗ്രസുമായുള്ള സഖ്യത്തെച്ചൊല്ലി ആർ.എസ്.പി ദേശീയസമ്മേളനത്തിൽ രൂക്ഷ ഭിന്നത. കേരളഘടകം ഒരുഭാഗത്തും ബംഗാൾ, ത്രിപുര അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ എതിർഭാഗത്തുമായി നിലകൊണ്ട തർക്കത്തിൽ സമവായം കണ്ടെത്താനായില്ല. ഇതേത്തുടർന്ന് ആറു മാസത്തിനുശേഷം പാർട്ടി പ്ലീനറി സമ്മേളനം വിളിച്ച് വ്യക്തത വരുത്താമെന്ന ധാരണയിൽ ഇരുവിഭാഗവും ഒത്തുതീർപ്പിലെത്തി. ഇതോടെ, ആർ.എസ്.പി കേരളത്തിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ തുടരുമെന്ന് ഉറപ്പായി.
2016 മേയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ.എസ്.പിക്ക് യു.ഡി.എഫിൽ തുടരുന്നതിന് സാഹചര്യമൊരുക്കാനാണ് പ്ലീനം ആറുമാസത്തിനുശേഷം മതിയെന്ന് തീരുമാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലംകൂടി നോക്കി ഭാവി തീരുമാനിക്കാമെന്നാണ് ധാരണ. അതേസമയം, ആർ.എസ്.പി എൽ.ഡി.എഫിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് വയനാട്ടിൽനിന്നുള്ള രണ്ടു യുവജനവിഭാഗം നേതാക്കൾ മുന്നോട്ടുവെച്ച പ്രമേയം പരിഗണനക്കെടുത്തില്ല.
കോൺഗ്രസ് സഖ്യം സംബന്ധിച്ച് ആശയക്കുഴപ്പവും ഭിന്നതയുമുണ്ടെന്നും പാർട്ടിയിൽ പിളർപ്പ് ഒഴിവാക്കുന്നതിനാണ് വിഷയം പ്ലീനത്തിലേക്ക് വിട്ടതെന്നും ജനറൽ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഢൻ പറഞ്ഞു. ഇടത് ഐക്യത്തിന് നിലകൊള്ളണമെന്നാണ് ദേശീയസമ്മേളനം അംഗീകരിച്ച രാഷ്ട്രീയനയം. അതുകൊണ്ടുതന്നെ, കേരളഘടകം കോൺഗ്രസ് മുന്നണിയിൽ ചേർന്നത് പാർട്ടി നിലപാടിൽനിന്നുള്ള വ്യതിയാനമാണ്. ദേശീയനയവും കേരളത്തിലെ നയവും തമ്മിൽ വൈരുധ്യമുണ്ട്. അത് വിശദീകരിക്കാൻ പ്രയാസമുണ്ട്. പാർട്ടി ശക്തിപ്പെടുമെന്ന് കരുതിയല്ല യു.ഡി.എഫിലേക്ക് പോന്നത്. കുറച്ചുകാലം അവിടെ നിന്നുനോക്കട്ടെ. എൽ.ഡി.എഫിലേക്ക് തിരിച്ചുവിളിക്കുന്നവർ വിട്ടുപോകാനുണ്ടായ സാഹചര്യം മാറ്റട്ടെയെന്നും ചന്ദ്രചൂഢൻ പറഞ്ഞു.
ഒരു പാർലമെൻറ് സീറ്റിന് കേരളഘടകം ഇടതുനയം ബലികഴിച്ചുവെന്ന വിമർശമാണ് ബംഗാളിൽനിന്നുള്ള മുതിർന്നനേതാവ് മനോജ് ഭട്ടാചാര്യ അക്കമുള്ളവർ ഉന്നയിച്ചത്. ബി.ജെ.പിയെ പ്രതിരോധിക്കാൻ ഇടതുപാർട്ടികൾക്ക് മാത്രമായി സാധിക്കില്ലെന്നിരിക്കെ, കോൺഗ്രസ് അടക്കമുള്ള മതേതരപാർട്ടികളുമായി യോജിച്ചുപോകണമെന്ന നിർദേശം എൻ.കെ. പ്രേമചന്ദ്രൻ എം.പി അടക്കമുള്ള കേരളനേതാക്കൾ മുന്നോട്ടുവെച്ചു.
സി.പി.എമ്മിെൻറ ‘വല്യേട്ടൻനയ’ത്തിൽ എതിർപ്പുള്ളപ്പോഴും കോൺഗ്രസിനൊപ്പം പോയത് ശരിയല്ലെന്നായിരുന്നു ഇതര സംസ്ഥാന പ്രതിനിധികളിൽ പലരുടെയും നിലപാട്.
ദേശീയ സെക്രട്ടറി ചന്ദ്രചൂഢൻ കേരളഘടകത്തെ കുറ്റപ്പെടുത്താൻ സാധ്യമല്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കോൺഗ്രസിനെക്കാളേറെ, സി.പി.എമ്മിനെ കടന്നാക്രമിക്കുന്ന രാഷ്ട്രീയപ്രമേയം ദേശീയസമ്മേളനം അംഗീകരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.