ആർ.എസ്.പിയിൽ പൊട്ടിത്തെറി; നേതാക്കളുൾപ്പെടെ രാജിയിലേക്ക്
text_fieldsകുണ്ടറ: പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്തുണ്ടായ അസ്വാരസ്യങ്ങൾ ആർ.എസ്.പിയിൽ പൊട്ടിത്തെറിയിലേക്ക്. സംസ്ഥാന കമ്മിറ്റി അംഗം ബി. രഘൂത്തമൻപിള്ളയും ഇളമ്പള്ളൂർ പഞ്ചായത്ത് മുൻ പ്രസിഡൻറും 40വർഷമായി പാർട്ടിയുടെ സജീവ പ്രവർത്തകനുമായ ഡി. സുരേന്ദ്രൻപിള്ളയുമടക്കം നേതാക്കളും അംഗങ്ങളും അനുഭാവികളും ഉൾപ്പെടെയുള്ളവർ ആർ.എസ്.പി വിട്ടു. ഇവർ സി.പി.എമ്മിൽചേർന്ന് പ്രവർത്തിക്കും. നേതൃത്വത്തിെൻറ വിഭാഗീയതയും ഉപഗ്രഹവത്കരണവും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തുടർന്നും ബി.ജെ.പിയോട് ചേരുന്ന വിനാശകരമായ നയവുമാണ് ആർ.എസ്.പി വിടാൻ കാരണമെന്ന് നേതാക്കൾ പറഞ്ഞു. രഘൂത്തമൻപിള്ള കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. നേരത്തേ ബ്ലോക്കിലേക്ക് മത്സരിച്ചപ്പോൾ മികച്ച ഭൂരിപക്ഷത്തിലായിരുന്നു വിജയം.
രഘൂത്തമൻപിള്ളയുടെ വിശദീകരണം ഇങ്ങനെ: മുന്നണിമാറ്റം മുതൽ നേതൃത്വത്തിെൻറ നിലപാടിൽ എതിർപ്പുണ്ടായിരുന്നെങ്കിലും പാർട്ടി വിടാനും സി.പി.എമ്മിൽ ചേരാനുമുള്ള തീരുമാനം പെട്ടെന്നായിരുന്നു. പാർട്ടിയിൽ സമാന അഭിപ്രായമുള്ളവരുമായി കൂടിയാലോചിച്ചും സി.പി.എമ്മിെൻറ സംസ്ഥാന നേതാവും ജില്ലയുടെ ചുമതലക്കാരനുമായ എം.വി. ഗോവിന്ദൻമാസ്റ്ററുമായി ചർച്ചനടത്തിയുമാണ് ഇപ്പോഴത്തെ നിലപാട് ഉറപ്പിച്ചത്. പനയം, തൃക്കരുവ, പെരിനാട്, കുണ്ടറ, പേരയം, ഇളമ്പള്ളൂർ പഞ്ചായത്തുകളിൽ ഏറ്റ കനത്ത പരാജയം നേതൃത്വത്തിെൻറ പിടിപ്പുകേടും പാർട്ടിയിലെ കാലുവാരലും മൂലമാണ്. ജനങ്ങളുമായി നല്ല ബന്ധമുള്ള തന്നെ പാർട്ടിയിലെ ചിലർ ചതിച്ചാണ് തോൽപിച്ചത്. ആയിരക്കണക്കിന് പോസ്റ്ററുകളും നൂറുകണക്കിന് മാതൃകാ ബാലറ്റുകളുമാണ് വിതരണം ചെയ്യാതെ വീടുകളിലുള്ളത്.
കോൺഗ്രസിെൻറ പാലംവലിക്കലും കൂടെയുള്ളവരുടെ ചതിയും തോൽവിയുടെ ആഴം വർധിപ്പിച്ചു. ഇത് അന്വേഷിക്കണമെന്നും പാർട്ടി സ്ഥാനാർഥികളെ തോൽപിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് ജില്ല–സംസ്ഥാന കമ്മിറ്റികളെ സമീപിച്ചെങ്കിലും അവർ നിസ്സംഗത പാലിച്ചു.
ഇത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് യോജിച്ചതല്ല. ആർ.എസ്.പിക്ക് ലഭിച്ച ഏക ജില്ലാ ഡിവിഷനായിട്ടുകൂടി ജില്ലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പ്രചാരണത്തിനെത്തിയില്ല. അടിപ്പണികൾ നടത്തുകയും ചെയ്തു. പേരയം ലോക്കൽ കമ്മിറ്റി പൂർണമായും മറ്റ് ലോക്കൽ കമ്മിറ്റികളിലെ ഭൂരിഭാഗംപേരും തങ്ങൾക്കൊപ്പം ചേരുമെന്ന് രഘൂത്തമൻപിള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.