സി.പി.എം പ്ലീനം ചര്‍ച്ച നേതൃത്വത്തില്‍ യുവത്വത്തിന് ഇടമില്ലാത്തതില്‍ ആക്ഷേപം
text_fields കൊല്‍ക്കത്ത: തെറ്റുകളെല്ലാം പ്ളീനം റിപ്പോര്‍ട്ടില്‍ ഏറ്റുപറഞ്ഞിട്ടും റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയില്‍ നേതൃത്വത്തിന് വിമര്‍ശം. കേന്ദ്ര നേതൃത്വത്തില്‍ യുവാക്കള്‍ക്ക് ഇടമില്ലാത്തതും നേതൃത്വം ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നതും ചര്‍ച്ചയില്‍ പ്രതിനിധികള്‍ ഉന്നയിച്ചു.
യുവത്വത്തെ അവഗണിക്കുന്നതിനെതിരായ വിമര്‍ശമുന്നയിച്ചത് എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവാണ്. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ചെറിയ പ്രായത്തില്‍ കേന്ദ്ര നേതൃത്വത്തില്‍ എത്തിയവരാണ്. ഇന്ന് അത്തരത്തില്‍ യുവത്വത്തിന്‍െറ പ്രതിനിധിയായി ഒരാളെയെങ്കിലും കാണിച്ചുതരാമോ എന്നായിരുന്നു രാജീവിന്‍െറ ചോദ്യം. മുന്‍കാലങ്ങളില്‍ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ എന്നിവയിലൂടെ നിരവധി പേര്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നു. ഇന്ന് അങ്ങനെ സംഭവിക്കുന്നില്ല. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനും പ്രാതിനിധ്യം നല്‍കാനും ശ്രദ്ധിക്കണം. അക്കാര്യത്തില്‍ കേന്ദ്രനേതൃത്വം പൂര്‍ണമായും പരാജയപ്പെട്ടു. കേരളഘടകം നടപ്പാക്കിയ ജൈവപച്ചക്കറി കൃഷി, പാലിയേറ്റിവ് കെയര്‍ പോലുള്ള പരിപാടികള്‍ ഏറ്റെടുക്കുന്നതിലൂടെ പാര്‍ട്ടിയെ കൂടുതല്‍ ജനകീയമാക്കാമെന്നും രാജീവ് പറഞ്ഞു. കേന്ദ്രീകൃത ജനാധിപത്യമാണ് പാര്‍ട്ടിയുടെ സംഘടനാ രീതിയെങ്കിലും ജനാധിപത്യം ഇല്ലാതായി അധികാരത്തിന്‍െറ കേന്ദ്രീകരണം മാത്രമാണ് പാര്‍ട്ടിയില്‍ ഇപ്പോഴുള്ളതെന്നായിരുന്നു ബംഗാളില്‍നിന്നുള്ള യുവനേതാവ് സമിക് ലഹ്റിയുടെ വിമര്‍ശം. ഡല്‍ഹി ആസ്ഥാനമായ എ.കെ.ജി ഭവനില്‍നിന്നും ബംഗാള്‍ ആസ്ഥാനമായ അലിമുദ്ദീന്‍ സ്ട്രീറ്റ് ഓഫിസില്‍നിന്നും തീരുമാനങ്ങളെടുത്ത് അടിച്ചേല്‍പിക്കുകയാണ് ചെയ്യുന്നത്.
പാര്‍ട്ടിയില്‍ നേരാംവിധം കൂടിയാലോചനകള്‍ ഇല്ലാതായെന്നും മുന്‍ എം.പി കൂടിയായ അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച സംഘടനാ പ്രമേയത്തില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയില്‍നിന്ന് കരകയറാന്‍ അഞ്ചിന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. രാജ്യത്ത് നിലനില്‍ക്കുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും ശരിയായി മനസ്സിലാക്കണം. ജനകീയ പ്രതിഷേധങ്ങളും പ്രശ്നങ്ങളും ഏറ്റെടുത്ത് സി.പി.എമ്മിനെ ശക്തിപ്പെടുത്തണം. സി.പി.എമ്മിന്‍െറ ശക്തിയുടെ ബലത്തില്‍ ഇടത് ഐക്യം വിപുലീകരിക്കണം.
ഇതോടൊപ്പം ഇടതു ജനാധിപത്യ കൂട്ടായ്മ രൂപപ്പെടുത്തണം. അങ്ങനെ ജനകീയ ജനാധിപത്യ വിപ്ളവം സാധ്യമാക്കാമെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടിയിലെ തിരുത്തല്‍ നടപടികള്‍ ചര്‍ച്ചചെയ്യുന്ന പ്ളീനം നടപടികള്‍ ഈ മാസം 31 വരെ നീളും. കെ.എന്‍. ബാലഗോപാല്‍, ടി.എന്‍. സീമ, കെ.കെ. രാഗേഷ്, ഡി.വൈ.എഫ്.ഐയെ പ്രതിനിധാനം ചെയ്ത് എം.ബി. രാജേഷ്, എസ്.എഫ്.ഐയെ പ്രതിനിധാനംചെയ്ത് ശിവദാസന്‍ എന്നിവര്‍ കേരളത്തില്‍നിന്ന് പ്ളീനം ചര്‍ച്ചയില്‍ സംസാരിച്ചു.
സംഘടനാ പ്രമേയം അവതരിപ്പിക്കുന്ന ജനറല്‍ സെക്രട്ടറിയുടെ ദൃശ്യം പുറത്തുവിട്ടു
കൊല്‍ക്കത്ത: പാര്‍ട്ടി പ്ളീനത്തില്‍ സംഘടനാ പ്രമേയം അവതരിപ്പിച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിക്കുന്നതിന്‍െറ ഭാഗിക ദൃശ്യം സി.പി.എം പുറത്തുവിട്ടു. പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇതാദ്യമാണ് ഇത്തരമൊരു നടപടി. അടച്ചിട്ട മുറിയില്‍ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് മുന്നിലാണ് യെച്ചൂരി റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. പാര്‍ട്ടി സമ്മേളന വേദിയില്‍ രഹസ്യസ്വഭാവത്തില്‍ നടക്കുന്ന പ്രസംഗത്തിന്‍െറ ദൃശ്യം മുമ്പൊരിക്കലും പുറത്തേക്ക് വന്നിട്ടില്ല. പാര്‍ട്ടിയിലേക്ക് കാറ്റും വെളിച്ചവും കടത്തിവിടാനുള്ള പുതിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പെരിസ്ട്രോയിക്ക, ഗ്ളാസ്നോസ്ത് ലൈനിലുള്ള പരിഷ്കാരമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. മാധ്യമങ്ങള്‍ക്ക് പാര്‍ട്ടി നല്‍കിയ മൂന്നു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇടതുപാര്‍ട്ടികളുടെ തിരിച്ചുവരവിനുള്ള അഞ്ചിന നിര്‍ദേശങ്ങളെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.