നിയമസഭ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്ക് എൽ.ഡി.എഫ്
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിെൻറ വിജയപാതയിലേക്ക് മുന്നണിയെയും പാർട്ടിയെയും എത്തിച്ചതിനുപിന്നാലെ നിയമസഭാതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.പി.എമ്മും എൽ.ഡി.എഫും. സ്വന്തംകോട്ടകൾ കാത്തും യു.ഡി.എഫ് കേന്ദ്രങ്ങളിൽ കടന്നുകയറിയും തദ്ദേശത്തിൽ നേടിയ വിജയത്തിനിടയിലും നേരിട്ട അപ്രതീക്ഷിത തിരിച്ചടികൾ പരിശോധിച്ച് മുന്നണിയെ സജ്ജമാക്കാനൊരുങ്ങുകയാണ് നേതൃത്വം.
തുടർച്ചയായ പരാജയം മൂലമുള്ള ആത്മവിശ്വാസമില്ലായ്മ, എസ്.എൻ.ഡി.പി സഖ്യത്തിലും വർഗീയമുന്നേറ്റത്തിലും രൂപംകൊണ്ടേക്കാമായിരുന്ന ഹിന്ദുവോട്ട് കേന്ദ്രീകരണം എന്നിവയെ ഒരേസമയം മറികടന്നായിരുന്നു വിജയം. ഇത് മുന്നോട്ടുകൊണ്ടുപോകാൻ ആത്മപരിശോധന വേണമെന്നാണ് വിലയിരുത്തൽ. ഇതിനായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും; 10നും 11നും സംസ്ഥാനസമിതിയും. 10ന് സി.പി.ഐ സംസ്ഥാന നിർവാഹക സമിതിയും ചേരുന്നുണ്ട്. അന്നുതന്നെ എൽ.ഡി.എഫ് സംസ്ഥാന സമിതിയും ചേരും. എല്ലാ ജില്ലകളിലും വിശദമായ പരിശോധനക്കാണ് ഒരുങ്ങുന്നത്. കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിലെ പ്രകടനത്തിൽ സി.പി.എം സന്തുഷ്ടരാണ്. എന്നാൽ തിരുവനന്തപുരം, കൊച്ചി കോർപറേഷനുകളിലെ തിരിച്ചടി വിലയിരുത്തലുകളുടെ ദിനങ്ങളാണ് വരുന്നത്. വയനാട്ടിലും കോട്ടയത്തും പരിമിതിക്കുള്ളിൽനിന്നുള്ള മുന്നേറ്റമാണുണ്ടായത്. ഇവിടെയെല്ലാം യു.ഡി.എഫ് വോട്ട് ബി.ജെ.പിക്ക് പോയെന്നും വിലയിരുത്തുന്നു.
എസ്.എൻ.ഡി.പി–ബി.ജെ.പി സഖ്യം തടയുന്നതിൽ കൊല്ലം, ആലപ്പുഴ ജില്ലാനേതൃത്വങ്ങളുടെ പ്രവർത്തനമാണ് ശ്രദ്ധേയമായത്. ആലപ്പുഴയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മറിഞ്ഞ ഈഴവ വോട്ടുകൾ തിരിച്ചുവന്നെന്നാണ് വിലയിരുത്തൽ. എന്നാൽ, അന്ന് ഒപ്പം നിന്ന മുസ്ലിംവോട്ട് എൽ.ഡി.എഫ്, യു.ഡി.എഫ്, പി.ഡി.പി, എസ്.ഡി.പി.ഐ, വെൽഫെയർപാർട്ടികൾക്കായി ഭിന്നിച്ചു. ഈഴവ ശക്തികേന്ദ്രങ്ങളിൽ പുതിയ സഖ്യം ക്ലച്ചുപിടിച്ചില്ല. ജി. സുധാകരെൻറ നേതൃപാടവം തിരിച്ചറിയുന്നുമുണ്ട്.
അവിടെ മുനിസിപ്പാലിറ്റിയിലെ തിരിച്ചടിക്ക് മത്സ്യത്തൊഴിലാളിമേഖലയിൽ നിന്നുള്ള വോട്ടുമറിയൽ കാരണമായി. ഒപ്പം സി.പിഐ പിടിച്ചുവാങ്ങിയ 15 സീറ്റിൽ മൂന്നെണ്ണത്തിലൊഴികെയുള്ള തോൽവിയും. ചേർത്തലയിലെ തിരിച്ചടിക്കും സി.പി.ഐയാണ് കാരണമെന്ന ആക്ഷേപവുമുണ്ട്. സംഘടനാപരമായി കണ്ണൂരിനൊപ്പം നിൽക്കുന്ന കൊല്ലത്ത് എസ്.എൻ.ഡി.പിയെ തടഞ്ഞതും ശക്തി വർധിപ്പിച്ചതും വിഭാഗീയതയുടെ അരക്കില്ലമെന്ന ആക്ഷേപം ഇല്ലാതാക്കാൻ സഹായിച്ചു.
യു.ഡി.എഫ്കോട്ടയായ തൃശൂരിലെ മുന്നേറ്റം ബേബിജോണിന് മികവാണ്. ഇടുക്കിയിൽ ഹൈറേഞ്ച് സംരക്ഷസമിതിയെ കൂട്ടുപിടിച്ച് നടത്തിയ മുന്നേറ്റത്തേക്കാളും എസ്.എൻ.ഡി.പിയെ തടഞ്ഞതാണ് നേട്ടമായത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മുസ്ലിം വോട്ട് ആകർഷിച്ചതിനൊപ്പം ബി.ജെ.പിയെയും തടുത്തു. കോഴിക്കോട് കോർപറേഷനിൽ മാറാട് ഉൾപ്പെടുന്ന മൂന്ന് വാർഡുകൾ ബി.ജെ.പി പിടിച്ചത് തിരിച്ചടിയായപ്പോൾ ഒഞ്ചിയത്ത് വലിയ ഒറ്റക്കക്ഷിയായത് ജില്ലാ സെക്രട്ടറി പി. മോഹനന് നേട്ടമായി. കണ്ണൂരിൽ കോർപറേഷനിലെ കടന്നുകയറ്റത്തിനൊപ്പം പഞ്ചായത്തുകളിലടക്കം ശക്തിപ്രകടമാക്കാനുമായി. കാസർകോട് ജില്ലാപഞ്ചായത്ത് നഷ്ടമായത് യു.ഡി.എഫിന് അനുകൂലമായ വാർഡ്വിഭജനം മൂലമായതിനാൽ തിരിച്ചടിയായി കാണുന്നില്ല.
തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി മുന്നേറ്റം സംസ്ഥാനനേതൃത്വത്തിെൻറ സൂക്ഷ്മപരിശോധനക്ക് ഇടയാക്കും. നായർ, ബ്രാഹ്മണ വോട്ട് കൂടാതെ തമിഴ് സംസാരിക്കുന്നവർ, ചെട്ടി, വിശ്വകർമ സമുദായ വോട്ടുകൾ ബി.ജെ.പിക്ക് മറിഞ്ഞുവെന്നാണ് വിലയിരുത്തൽ. ഒപ്പം കോൺഗ്രസ്വോട്ടും മറിഞ്ഞെന്നാണ് വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.