മന്ത്രി ശിവകുമാറിനെതിരായ പരാമർശം; ഡി.സി.സിയിൽ രൂക്ഷവിമർശം
text_fieldsതിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ യോഗത്തിൽ മന്ത്രി വി.എസ്. ശിവകുമാറിനും തിരുവനന്തപുരം ഡി.സി.സിക്കുമെതിരെ കടുത്തവിമർശം നടത്തിയ സെക്രട്ടറി മണക്കാട് സുരേഷിനെതിരെ ഡി.സി.സി യോഗത്തിൽ രൂക്ഷവിമർശം. പുറത്താക്കൽ ആവശ്യപ്പെട്ട് സുരേഷിനെതിരെ പ്രമേയം പാസാക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഒടുവിൽ യോഗത്തിെൻറ പൊതുവികാരം കെ.പി.സി.സിയെ അറിയിച്ച് നടപടി ആവശ്യപ്പെടാൻ ഐകകണ്ഠ്യേന തീരുമാനിച്ചു.
ഗ്രൂപ് വ്യത്യാസമില്ലാതെ നേതാക്കൾ ഒന്നടങ്കം സുരേഷിനെതിരെ രംഗത്തുവരികയായിരുന്നു. 2010ലെ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയിട്ടും സുരേഷ് മൂന്നാം സ്ഥാനത്തേക്ക് പോയി. അന്നില്ലാത്ത വികാരം അദ്ദേഹം ഇപ്പോൾ പ്രകടിപ്പിക്കുന്നതിന് പിന്നിൽ ദുരുദ്ദേശ്യമുണ്ട്.
മണക്കാട്, കുര്യാത്തി വാർഡുകളിൽ കോൺഗ്രസ് സ്ഥാനാർഥികളെ തോൽപിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്. സ്ഥാനാർഥികളെ നിശ്ചയിച്ച ഏഴംഗ കമ്മിറ്റിയിൽ രണ്ടാൾക്കെതിരെ മാത്രമാണ് ആരോപണം ഉന്നയിച്ചത്. ഇത് മന്ത്രിയെ അടുത്തതവണ പരാജയപ്പെടുത്താനുള്ള അജണ്ടയുടെ ഭാഗമാണ്. ഡി.സി.സിയെ ഒന്നടങ്കമാണ് സുരേഷ് ആക്ഷേപിച്ചത്. കെ.പി.സി.സിയിൽ ആരോപണം ഉന്നയിച്ചശേഷം അത് മാധ്യമ വാർത്തയാക്കുകയും ചെയ്തു.
ഏകപക്ഷീയമായി സ്ഥാനാർഥിനിർണയമെന്ന ആരോപണം തെറ്റാണ്. അഞ്ച് ശതമാനം സീറ്റുകളിൽ മാത്രമാണ് വാർഡ് കമ്മിറ്റികളുടെ നിർദേശം മറികടന്ന് സ്ഥാനാർഥികളെ നിശ്ചയിച്ചത്. തെരഞ്ഞെടുപ്പിലെ തിരിച്ചടി സ്ഥാനാർഥിനിർണയത്തിലെ പാളിച്ച മൂലമാണെന്ന അഭിപ്രായത്തോട് യോജിക്കാനാവില്ലെന്നും നേതാക്കൾ യോഗത്തിൽ വ്യക്തമാക്കി. ബ്ലോക് കമ്മിറ്റികൾ യോഗം ചേർന്ന് ഡി.സി.സിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. അവ ലഭ്യമായശേഷം തെരഞ്ഞെടുപ്പ് ഫലം ചർച്ചചെയ്യാൻ വീണ്ടും യോഗംചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.