ബാർകോഴ: മന്ത്രി ബാബുവിന്‍റെ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങില്ലെന്ന് സൂചന
text_fieldsതിരുവനന്തപുരം: ബാർകോഴയിൽ മന്ത്രി കെ. ബാബുവിനെതിരെ ഉയരുന്ന ആരോപണം സർക്കാറിനും മുന്നണിക്കും തലവേദനയാകുന്നുണ്ടെങ്കിലും തൽക്കാലം രാജിയിലേക്ക് കാര്യങ്ങൾ നീങ്ങില്ലെന്ന് സൂചന. വിഷയത്തിൽ കെ.പി.സി.സി ക്ക് കടുത്ത അമർഷം ഉണ്ടെങ്കിലും കേവലം ആരോപണത്തിെൻറ അടിസ്ഥാനത്തിൽ ബാബുവിനെ രാജിവെപ്പിക്കാനാവില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടാണ് ബാബുവിന് അനുഗ്രഹമായിരിക്കുന്നത്. മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡൻറും മന്ത്രി രമേശ് ചെന്നിത്തലയും തിങ്കളാഴ്ച കെ.പി.സി.സി ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യവും ഇരട്ട നീതിയെന്ന കേരള കോൺഗ്രസ്–മാണിഗ്രൂപ്പിെൻറ പരാതിയും പ്രധാന ചർച്ചാവിഷയമായിരുന്നു.
ബാർകോഴയിൽ മന്ത്രി മാണി രാജിവെച്ചതിനുപിന്നാലെയാണ് ബാബുവിനെതിരായ ആക്ഷേപം ശക്തമായത്. ബിജു രമേശ് നേരത്തേ ഉന്നയിച്ച ആരോപണങ്ങളാണ് ആവർത്തിച്ചതെങ്കിലും മാധ്യമങ്ങൾ ഇതിന് വലിയ പ്രാധാന്യം നൽകിയത് ഭരണപക്ഷത്തെ പ്രതിക്കൂട്ടിലാക്കി. കൂടാതെ, ഇരട്ട നീതിയുമായി ബന്ധപ്പെടുത്തി മാണിഗ്രൂപ്പിൽ നിന്ന് ബാബുവിനെ ഉന്നമിട്ട് ആരോപണം ഉയർന്നതോടെ ഭരണപക്ഷം കൂടുതൽ പ്രതിരോധത്തിലായി. എങ്കിലും ആരോപണത്തിെൻറ പേരിൽ ബാബുവിനെക്കൂടി രാജിവെപ്പിച്ചാൽ മന്ത്രിമാർ കോഴവാങ്ങിയെന്ന ആരോപണത്തിന് കൂടുതൽ ബലം കൈവരുമെന്നും കൂടുതൽപേർക്കെതിരെ ആരോപണം ഉയരാമെന്നും കോൺഗ്രസ് ഭയക്കുന്നു. അതിനാൽ ഇപ്പോഴത്തെ ആരോപണത്തിെൻറ പേരിൽ ബാബു രാജിവെക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിൽ ഉണ്ടായിരിക്കുന്ന പൊതുധാരണ. അതേസമയം, മാണിയുടെ കാര്യത്തിലെന്നപോലെ കോടതിയിൽ നിന്ന് എന്തെങ്കിലും പരാമർശം ബാബുവിനെതിരെ ഉണ്ടായാൽ അപ്പോൾ രാജി ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കാമെന്നാണ് മുഖ്യമന്ത്രിയുടെയും മറ്റും നിലപാട്. കോഴആരോപണങ്ങളിൽ അതൃപ്തിയുണ്ടെങ്കിലും കെ.പി.സി.സി നേതൃത്വവും തൽക്കാലം ഈ നിലപാടിനോട് യോജിച്ചിരിക്കുകയാണ്.
ബാർ കോഴക്കേസിൽ ഇരട്ടനീതിയെന്ന മാണിഗ്രൂപ് ആരോപണം കോൺഗ്രസിന് തലവേദനയുണ്ടാക്കുന്നുണ്ട്. മാണി നേരിട്ട് രംഗത്തുവന്നില്ലെങ്കിലും ജോസ് കെ. മാണി ഉൾപ്പെടെയുള്ള നേതാക്കൾ ഇക്കാര്യം ഉന്നയിച്ച് കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്. ഇത് എങ്ങനെ മറികടക്കണമെന്നറിയാതെ കോൺഗ്രസ് വട്ടംചുറ്റുകയാണ്. രാജിവെക്കേണ്ടിവന്നെങ്കിലും മാണിയെ പൂർണമായി തള്ളാൻ കഴിയില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്. അതിനാൽ മാണിഗ്രൂപ്പുമായുള്ള ബന്ധം കൂടുതൽ ഉലയാതിരിക്കാൻ ആവശ്യമായ ശ്രമങ്ങൾ ഉണ്ടാകണമെന്നാണ് ഇന്നലത്തെ ചർച്ചയിൽ കോൺഗ്രസ്നേതൃത്വത്തിൽ ഉണ്ടായിരിക്കുന്ന ധാരണ. ഇരട്ടനീതി സംബന്ധിച്ച് മാണിഗ്രൂപ് പരസ്യമായി വിമർശം ഉന്നയിച്ചാലും തൽക്കാലം അതിനോട് പ്രതികരിച്ച് ബന്ധം കൂടുതൽ മോശപ്പെടുത്തില്ല.
അതിനിടെ, തദ്ദേശഭരണ തെരഞ്ഞെടുപ്പുഫലം വിലയിരുത്താൻ യു.ഡി.എഫ് യോഗം 25ന് വൈകീട്ട് തലസ്ഥാനത്ത് ചേരുന്നുണ്ട്. ഇതിനുമുമ്പ് പരിഭവങ്ങൾ തീർക്കാൻ കെ.എം. മാണിയെ കോൺഗ്രസ്നേതാക്കൾ നേരിൽകണ്ടേക്കും. ഫലം വിലയിരുത്തലിന് പുറമെ മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ മുന്നണിയിൽ ഉടലെടുത്തിരിക്കുന്ന അസ്വാരസ്യങ്ങൾ പറഞ്ഞുതീർക്കാനുള്ള നടപടികളും യു.ഡി.എഫ് യോഗത്തിൽ ചർച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.