Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightനായകനാര്?...

നായകനാര്? സി.പി.എമ്മില്‍ അടക്കിപ്പിടിച്ച ചര്‍ച്ച

text_fields
bookmark_border
നായകനാര്? സി.പി.എമ്മില്‍ അടക്കിപ്പിടിച്ച ചര്‍ച്ച
cancel

തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണ നേതൃത്വത്തെച്ചൊല്ലി സി.പി.എമ്മില്‍ അടക്കിപ്പിടിച്ച ചര്‍ച്ചക്ക് തിരികൊളുത്തി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന.
നേതാക്കള്‍ക്ക് വിരമിക്കല്‍ പ്രായമില്ളെന്നും ജനങ്ങളുമായി ബന്ധമുള്ള കാലത്തോളം അവര്‍ സ്ഥാനങ്ങളില്‍ തുടരുമെന്നുമാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞദിവസം വ്യക്തമാക്കിയത്. വി.എസ്. അച്യുതാനന്ദന്‍ ഇപ്പോഴും ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്നുവെന്നും പറഞ്ഞ യെച്ചൂരി നിയമസഭാതെരഞ്ഞെടുപ്പിലെ നായകപ്രശ്നം കൂടിയാണ് സജീവമാക്കിയത്.
തദ്ദേശ തെരഞ്ഞെടുപ്പിനിടെ ഘടകകക്ഷി നേതാവ് ഉയര്‍ത്തിയ നായകവിവാദം അവസാനിപ്പിച്ച സി.പി.എം സംസ്ഥാന നേതൃത്വത്തിന് അപ്രതീക്ഷിതമായിരുന്നു ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായപ്രകടനം.
തുടര്‍ച്ചയായ തിരിച്ചടികള്‍ക്കുശേഷമാണ് തദ്ദേശതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനും എല്‍.ഡി.എഫിനും മുന്നേറ്റം ഉണ്ടായത്. ഏറെക്കാലത്തിനുശേഷമാണ് നേതൃത്വംമുതല്‍ അടിത്തട്ടുവരെ ഐക്യത്തോടെ നിന്ന് നേട്ടം കൊയ്തതും. വെള്ളാപ്പള്ളി നടേശനെതിരെ വി.എസ് നടത്തിയ കടന്നാക്രമണം സി.പി.എമ്മിനും എല്‍.ഡി.എഫിനും ഏറെ മുന്‍തൂക്കവും നല്‍കി. പിണറായി വിജയന്‍െറയും കോടിയേരി ബാലകൃഷ്ണന്‍െറയും നേതൃപരമായ പങ്കും വിജയത്തില്‍ പങ്കുവഹിച്ചെന്നും വിലയിരുത്തപ്പെട്ടിരുന്നു.
കൂട്ടുത്തരവാദിത്തത്തില്‍ ഊന്നിയാണ് സി.പി.എം പ്രവര്‍ത്തനം എന്നാണ് നേതൃത്വം എന്നും വിശദീകരിക്കാറുള്ളത്. വ്യക്തിമഹത്വവാദം ഉയര്‍ത്തിയും വിഗ്രഹവത്കരിച്ചും  സി.പി.എമ്മിനെ സംഘടനാപരമായി ദുര്‍ബലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന വിമര്‍ശവും അവര്‍ക്കുണ്ട്.
വി.എസിനെ നന്മയുടെ പ്രതീകമായും സംസ്ഥാനനേതൃത്വത്തെ മറുപക്ഷത്തും നിര്‍ത്തി വിഭാഗീയത ആളിക്കത്തിക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ത്തിയിരുന്നു. തെരഞ്ഞെടുപ്പുകളില്‍ നേതൃത്വം കൂട്ടായാണ് നയിക്കുന്നതെന്ന വാദത്തിനുപിന്നിലും ഈ പ്രചാരണത്തിന്‍െറ മുനയൊടിക്കുക എന്ന ലക്ഷ്യമാണ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ഇ.കെ. നായനാരെ മുഖ്യമന്ത്രിയാക്കിയ ചരിത്രമാണ്  സി.പി.എമ്മിനുള്ളതും.
യെച്ചൂരിയുടെ പ്രസ്താവന അവധാനതയോടെ ആയില്ളെന്ന അഭിപ്രായം നേതാക്കള്‍ക്കുണ്ട്. 92 വയസ്സുകഴിഞ്ഞ വി.എസിന്‍െറ പ്രായാധിക്യത്തെക്കുറിച്ച ആശങ്ക സംസ്ഥാനനേതാക്കള്‍തന്നെ മാധ്യമങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിച്ചപ്പോഴാണ് യെച്ചൂരിയുടെ മറിച്ചുള്ള പ്രസ്താവന. നേതാക്കള്‍ക്ക് വിരമിക്കല്‍പ്രായമില്ളെന്ന വാദം പാര്‍ട്ടി നിലപാടിന് കടകവിരുദ്ധമാണെന്ന അഭിപ്രായവുമുണ്ട്.  80 വയസ്സുകഴിഞ്ഞതിന്‍െറ പേരിലാണ് വി.എസും പാലോളി മുഹമ്മദ്കുട്ടിയും  കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിഞ്ഞത്. വി.എസ് പ്രത്യേക ക്ഷണിതാവ് മാത്രമാണ്. പലയിടത്തും സംസ്ഥാനസമിതിയില്‍നിന്ന് 80 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കിയിട്ടുണ്ട്.
 ജനപ്രതിനിധിയാകുന്നതിന് പ്രായപരിധിയുടെ വിലക്കുകളില്ല. മാസങ്ങള്‍ കഴിഞ്ഞുള്ള തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയസാഹചര്യം മാറിമറിയാം. അതിനാല്‍ രാഷ്ട്രീയതയാറെടുപ്പിനുപകരമുള്ള നായകചര്‍ച്ച അനാവശ്യവിവാദങ്ങളിലേക്ക് നയിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpim
Next Story