തദ്ദേശ തെരഞ്ഞെടുപ്പിൽ ‘വിജയിച്ചത്’ സുധീരൻ
text_fieldsകൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ യഥാർഥത്തിൽ ‘വിജയിച്ചത്’ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. പേമെൻറ് സീറ്റ് വിവാദവും പിൻസീറ്റ് ഭരണവും വിമത ഭീഷണിയുമെല്ലാം മറികടന്നാണ് സുധീരൻ ‘വിജയിച്ചത്’. കെ.പി.സി.സി പ്രസിഡൻറിെൻറ കടുംപിടിത്തം കാരണം ചില നഗരസഭകളെങ്കിലും കൈയിൽനിന്ന് പോകുമെന്നും അങ്ങനെ വന്നാൽ അതിെൻറ പേരിൽ പ്രസിഡൻറിന് എതിരെ പടയൊരുക്കം നടത്താമെന്നും കണക്കുകൂട്ടിയ ഗ്രൂപ് നേതാക്കളും ഇതോടെ നിരാശരായി.
കൊച്ചി മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലാണ് സുധീരെൻറ നിലപാട് കോൺഗ്രസ് നേതാക്കൾക്ക് ആദ്യം ഈരാക്കുടുക്ക് സൃഷ്ടിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുമ്പോഴൊന്നും ചർച്ചയിൽ വരാതിരുന്ന ഒരു പേര് വോട്ടെടുപ്പിന് ശേഷം പെട്ടെന്ന് മേയർ സ്ഥാനത്തേക്ക് ഉയർന്ന് വരുകയായിരുന്നു.
പ്രചാരണ വേളയിൽ മേയർ സ്ഥാനത്തേക്ക് പല പേരുകൾ ഉയർത്തിക്കാട്ടിയ വിവിധ നേതാക്കൾ ഇരുണ്ട് വെളുത്തപ്പോഴേക്ക് ഒരേ പേരിലേക്ക് കേന്ദ്രീകരിച്ചു. പുതുമുഖ കൗൺസിലർക്കായി ഗ്രൂപ് വ്യത്യാസമില്ലാതെ നേതാക്കളെല്ലാം ഒന്നിച്ചതിന് പിന്നാലെ പേമെൻറ് സീറ്റ് വിവാദവും ഉയർന്നുവന്നു. ചില കോൺഗ്രസ് നേതാക്കൾ ഉയർത്തിവിട്ട ഈ വിവാദം മാധ്യമങ്ങളും ഏറ്റുപിടിച്ചതോടെയാണ് കെ.പി.സി.സി പ്രസിഡൻറിൻറ ശ്രദ്ധയിൽ പെട്ടത്. അതോടെ പാർലമെൻററി രംഗത്തോ പാർട്ടി രംഗത്തോ പരിചയമുള്ളവരെ മാത്രം മേയർ, ചെയർമാൻ സ്ഥാനങ്ങളിലേക്ക് പരിഗണിച്ചാൽ മതിയെന്ന മാർഗനിർദേശം കെ.പി.സി.സി പുറപ്പെടുവിച്ചു. എന്നിട്ടും, പുതുമുഖത്തിനായി എം.എൽ.എയും മുതിർന്ന കോൺഗ്രസ് നേതാക്കളുമെല്ലാം ചരടുവലി തുടർന്നു.
അഞ്ചുകൊല്ലമില്ലെങ്കിൽ രണ്ടരക്കൊല്ലമെങ്കിലും മേയറാക്കണമെന്നും അല്ലെങ്കിൽ ഒരുകൊല്ലമെങ്കിലും നൽകണമെന്നുമൊക്കെ ആവശ്യമുയർന്നു. എന്നാൽ, കെ.പി.സി.സി പ്രസിഡൻറ് നിലപാട് കർശനമാക്കിയതോടെ പ്രവർത്തകരുടെ പ്രതീക്ഷകൾക്കനുസരിച്ച് കാര്യങ്ങൾ നടന്നു. കളമശേരി നഗരസഭയിൽ ഒരു കാരണവശാലും കെ.പി.സി.സി മാനദണ്ഡം നടപ്പാക്കില്ലെന്നായിരുന്നു വാശി. ആദ്യമായി കൗൺസിലിലേക്ക് എത്തിയ മുൻ ചെയർമാെൻറ ഭാര്യക്കായി ഐ ഗ്രൂപ് കൗൺസിലർമാർ മാത്രമല്ല, ലീഗ് കൗൺസിലർമാരും കൈകോർത്തു.
ഇവരെ ചെയർപേഴ്സനാക്കിയില്ലെങ്കിൽ ഒന്നടങ്കം രാജിവെക്കുമെന്നും നഗരസഭ യു.ഡി.എഫിന് നഷ്ടപ്പെടുമെന്നൊക്കെ ഭീഷണിയുണ്ടായി. ഡി.സി.സി നേതൃത്വംപോലും കെ.പി.സി.സി പ്രസിഡൻറിെൻറ നിർദേശം നടപ്പാവില്ലെന്ന അഭിപ്രായത്തിലെത്തി. എന്നാൽ, കെ.പി.സി.സി പുറപ്പെടുവിച്ച മാനദണ്ഡം അട്ടിമറിച്ചാൽ ഉത്തരവാദികൾക്ക് പാർട്ടി പുറത്തേക്കുള്ള വഴി തുറക്കുമെന്ന് വന്നതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു. കെ.പി.സി.സി മാനദണ്ഡമനുസരിച്ചുള്ള സ്ഥാനാർഥിക്ക് വോട്ടുചെയ്യണമെന്ന് കൗൺസിലർമാർക്ക് വിപ്പ് നൽകാനും വിപ്പ് നേരിൽ കൈപ്പറ്റാത്തവരുടെ വീട്ട് ചുമരിൽ സാക്ഷികളുടെ സാന്നിധ്യത്തിൽ ഒട്ടിച്ച് അതിെൻറ ചിത്രമെടുത്ത് അയക്കാനും നിർദേശം വന്നതോടെ കൗൺസിലർമാർ അപകടം മണത്തു. അതോടെ, നല്ല കുട്ടികളായി കൗൺസിലിലെത്തി വോട്ടുരേഖപ്പെടുത്തി അനുമോദന യോഗത്തിന് നിൽക്കാതെ മടങ്ങുകയും ചെയ്തു.
മരട് നഗരസഭയിൽ വിമതന് സ്ഥാനം നൽകിയുള്ള ഒത്തുതീർപ്പ് വേണ്ടെന്നും കർശന നിലപാടുണ്ടായി. വിമതെൻറ സഹായത്തോടെ ചെയർമാൻ സ്ഥാനം യു.ഡി.എഫിന് ലഭിച്ചെങ്കിലും വൈസ് ചെയർമാൻ സ്ഥാനം വിമതന് നൽകാനുള്ള നീക്കം അട്ടിമറിക്കപ്പെടുകയും ചെയ്തു.
കെ.പി.സി.സി പ്രസിഡൻറിെൻറ കർശന നിലപാട് തങ്ങളുടെ താൽപര്യങ്ങൾ ഹനിക്കുമെന്നായതോടെ ഇപ്പോൾ ‘അൽപായുസ്സ്’ ഭീഷണിയാണ് ഗ്രൂപ്പുകൾ ഉയർത്തുന്നത്. ആറുമാസ കാലാവധിക്കുശേഷം വിവിധ നഗരസഭകളിൽ അട്ടിമറിയുണ്ടാകുമെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ചില സീറ്റുകൾ നഷ്ടപ്പെടുമെന്നുമൊക്കെയാണ് ഭീഷണി. ഏതായാലും ഇപ്പോൾ വിജയപഥത്തതിൽ വി.എം. സുധീരനാണ്. ഈ വിജയത്തിെൻറ അനന്തരഫലങ്ങൾ കാത്തിരുന്ന് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.