കേരള ബി.ജെ.പിയിൽ നേതൃമാറ്റത്തിന് വഴിയൊരുങ്ങി
text_fieldsന്യൂഡൽഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിെൻറ പേരിൽ കേരളത്തിലെ സംഘടനാ നേതൃമാറ്റം മാറ്റിവെക്കില്ലെന്ന് കേരളത്തിന് വ്യക്തമായ സൂചന നൽകി അസമിലെ പുതിയ സംസ്ഥാന കമ്മിറ്റിയെ ബി.ജെ.പി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. രണ്ട് തവണ സാരഥ്യത്തിലിരുന്നവരെ പാർട്ടി മാറ്റുന്നുണ്ടെന്നും കേരളത്തിനും ഇത് ബാധകമാണെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബി.ജെ.പി മുന്നേറ്റം ലക്ഷ്യമിടുന്ന അസമിൽ കേന്ദ്ര കായിക മന്ത്രി സർവാനന്ദ് സോനെവാളിനെയാണ് പുതിയ പ്രസിഡൻറായി അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷാ നിയമിച്ചത്. ഉപാധ്യക്ഷന്മാരെയും സംസ്ഥാന സമിതി അംഗങ്ങളെയും മാറ്റി.
നിയമസഭാ തെരഞ്ഞെടുപ്പുവരെ കേരളത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്താതിരിക്കാൻ പ്രസിഡൻറ് വി. മുരളീധരെൻറയും സെക്രട്ടറി കെ. സുരേന്ദ്രെൻറയും നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം നടത്തുന്ന നീക്കങ്ങൾക്ക് തിരിച്ചടി നൽകുന്നതാണ് അസമിലെ നേതൃമാറ്റം. കഴിഞ്ഞയാഴ്ച നടന്ന സംസ്ഥാന കമ്മിറ്റിയുടെ ഉന്നത നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ ദേശീയ പ്രതിനിധി മുമ്പാകെ തങ്ങളുടെ ആവശ്യം വെച്ചിരുന്നു. ഇക്കാര്യത്തിലുള്ള നിലപാട് പിന്നീട് അറിയിക്കാമെന്ന് കേരള നേതൃത്വത്തോട് പറഞ്ഞതിന് തൊട്ടുപിറകെയാണ് കേരളം പോലെ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ അസമിൽ പുതിയ സംസ്ഥാന നേതൃത്വത്തെ നിയോഗിച്ചത്.
ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിെൻറ പേരിൽ സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ന്യായം ദുർബലമായി. അസം നേതൃത്വത്തെ പ്രഖ്യാപിക്കാൻ വാർത്താസമ്മേളനം നടത്തിയ പ്രകാശ് ജാവ്ദേകറിനോട് മാധ്യമ പ്രവർത്തകർ കേരളത്തിലെ നേതൃമാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് രണ്ടു ടേം കഴിഞ്ഞവർ മാറാതിരിക്കില്ല എന്ന് വ്യക്തമാക്കിയത്. കേരളത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നുവെന്ന കാരണത്താലാണ് സംഘടനാ തെരഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി നീട്ടിവെച്ചത്. എന്നാൽ, പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിെൻറ പേരിൽ സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാനുള്ള സംസ്ഥാന നേതൃത്വത്തിെൻറ നിലപാടിനോട് കേന്ദ്ര നേതൃത്വത്തിന് യോജിപ്പില്ല എന്നാണ് ജാവ്ദേകറുടെ പ്രതികരണത്തിൽനിന്ന് വ്യക്തമാകുന്നത്.
ബി.ജെ.പിയിലെ സംഘടനാ തെരഞ്ഞെടുപ്പുരീതി അനുസരിച്ച് ആർ.എസ്.എസ് നിർദേശിക്കുന്നവരാണ് നേതൃത്വത്തിലെത്തുക. പി.കെ. കൃഷ്ണദാസിെൻറയും ശോഭാ സുരേന്ദ്രെൻറയും പേരുകൾ കേരളത്തിലെ ആർ.എസ്.എസ് നേതൃത്വം കേന്ദ്രനേതൃത്വത്തിന് കൈമാറിയിട്ടുമുണ്ട്. നായരെന്ന നിലയിൽ കൃഷ്ണദാസിനാണ് പ്രഥമ പരിഗണന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.