സമ്മര്‍ദ തന്ത്രവുമായി അടൂര്‍ പ്രകാശ്; കൂട്ടരാജി ഭീഷണി മുഴക്കി ഐ ഗ്രൂപ്
text_fieldsപത്തനംതിട്ട: കോന്നിയില്‍ സീറ്റ് നേടാന്‍ സമ്മര്‍ദതന്ത്രവുമായി മന്ത്രി അടൂര്‍ പ്രകാശ്. പ്രതിഷേധവുമായി പത്തനംതിട്ടയിലെ ഐ ഗ്രൂപ് നേതാക്കളെ മുഴുവന്‍ രംഗത്തിറക്കി. 11 ഡി.സി.സി സെക്രട്ടറിമാര്‍ വ്യാഴാഴ്ച രാജി ഭീഷണി മുഴക്കി. താഴെ തട്ടിലുള്ളവരെയും രാജി ഭീഷണിയുമായി രംഗത്തിറക്കാന്‍ ശ്രമമുണ്ട്.
കോന്നിയില്‍ അടൂര്‍ പ്രകാശിന് പകരം ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജിന് സീറ്റ് നല്‍കണമെന്നാണ് കെ.പി.സി.സി പ്രസിഡന്‍റ് സുധീരന്‍ ആവശ്യപ്പെടുന്നതെന്നാണ് വിവരം. അതറിഞ്ഞിട്ടും ഡി.സി.സി സെക്രട്ടറിമാര്‍ രാജി ഭീഷണി മുഴക്കുന്നത് ഡി.സി.സി പ്രസിഡന്‍റില്‍ അവിശ്വാസം രേഖപ്പെടുത്തലാണെന്ന് വ്യാഖാനിക്കപ്പെടുന്നുണ്ട്. ആരു രാജിവെച്ചാലും പ്രശ്നമില്ളെന്നും സ്വീകരിക്കുമെന്നും ഡി.സി.സി പ്രസിഡന്‍റ് മോഹന്‍രാജ് ‘മാധ്യമ’ത്തോട് പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് അന്തിമ തീരുമാനം പുറത്തുവരാതെ ഒന്നും പറയാനില്ളെന്ന് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. സീറ്റ് നിഷേധിക്കച്ചാല്‍ തനിക്ക് സ്വന്തമായ തീരുമാനം ഉണ്ടാകും. എല്ലാവരുമായും ആലോചിച്ച് തീരുമാനം എടുക്കും. അത് പാര്‍ട്ടിക്ക് ദോഷകരമാകുമോ ഇല്ലയോ എന്നൊന്നും പറയാനാകില്ല. സ്ക്രീനിങ് കമ്മിറ്റി തീരുമാനം വന്നശേഷം എല്ലാം പറയാമെന്നും അടൂര്‍ പ്രകാശ് ‘മാധ്യമ’ത്തോട് പറഞ്ഞു.
രാജി ഭീഷണിക്ക് പിന്നില്‍ സീറ്റ് ഐ ഗ്രൂപ്പിലെ മറ്റാര്‍ക്കെങ്കിലും ലഭിക്കുന്നതിന് കളമൊരുക്കലാണെന്നും പറയുന്നുണ്ട്. മോഹന്‍ രാജ് എ ഗ്രൂപ്പുകാരനാണ്. എ വിഭാഗത്തിന് മൃഗീയഭൂരിപക്ഷമുള്ള പത്തനംതിട്ടയില്‍ ഐ ഗ്രൂപ്പിനുള്ള ഏക സീറ്റാണ് കോന്നി. അതുകൂടി എ വിഭാഗം തട്ടിയെടുക്കുന്നതിന് തടയിടാനാണ് രാജി ഭീഷണിയെന്നാണ് പറയുന്നത്. സീറ്റ് നിഷേധിക്കപ്പെട്ടാല്‍ സ്വതന്ത്രനാകുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് അടൂര്‍ പ്രകാശിന്‍െറ വിശ്വസ്തര്‍ പറയുന്നു.
റവന്യൂ വകുപ്പില്‍നിന്ന് പുറത്തുവന്ന വിവാദ ഉത്തരവുകളാണ് അടൂര്‍ പ്രകാശിന് വിലങ്ങുതടിയായത്. റവന്യൂ വകുപ്പില്‍നിന്ന് വിവാദ ഉത്തരവുകള്‍ പുറത്തുവരാന്‍ തുടങ്ങിയത് ബിശ്വാസ് മത്തേ വകുപ്പ് സെക്രട്ടറിയായതോടെയാണ്. ഒരു വര്‍ഷം മുമ്പ് മുഖ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്താണ് ബിശ്വാസ് മത്തേയെ റവന്യൂ സെക്രട്ടറിയാക്കിയത്. നടപടിക്രമങ്ങള്‍ പാലിക്കാതെയും കൂടിയാലോചനകളില്ലാതെയും തയാറാക്കുന്ന ഉത്തരവുകളാണ് റവന്യൂ വകുപ്പ് പുറത്തിറക്കിയിരുന്നത്.
നിയമവകുപ്പുമായിപോലും കൂടിയാലോചന നടത്താതെ ഇറക്കിയ ഉത്തരവുകള്‍ മിക്കതും പിന്‍വലിക്കേണ്ടി വന്നിരുന്നു. കോന്നിയില്‍ യു.ഡി.എഫിന്‍െറ ബൂത്തുതല യോഗങ്ങള്‍ നടന്നുവരികയാണ്. എല്ലാ യോഗങ്ങളിലും അടൂര്‍ പ്രകാശ് പങ്കെടുക്കുന്നുണ്ട്. ബൂത്ത് യോഗങ്ങള്‍ പകുതിയോളം ആയപ്പോഴാണ് സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലായ സംഭവവികാസങ്ങള്‍ ഉണ്ടായത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്നോടിയായി കെ.പി.സി.സി ഭാരവാഹികള്‍ മണ്ഡല സന്ദര്‍ശനം നടത്തിയ വേളയില്‍ ഡി.സി.സി ഭാരവാഹികള്‍, മുന്‍ ഡി.സി.സി ഭാരവാഹികള്‍, ബ്ളോക് പ്രസിഡന്‍റുമാര്‍ തുടങ്ങി 30ഓളം പേര്‍ പങ്കെടുത്ത യോഗത്തില്‍ അടൂര്‍ പ്രകാശിന് സീറ്റ് നല്‍കരുതെന്ന് 17 ഡി.സി.സി സെക്രട്ടറിമാര്‍ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.