അഞ്ച് മണ്ഡലത്തില്‍ ബി.ജെ.പിയുടെ ഉറക്കംകെടുത്തി ബി.ഡി.ജെ.എസ്
text_fieldsതിരുവനന്തപുരം: എന്‍.ഡി.എ സഖ്യത്തിലെ മുഖ്യകക്ഷിയായിട്ടും ബി.ഡി.ജെ.എസ് മത്സരിക്കുന്ന അഞ്ച് മണ്ഡലങ്ങള്‍ ബി.ജെ.പിയുടെ ഉറക്കം കെടുത്തുന്നു. കുട്ടനാട്, കായംകുളം, ഏറ്റുമാനൂര്‍, ചേര്‍ത്തല, അരൂര്‍ മണ്ഡലങ്ങളാണിവ. ഭരിക്കാനാണ് മത്സരിക്കുന്നതെന്ന അവകാശവാദത്തിലാണ് ഇത്തവണ ബി.ജെ.പി രംഗത്തുള്ളത്. വെള്ളാപ്പള്ളി നടേശന്‍െറ ബി.ഡി.ജെ.എസുമായി സഖ്യത്തിലേര്‍പ്പെട്ടത് ഈ ലക്ഷ്യത്തോടെയുമായിരുന്നു. അവര്‍ക്ക് 37 സീറ്റും നല്‍കി. ഈഴവ കേന്ദ്രീകരണമുള്ള മണ്ഡലങ്ങളാണ് ബി.ഡി.ജെ.എസിന് നല്‍കിയത്.
പാര്‍ട്ടിക്ക് ശക്തമായ സാന്നിധ്യം ചെലുത്താന്‍ കഴിയുമെന്ന് വിലയിരുത്തുന്നവയാണ് ഈ അഞ്ചും. നിലവില്‍ ഇവയെല്ലാം ഇടതുപക്ഷത്താണ്. കുട്ടനാട് (എന്‍.സി.പി), കായംകുളം, ഏറ്റുമാനൂര്‍, അരൂര്‍ (സി.പി.എം), ചേര്‍ത്തല (സി.പി.ഐ). ഇവിടെ ജയസാധ്യത നിര്‍ണയിക്കുന്നതില്‍ ഈഴവ വോട്ടുകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. നിലവില്‍ സി.പി.എമ്മിന് ലഭിക്കുന്ന ഈ വോട്ടുകളില്‍ ബി.ഡി.ജെ.എസ് സഹായത്തോടെ കടന്നുകയറാനുള്ള നീക്കത്തിലായിരുന്നു ബി.ജെ.പി. എന്നാല്‍, ഈ മണ്ഡലങ്ങള്‍ വേണമെന്ന ബി.ഡി.ജെ.എസിന്‍െറ ആവശ്യത്തിന് ഒടുവില്‍ വഴങ്ങി. ബി.ഡി.ജെ.എസ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവാണ് കുട്ടനാട്ട് മത്സരിക്കുന്നത്.
അതേസമയം, കോണ്‍ഗ്രസില്‍ വി.എം. സുധീരനെയും സി.പി.എമ്മില്‍ വി.എസ്. അച്യുതാനന്ദനെയും അതിനിശിതമായി വെള്ളാപ്പള്ളി എതിര്‍ക്കുമ്പോഴും ഉമ്മന്‍ ചാണ്ടിയോടുള്ള മൃദുസമീപനവും മാണിയോടുള്ള അടുപ്പവും ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നു. ബി.ഡി.ജെ.എസ് രൂപവത്കരണശേഷവും കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയെന്ന വിശേഷണം ഉമ്മന്‍ ചാണ്ടിക്ക് സമ്മാനിച്ചത് ബി.ജെ.പി നേതാക്കളുടെ നെറ്റിചുളുപ്പിച്ചിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വി.എം. സുധീരനും ഹൈകമാന്‍ഡുമായും കോര്‍ത്ത ഉമ്മന്‍ ചാണ്ടിക്ക് അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍ണായകമാണ് തെരഞ്ഞെടുപ്പ്.
ഈ അഞ്ചില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന മൂന്നിടത്തും ഈഴവ സമുദായക്കാരെയാണ് നിര്‍ത്തിയത്.ഇവിടങ്ങളില്‍ നല്ല സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ വിജയിക്കാമെന്ന സൂചന. ഉന്നത ബി.ഡി.ജെ.എസ് നേതാവില്‍നിന്ന് കോണ്‍ഗ്രസിലെയും മാണി വിഭാഗത്തിലെയും ഉന്നതര്‍ക്ക് ലഭിച്ചെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് പിന്നാലെയാണിത്. അരൂരില്‍ എസ്.എന്‍.ഡി.പിയുമായി അടുപ്പമുള്ള സി.ആര്‍. ജയപ്രകാശും ചേര്‍ത്തല എന്‍.എസ്.യു നേതാവ് എസ്. ശരത്തും കായംകുളത്ത് എം. ലിജുവുമാണ് സ്ഥാനാര്‍ഥികള്‍.
മാണിയുടെ കേരള കോണ്‍ഗ്രസാണ് കുട്ടനാട്ടിലും ഏറ്റുമാനൂരിലും മത്സരിക്കുന്നത്. അഞ്ച് മണ്ഡലത്തിലും ബി.ഡി.ജെ.എസ് വോട്ട് യു.ഡി.എഫ് പക്ഷത്തേക്ക് ചരിയുമോയെന്ന ആശങ്ക ബി.ജെ.പി, ആര്‍.എസ്.എസ് നേതൃത്വത്തിനുണ്ട്. വെള്ളാപ്പള്ളിയുടെ പ്രവചനാതീതമായ നിലപാടുകള്‍ മുന്‍നിര്‍ത്തി ഈഴവ വോട്ടുകളുടെ ദിശമാറ്റം സി.പി.എമ്മിനൊപ്പം തങ്ങള്‍ക്കും എതിരാകുമോയെന്ന ഭയത്തിലാണ് ഇവര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.