വിവാദം നുരയുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കുകൂടി ബാര്‍ ലൈസന്‍സ് അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അഞ്ചും ഈ വര്‍ഷം ഒന്നുമാണ് അനുവദിച്ചത്. ഇതോടെ പുതിയ മദ്യനയം പ്രഖ്യാപിച്ച ശേഷം പഞ്ചനക്ഷത്ര പദവി അനുവദിച്ച ബാറുകളുടെ എണ്ണം എട്ടായി. ആകെ നക്ഷത്ര ബാറുകളുടെ എണ്ണം 30 ആയും ഉയര്‍ന്നു. നെടുമ്പാശ്ശേരിയിലെ സാജ് എര്‍ത്ത്സ് റിസോര്‍ട്ടിനാണ് ഒടുവില്‍ ലൈസന്‍സ് കിട്ടിയത്. കോടതി വിധി പ്രകാരമാണ് നടപടിയെന്ന് എക്സൈസ് വിശദീകരിക്കുന്നു. തൃശൂര്‍ ഹോട്ടല്‍ ജോയ്സ് പാലസ്, വൈത്തിരി വില്ളേജ് റിസോര്‍ട്ട്, മരട് ക്രൗണ്‍ പ്ളാസ, ആലുവ ഹോട്ടല്‍ ഡയാന ഹൈറ്റ്സ്, ഹോട്ടല്‍ റമദ ആലപ്പി എന്നിവക്കാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പഞ്ചനക്ഷത്ര പദവി ലഭിച്ചതിനെ തുടര്‍ന്ന് ബാര്‍ ലൈസന്‍സ് കിട്ടിയത്. അതിനു മുമ്പ് സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ച ശേഷം തിരുവനന്തപുരം കഠിനംകുളം ലേക്ക് പാലസിനും ചേര്‍ത്തലയിലെ സരോവര്‍ റിസോര്‍ട്ടിനും ലൈസന്‍സ് കിട്ടിയിരുന്നു.
പുതിയ ബാര്‍ അനുവദിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ മദ്യനയത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും രംഗത്തു വന്നു. പുതിയ ബാര്‍ അനുവദിച്ചത് പരിശോധിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും വ്യക്തമാക്കി. ലൈസന്‍സ് നല്‍കിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ന്യായീകരിച്ചു.
സ്വാഭാവിക നടപടി മാത്രമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കു ലൈസന്‍സ് നല്‍കുന്നത് മദ്യനയത്തിന്‍െറ ഭാഗമായാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ മദ്യനയത്തിന്‍െറ ഭാഗമായി ഫോര്‍ സ്റ്റാറും അതിന് താഴെയും പദവിയുള്ള 730ഓളം ബാറുകള്‍ പൂട്ടിയിരുന്നു. പഞ്ചനക്ഷത്ര പദവിക്ക് മാത്രമേ ബാര്‍ അനുവദിക്കൂവെന്ന നയത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു അടച്ചുപൂട്ടല്‍. നിലവില്‍ പത്തോളം ബാറുകള്‍ പഞ്ചനക്ഷത്ര പദവി നേടാനുള്ള ശ്രമത്തിലാണ്. അപേക്ഷ നല്‍കിയതായാണ് സൂചന. ചില ഹോട്ടലുകള്‍ ത്രീ സ്റ്റാറില്‍നിന്ന് ഫൈവ് സ്റ്റാറിലേക്ക് അപ്ഗ്രേഡ് ചെയ്തു.
സുപ്രീംകോടതി വരെ പോയാണ് ചില സ്ഥാപനങ്ങള്‍ ലൈസന്‍സ് നേടിയത്. പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍, വൈന്‍ പാര്‍ലറുകള്‍ നടത്താന്‍ സര്‍ക്കാര്‍ ലൈസന്‍സ് നല്‍കിയിരുന്നു. ഇവ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതടക്കം 806 ബിയര്‍-വൈന്‍ പാര്‍ലറുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. 33 ക്ളബുകള്‍ക്ക് ബാര്‍ ലൈസന്‍സുണ്ട്. ബിവറേജസ് കോര്‍പറേഷന്‍െറ 270 കടകളും കണ്‍സ്യൂമര്‍ഫെഡിന്‍െറ 36ഉം അടക്കം 306 വിദേശമദ്യക്കടകളും പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.