ബാര്‍ വിഷയം വീണ്ടും സജീവമാകുന്നു
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായിരിക്കെ ബാര്‍ വിഷയം വീണ്ടും സജീവമാകുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചശേഷം സംസ്ഥാനത്ത് എട്ട് പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച നടപടിയാണ് വിവാദമാകുന്നത്. പ്രഖ്യാപിത നയത്തില്‍ ഒതുങ്ങിനിന്നാണ് ബാറുകള്‍ക്ക് പുതുതായി അനുമതി നല്‍കിയതെന്ന് സര്‍ക്കാര്‍ വാദിക്കുന്നുണ്ടെങ്കിലും നയത്തിലെ പൊള്ളത്തരം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പ്രചാരണം. തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കെ പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടാന്‍ ആഗ്രഹിച്ച വിഷയം ബൂമറാങ്ങായി മാറുന്നതിലെ അസ്വസ്ഥത യു.ഡി.എഫില്‍ ഉണ്ട്. ബാര്‍ വിഷയത്തില്‍ കെ.പി.സി.സി പ്രസിഡന്‍റിന്‍െറയും മന്ത്രി രമേശ് ചെന്നിത്തലയുടെയും ഇന്നലത്തെ പ്രതികരണങ്ങളില്‍ ഇക്കാര്യം വ്യക്തമാണ്. അതിനാല്‍ത്തന്നെ പ്രകടനപത്രികക്ക് അംഗീകാരം നല്‍കാനും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താനും ബുധനാഴ്ച ചേരുന്ന മുന്നണിയോഗത്തില്‍ ബാര്‍വിഷയം പ്രധാന ചര്‍ച്ചയാകും. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും ഇനിമുതല്‍ ബാര്‍ലൈസന്‍സ് നല്‍കില്ളെന്ന നിര്‍ദേശം കൂടി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും യോഗത്തില്‍ ഉയരാനിടയുണ്ട്.
മാസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ യു.ഡി.എഫും സര്‍ക്കാറും അംഗീകരിച്ച മദ്യനയപ്രകാരം പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കുന്നതിന് തടസ്സമില്ല. ഇതിന്‍െറ അടിസ്ഥാനത്തിലാണ് നയരൂപവത്കരണത്തിനുശേഷം ഇതേവരെ എട്ട് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയത്. ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളുടെ സമ്മതപത്രം ലഭിച്ചശേഷമാണ് അനുമതി നല്‍കിയതും. പഞ്ചനക്ഷത്ര പദവി ലഭിച്ചിട്ടും ബാര്‍ലൈസന്‍സ് നിഷേധിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം കോടതി ഇടപെടലില്‍ പരാജയപ്പെടുകയായിരുന്നു. മൂന്നു ബാറുകളാണ് ഇപ്രകാരം സര്‍ക്കാറിന്‍െറ മെല്ലപ്പോക്കിനെ കോടതിയില്‍ ചോദ്യംചെയ്ത് ലൈസന്‍സ് നേടിയത്. ലൈസന്‍സ് നല്‍കിയതിനെ ന്യായീകരിക്കാന്‍ സര്‍ക്കാറിന് ഇപ്രകാരം ഒട്ടേറെ വാദങ്ങള്‍ നിരത്താന്‍ സാധിക്കും.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ മദ്യനയം പ്രധാന പ്രചാരണായുധമായിരിക്കെ അതുണ്ടാക്കിയ എല്ലാ നേട്ടങ്ങളും നിഷ്പ്രഭമാക്കുന്നതാണ് ഇപ്പോഴത്തെ വിവാദമെന്ന ആശങ്കയാണ് സുധീരനും ഇക്കാര്യത്തില്‍ അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ക്കുമുള്ളത്. ബാറുകള്‍ക്ക് പുതിയതായി ലൈസന്‍സ് നല്‍കിയത് പ്രതിപക്ഷം മുതലെടുക്കുമെന്നാണ് ഇവരുടെ നിലപാട്.
മൂന്ന്, നാല് നക്ഷത്ര പദവിയിലുള്ള കൂടുതല്‍ ഹോട്ടലുകള്‍ പഞ്ചനക്ഷത്ര പദവി കരസ്ഥമാക്കി ബാര്‍ ലൈസന്‍സ് സ്വന്തമാക്കാന്‍ നീക്കം തുടങ്ങിയിട്ടുമുണ്ട്. ഇതോടെ മദ്യനയത്തില്‍ വെള്ളം ചേര്‍ത്തെന്ന പ്രചാരണമാണ് പൊതുവെ ഉണ്ടായിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.