സര്‍ക്കാര്‍ വിരുദ്ധ സമരവുമായി ഇരുവിഭാഗം സുന്നികളും; ലീഗിനും മുന്നണിക്കും തലവേദന
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇരുവിഭാഗം സുന്നികളും സമരവുമായി രംഗത്തിറങ്ങിയത് മുസ്ലിം ലീഗിനും യു.ഡി.എഫിനും തലവേദനയായി. വഖഫ് ബോര്‍ഡ് പക്ഷപാത നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ചാണ് സുന്നി കാന്തപുരം വിഭാഗം പ്രക്ഷോഭത്തിനിറങ്ങിയതെങ്കില്‍ വഖഫ് മന്ത്രിയുടെ ഓഫിസ് നീതിനിഷേധിക്കുന്നു എന്നാരോപിച്ചാണ് ഇ.കെ വിഭാഗം സമസ്തയും പോഷക സംഘടനകളും റോഡിലിറങ്ങിയത്. കേസുകളില്‍ വഖഫ് ബോര്‍ഡ് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്നാണ് കാന്തപുരം വിഭാഗത്തിന്‍െറ ആക്ഷേപം. വഖഫ് തര്‍ക്കങ്ങളില്‍ വഖഫ് നിയമം പാലിക്കാതെ തീര്‍പ്പുകളുണ്ടാവുന്നു.
തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മഹല്ലുകളില്‍ പോലും ഇ.കെ വിഭാഗത്തിന്‍െറ താല്‍പര്യങ്ങള്‍ക്കു വഴങ്ങി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും റസീവറെ നിയമിച്ച് കൃത്രിമ വോട്ടര്‍പട്ടികയിലൂടെ മഹല്ല് ഭരണം പിടിക്കാന്‍ ഒത്താശചെയ്യുകയുമാണ് ബോര്‍ഡ് ചെയ്യുന്നതെന്നാണ് ആക്ഷേപം. എന്നാല്‍, ഉദ്യോഗസ്ഥ പക്ഷപാതിത്വവും രാഷ്ട്രീയ ഇടപെടലും കാരണം മഹല്ലുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനമെടുക്കാതെ അനിശ്ചിതമായി നീട്ടുന്നു എന്നാണ് ഇ.കെ വിഭാഗത്തിന്‍െറ ആരോപണം. വഖഫ് ബോര്‍ഡ് നിര്‍ദേശപ്രകാരം തെരഞ്ഞെടുപ്പ് നടത്തി മഹല്ലുകളിലെ ഭൂരിപക്ഷം ഉറപ്പായിട്ടും നിയമപരമായി ലഭിക്കേണ്ട നീതി വഖഫ് മന്ത്രിയുടെ ഓഫിസ് ബോധപൂര്‍വം വൈകിക്കുകയാണ്. പള്ളിക്കല്‍ ബസാര്‍ മഹല്ലില്‍ കോടതിവിധി നിലവിലുണ്ടായിട്ടും പള്ളി കൈമാറാന്‍ ഉദ്യോഗസ്ഥര്‍ തയാറാവുന്നില്ല.
പല സ്ഥലങ്ങളിലും കള്ളക്കേസ് എടുക്കുന്നതായും സംഘടന ആരോപിക്കുന്നു. ഉദ്യോഗസ്ഥ പക്ഷപാതിത്വത്തിനും രാഷ്ട്രീയ ഇടപെടലിനുമെതിരെ മലപ്പുറം കലക്ടറേറ്റിലേക്കാണ് സമസ്തയും പോഷക സംഘടനകളും കഴിഞ്ഞദിവസം മാര്‍ച്ച് നടത്തിയത്. വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നാണ് മുന്നറിയിപ്പ്. കാന്തപുരം വിഭാഗത്തിന്‍െറ പ്രക്ഷോഭം വഖഫ് ബോര്‍ഡിന് എതിരെയാണെങ്കില്‍ ഇ.കെ സമസ്തയുടെത് വഖഫ് വകുപ്പിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെയാണ്. കാന്തപുരത്തെ തൃപ്തിപ്പെടുത്താന്‍ വകുപ്പുമന്ത്രി നടത്തുന്ന അഭ്യാസങ്ങളാണ് ഇതിന് പിന്നിലെന്നാണ് സമസ്ത നേതാക്കള്‍ ആരോപിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് കാന്തപുരത്തെ പിണക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാവാം. അതിന് മുസ്ലിം ലീഗിനെയും മുന്നണിയെയും കരുവാക്കേണ്ടതില്ളെന്നാണ് നേതാക്കളുടെ പക്ഷം.
യു.ഡി.എഫ് ഭരണത്തില്‍ കാന്തപുരം വിഭാഗത്തിന് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞവര്‍ഷങ്ങളില്‍ സമസ്തയും പോഷക സംഘടനകളും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ശഅ്റെ മുബാറക് പള്ളിനിര്‍മാണത്തില്‍ പണപ്പിരിവോ ആത്മീയ ചൂഷണമോ നടക്കുന്നില്ളെന്നു കാണിച്ച് സര്‍ക്കാര്‍ ഹൈകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതും കാരന്തൂര്‍ മര്‍കസിനു കീഴില്‍ കൈതപ്പൊയിലില്‍ സ്ഥാപിക്കുന്ന നോളജ് സിറ്റിക്ക് വഴിവിട്ട് സഹായം നല്‍കിയതും വഖഫ് കേസുകളില്‍ പൊലീസ് പക്ഷപാത നിലപാട് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രക്ഷോഭങ്ങള്‍.
മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ട് സമസ്ത നേതൃത്വത്തെ അനുനയിപ്പിക്കുകയായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍നിന്ന് സംഘടനയുടെ കീഴിലുള്ള അനാഥശാലകളിലേക്ക് വിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികളെ കൊണ്ടുവന്നത് കുട്ടിക്കടത്തായി ചിത്രീകരിച്ച് സാമൂഹികനീതി വകുപ്പിന്‍െറ നിര്‍ദേശപ്രകാരം അനാഥാലയ മാനേജ്മെന്‍റുകള്‍ക്കെതിരെ കേസെടുത്ത് കുടുക്കിലാക്കിയതും ജീവനക്കാരെ ജയിലിലടച്ചതും വിദ്യാര്‍ഥികളെ തിരിച്ചയച്ചതും സമസ്തയെ ചൊടിപ്പിച്ചിരുന്നു. ഇതിനെല്ലാം പുറമെയാണ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കൈകാര്യംചെയ്യുന്ന വഖഫ് വകുപ്പിനെതിരെ പ്രക്ഷോഭവുമായി സമസ്ത ഇറങ്ങിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.