എം.എസ്.എഫിന് പുതുരക്ത നിര; നേതൃത്വം കൂട്ടത്തോടെ പിരിഞ്ഞു
text_fieldsകണ്ണൂര്‍: വിവാഹപ്രായ തര്‍ക്കം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പണ്ഡിതന്മാരെ ധിക്കരിക്കുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ച് സമസ്ത യുവജനവിഭാഗം മുസ്ലിം ലീഗിന് പരാതിക്കത്ത് നല്‍കിയതിലെ എല്ലാവരും മാറി നേതൃത്വത്തില്‍ ് പുതുരക്തത്തെ പ്രതിഷ്ഠിച്ച എം.എസ്.എഫ് സംസ്ഥാനസമ്മേളനം ശ്രദ്ധേയമായി. എസ്.വൈ.എസ് സംസ്ഥാനനേതൃത്വം അനഭിമതനായി കണ്ട ് സംസ്ഥാന പ്രസിഡന്‍റ് അഷ്റഫലിയും മറ്റും പ്രായപരിധിയുടെ പേരില്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ തുടരാന്‍പറ്റുന്ന മറ്റ് ചിലരും സ്ഥാനമൊഴിഞ്ഞു. അതേ സമയം സമസ്ത യുവജനവിഭാഗത്തിന് താക്കീതെന്നോണമാണ് പുരോഗമനവാദിയായ കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മിസ്ഹബ് കീഴയരിയൂരിനെ പുതിയ സംസ്ഥാന പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. എല്ലാവരും പുതുമുഖങ്ങളാവണമെന്ന വാശിയോടെ പാനല്‍ തയാറാക്കിയപ്പോള്‍ മലപ്പുറം ജില്ലയുടെ പ്രാതിനിധ്യം പേരിലൊതുങ്ങിയതായി പരിഭവമുയര്‍ന്നു. അഞ്ചു ജില്ലാ പ്രസിഡന്‍റുമാര്‍ സംസ്ഥാന സാരഥികളുമായി.
വിവാഹപ്രായ വിഷയത്തില്‍ ഇസ്ലാമിക ശരീഅത്തിനെ വിമര്‍ശിക്കുന്ന നിലപാടെടുത്തു എന്നാരോപിച്ച് സംസ്ഥാന പ്രസിഡന്‍റ് അഷ്റഫലിക്കെതിരെ സമസ്ത മുസ്ലിം ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി ഉള്‍പ്പെടെയുള്ള നേതാക്കളും അഷ്റഫലിയും തമ്മില്‍ ഇതേച്ചൊല്ലി സാമൂഹിക മാധ്യമങ്ങളിലൂടെ ഒളിയമ്പുകളെയ്യുകയും ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലാപഞ്ചായത്തിലേക്ക് മത്സരിച്ച അഷ്റഫലിക്കെതിരെ സമസ്ത രംഗത്തുവന്നിരുന്നു. എം.എസ്.എഫില്‍നിന്ന് പിരിയുന്നതിനുമുമ്പ് അഷ്റഫലിക്കെതിനെ നടപടി വേണമെന്നായിരുന്നു സമസ്ത ഗ്രൂപ്പിന്‍െറ നിലപാട്. പക്ഷേ, അതിന് അവസരം കൊടുക്കാതെയാണ് കണ്ണൂര്‍ സമ്മേളനത്തില്‍ അഷ്റഫലി പിരിഞ്ഞത്. ഇനി യൂത്ത് ലീഗില്‍ നമുക്കുകാണാം എന്ന് താക്കീതുനല്‍കുന്ന ചില സമാപനപ്രസംഗങ്ങളും സമ്മേളനത്തിലുണ്ടായി. എം.എസ്.എഫ് നേതൃസ്ഥാനത്തുനിന്ന് പിരിയുന്നവര്‍ യൂത്ത് ലീഗില്‍ പദവി നേടുക എന്നതാണ് പൊതു കീഴ്വഴക്കം. അഷ്റഫലിയെ അങ്ങനെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഒരു വിഭാഗവും ചെറുക്കാന്‍ സമസ്ത ഗ്രൂപ്പും ഇനി സജീവമാകും. അടുത്ത സെപ്റ്റംബറോടെ യൂത്ത് ലീഗിന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കാനുണ്ട്.
സമസ്തയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പ്രത്യേക മാര്‍ഗനിര്‍ദേശത്തോടെയാണ് റിട്ടേണിങ് ഓഫിസര്‍ പി.കെ.കെ. ബാവ ഇന്നലെ പുതിയ ഭാരവാഹികളുടെ പാനല്‍ തയാറാക്കിയത്. ജില്ലാ പ്രസിഡന്‍റ്, സെക്രട്ടറിമാരോടും സംസ്ഥാന കൗണ്‍സിലിലെ പലരോടും യോഗത്തിനുമുമ്പേ കൂടിയാലോചിച്ചായിരുന്നു പാനല്‍. എന്നാല്‍, തെരഞ്ഞെടുപ്പ് വേണമെന്ന് ചിലര്‍ വാദിച്ചുവെങ്കിലും പാനലിന് അനുമതിനല്‍കുകയായിരുന്നു. നിലവിലെ പ്രസിഡന്‍റിന്‍െറ ഫേസ്ബുക് പോസ്റ്റിനെതിരെയും മറ്റും രൂക്ഷമായ വിമര്‍ശമാണ് കൗണ്‍സിലില്‍ ഉയര്‍ന്നത്. സമസ്തഗ്രൂപ്പിനെ അനുകൂലിക്കുന്നവരുടെ അമര്‍ഷം ഈ വിമര്‍ശത്തിലൊതുങ്ങി.
സാധാരണഗതിയില്‍ പ്രായപരിധി കഴിയാത്ത സഹ ഭാരവാഹികളില്‍ ചിലരെ പ്രധാന ഭാരവാഹിത്വം ഏല്‍പിക്കുക എന്നരീതിയും പാലിച്ചില്ല. നിലവിലെ ഭാരവാഹികളായ പ്രായപരിധി കഴിയാത്ത നാലുപേരും പുതിയ കമ്മിറ്റിയില്‍ തുടരാന്‍ വിസമ്മതിച്ചതോടെ മുഴുവന്‍ ഭാരവാഹികളും പുതുമുഖങ്ങളാവുകയായിരുന്നു. എം.എസ്.എഫിന്‍െറ ചരിത്രത്തില്‍ ഇത് അപൂര്‍വാനുഭവമാണ്.
പുതിയ പ്രസിഡന്‍റ് മിസ്ഹബ് (കോഴിക്കോട്), ജനറല്‍ സെക്രട്ടറി എം.പി. നവാസ് (വയനാട്), വൈസ് പ്രസിഡന്‍റ് ഷബീര്‍ ഷാജഹാന്‍ (കോട്ടയം), ജോയന്‍റ് സെക്രട്ടറി സല്‍മാന്‍ ഹനീഫ് (ഇടുക്കി), മുഹമ്മദ് അസ്ഹറുദ്ദീന്‍ (തൃശൂര്‍) എന്നിവര്‍ അതത് ജില്ലകളിലെ ജില്ലാ പ്രസിഡന്‍റുമാരായതിനാല്‍ അഞ്ചു ജില്ലകളിലും ഇനി പുതിയ പ്രസിഡന്‍റുമാരെ തെരഞ്ഞെടുക്കേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.