Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഗുജറാത്ത്:...

ഗുജറാത്ത്: രാജിക്കത്തില്‍ തുടര്‍നടപടിയായില്ല

text_fields
bookmark_border
ഗുജറാത്ത്: രാജിക്കത്തില്‍ തുടര്‍നടപടിയായില്ല
cancel
ന്യൂഡല്‍ഹി: ഗുജറാത്തില്‍ ദലിത്, പട്ടേല്‍ സമരങ്ങള്‍ നേരിടുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ആനന്ദിബെന്‍ പട്ടേലിന്‍െറ പിന്‍ഗാമിയുടെ കാര്യത്തില്‍ ചൊവ്വാഴ്ച ബി.ജെ.പി തീരുമാനമെടുത്തില്ല. ചരക്കുസേവന നികുതി ബില്ലുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ ബി.ജെ.പി പാര്‍ലമെന്‍റ് ബോര്‍ഡ് യോഗം നീണ്ടുപോയതു മൂലമാണ് ചൊവ്വാഴ്ച ആനന്ദിബെന്നിന്‍െറ പിന്‍ഗാമിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനാവാതെ പോയത്.
നിലവിലുള്ള മന്ത്രിസഭയിലെ ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍, സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ വിജയ് രൂപാനി എന്നിവരുടെ പേരുകളാണ് പ്രധാനമായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേള്‍ക്കുന്നത്. എന്നാല്‍, കേന്ദ്രമന്ത്രി പുരുഷോത്തം റുപാല, സ്പീക്കര്‍ ഗണപത് വാസവ എന്നിവരുടെ പേരുകളും ഒരു വിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്‍െറ ആവശ്യം.
പ്രധാനമന്ത്രിയുടെ തട്ടകം എന്നനിലയില്‍ ഗുജറാത്ത് അഭിമാനപ്രശ്നമായെടുത്തിരിക്കുകയാണ് ബി.ജെ.പി. കഴിഞ്ഞ വര്‍ഷം നടന്ന പാട്ടിദാര്‍ സമരത്തോടെയാണ് ഗുജറാത്തില്‍ കാര്യങ്ങള്‍ ബി.ജെ.പിയുടെ കൈയില്‍നിന്ന് വഴുതിയത്. സംവരണത്തിനായി തെരുവിലിറങ്ങിയ പാട്ടിദാര്‍മാരുടെ സമരത്തില്‍ ഗുജറാത്ത് സംഘര്‍ഷഭരിതമായി. വ്യാപകമായി അരങ്ങേറിയ അക്രമങ്ങളുടെ പേരില്‍ 438 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. പാട്ടിദാര്‍ അനാമത്ത് ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ്ചെയ്ത് ജയിലിലടക്കേണ്ടിവന്നു. ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയ ഹാര്‍ദിക് പട്ടേല്‍ ഗുജറാത്തില്‍ പ്രവേശിക്കുന്നതിന് വിലക്കുള്ളതുകാരണം രാജസ്ഥാനിലെ ഉദയ്പൂരില്‍ കഴിയുകയാണ്.
എന്നാല്‍, അവിടെനിന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളുമായി ചേര്‍ന്ന് അടുത്ത തെരഞ്ഞെടുപ്പിലേക്കുള്ള തന്ത്രം രൂപപ്പെടുത്തിത്തുടങ്ങിയത് ബി.ജെ.പിയെ അങ്കലാപ്പിലാക്കി. ഹാര്‍ദിക് പട്ടേല്‍-അരവിന്ദ് കെജ്രിവാള്‍ സഖ്യത്തെ നേരിടാന്‍ പാട്ടിദാര്‍ സമുദായത്തിനെതിരെ സംഘര്‍ഷകാലത്ത് എടുത്ത 90 ശതമാനം കേസുകളും പിന്‍വലിക്കാന്‍ രാജിവെക്കുന്നതിനു തലേന്നാണ് ആനന്ദിബെന്‍ ഉത്തരവിട്ടത്. ഇതിനായി മാത്രം ഞായറാഴ്ച ഗാന്ധിനഗറില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു.
ബി.ജെ.പിയുടെ ഉറച്ച വോട്ടുബാങ്കായ പാട്ടിദാറുകളെ കൂടെനിര്‍ത്താന്‍ പാടുപെടുന്നതിനിടയിലാണ് 2002ലെ ഗുജറാത്ത് കലാപത്തോടെ സ്വന്തം വോട്ടുബാങ്കാക്കി മാറ്റിയ ദലിതുകള്‍ ബി.ജെ.പിക്കെതിരെ തിരിഞ്ഞത്.
കലാപത്തിനുശേഷം ഗുജറാത്തില്‍ സംഭവിച്ചതുപോലെ ദലിത് സ്വത്വത്തെ ഹിന്ദുത്വത്തിന് കീഴില്‍ കൊണ്ടുവന്ന പരീക്ഷണം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ മുന്നില്‍ നിര്‍ത്തി ബി.ജെ.പി ദേശവ്യാപകമായി വിജയകരമായി പയറ്റിയതായിരുന്നു. ദലിത് സ്വത്വവാദവുമായി നടന്ന ഉദിത് രാജ്, രാംദാസ് അത്താവ്ലെ തുടങ്ങിയ നേതാക്കളെ ഹിന്ദുത്വത്തിലേക്ക് സ്വാംശീകരിക്കുകയും ചെയ്തു.
ആ തന്ത്രം ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ മുന്നോടിയായി ബി.ജെ.പി നടത്തുന്നതിനിടയിലാണ് ഉനയിലെ ദലിത് പീഡനത്തെ തുടര്‍ന്ന് ഗുജറാത്തില്‍ ദലിത് പ്രക്ഷോഭം പടര്‍ന്നുപിടിച്ചത്.
കഴിഞ്ഞ മാസം ഉനയില്‍ നടന്ന ദലിത് പീഡനമാണ് അതിന് വഴിവെച്ചത്. ചത്ത പശുക്കളുടെ തോലുരിഞ്ഞ ദലിത് യുവാക്കളെയാണ് ഗോരക്ഷാ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് മൃഗീയ ഭൂരിപക്ഷം നല്‍കിയ ദലിതുകള്‍ ഉനയിലെ ദലിത് പീഡനത്തോടെ പാര്‍ട്ടിക്കെതിരെ തിരിഞ്ഞു.
ഗുജറാത്തില്‍ ആനന്ദിബെന്‍ സര്‍ക്കാറിനെതിരെ രോഷം അണപൊട്ടിയത് വരാനിരിക്കുന്ന പഞ്ചാബ്, ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രതിപക്ഷം ആയുധമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോട് ചേര്‍ന്നുനിന്ന സ്വന്തം വോട്ടുബാങ്ക് തിരിച്ചുപിടിക്കാന്‍ എല്ലാ അടവും പയറ്റുന്ന ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി ഉന സംഭവം ഏറ്റുപിടിച്ചു. ഒരു ദിവസം പൂര്‍ണമായും രാജ്യസഭ സ്തംഭിപ്പിച്ച മായാവതി ആനന്ദിബെന്നിന്‍െറ രാജിക്കു പിറകെ ഉനയിലേക്ക് പോകുകയാണ്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarathanandiben patel
Next Story