സി.പി.എം വിപുലീകൃത സംസ്ഥാന സമിതി സെപ്റ്റംബറില്‍
text_fieldsതിരുവനന്തപുരം: സംഘടന ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കൊല്‍ക്കത്ത പ്ളീനം തീരുമാനമനുസരിച്ച് കേരളത്തില്‍ വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചു. സെപ്റ്റംബര്‍ അവസാനത്തോടെ ചേരാനാണ് തീരുമാനം. പാര്‍ട്ടി സംഘടനാ വിഷയങ്ങളില്‍ കൊല്‍ക്കത്ത പ്ളീനം കൈക്കൊണ്ട തീരുമാനങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേരളത്തിലും പ്ളീനമോ വിപുലീകൃത സംസ്ഥാന സമിതിയോ വിളിക്കേണ്ടതായിരുന്നു.
എന്നാല്‍, കേരളമടക്കം ചില സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരുന്ന സാഹചര്യത്തില്‍ നേതൃത്വത്തിന് അതിന് സാവകാശമുണ്ടായില്ല. കഴിഞ്ഞദിവസം ചേര്‍ന്ന പി.ബിയാണ് കൊല്‍ക്കത്ത പ്ളീനം തീരുമാനം നടപ്പാക്കുന്നത് ചര്‍ച്ചചെയ്യാന്‍ കേരളത്തില്‍ വിപുലീകൃത സംസ്ഥാന സമിതി ചേരാന്‍ നിര്‍ദേശിച്ചത്.
സംസ്ഥാന സമിതിയംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുമാണ് യോഗത്തില്‍ പങ്കെടുക്കുക. പങ്കെടുക്കേണ്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ സംസ്ഥാന സമിതിയാവും തീരുമാനിക്കുക. ഇനി പി.ബി തയാറാക്കുന്ന കരടുരേഖ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ചചെയ്ത് അംഗീകാരം നേടിയ ശേഷമാവും സംസ്ഥാന സെക്രട്ടേറിയറ്റിലും സമിതിയിലും ചര്‍ച്ചക്ക് അവതരിപ്പിക്കുക. സംസ്ഥാന സമിതിയുടെ നിര്‍ദേശങ്ങള്‍ അടങ്ങിയ കരടു രേഖ കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിക്കേണ്ടതുണ്ട്.
‘ദേശാഭിമാനി’ ചീഫ് എഡിറ്ററായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദനെ നിയമിക്കാന്‍ തീരുമാനിച്ചു. നിലവിലെ ചീഫ് എഡിറ്റര്‍ വി.വി. ദക്ഷിണാമൂര്‍ത്തി അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.