മാണി പുറത്തേക്ക്
text_fieldsചരല്‍ക്കുന്ന് (പത്തനംതിട്ട): ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ യു.ഡി.എഫ് വിടാന്‍ കേരള കോണ്‍ഗ്രസ് എം തീരുമാനം. യു.ഡി.എഫിനു പുറത്തേക്ക് പോകുകയാണെന്ന പാര്‍ട്ടി നിലപാട് ശനിയാഴ്ച ചരല്‍ക്കുന്നില്‍ ആരംഭിച്ച പാര്‍ട്ടി സംസ്ഥാന ക്യാമ്പിനോടനുബന്ധിച്ച സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്‍െറ ഉദ്ഘാടന പ്രസംഗത്തിനിടെ ചെയര്‍മാന്‍ കെ.എം. മാണി തന്നെയാണ് വ്യക്തമാക്കിയത്.
അരമണിക്കൂറോളം നീണ്ട പ്രസംഗത്തിലുടനീളം കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശവും മാണി നടത്തി. കേരള കോണ്‍ഗ്രസ് എം നിയമസഭയില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കുന്നതടക്കം നിര്‍ണായക തീരുമാനങ്ങള്‍ സംബന്ധിച്ചു കെ.എം. മാണി ഞായറാഴ്ച ചരല്‍ക്കുന്നില്‍ ഒൗദ്യോഗിക പ്രഖ്യാപനം നടത്തും. പാര്‍ട്ടി നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുകയാണെന്നും ഐക്യജനാധിപത്യ മുന്നണിയുമായി മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന ബന്ധം വിടേണ്ട രാഷ്ട്രീയ സാഹചര്യം ഇപ്പോള്‍ മുന്നിലുണ്ടെന്നും വ്യക്തമാക്കിയ മാണി ത്യാഗം സഹിക്കാനും ചിലപ്പോള്‍ താഴേക്കിറങ്ങാനും പ്രവര്‍ത്തകര്‍ തയാറാകണമെന്ന ആഹ്വാനവും നടത്തി. സ്റ്റിയറിങ് കമ്മിറ്റി യോഗത്തിന്‍െറ പൂര്‍ണ പിന്തുണയോടെയായിരുന്നു മാണിയുടെ ഈ പ്രഖ്യാപനം.
യു.ഡി.എഫിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസുമായി കേരള കോണ്‍ഗ്രസിന് പരസ്പരസ്നേഹവും വിശ്വാസവും നഷ്ടപ്പെട്ടു. മൂന്നു പതിറ്റാണ്ടിനിടക്ക് യു.ഡി.എഫ് നേതൃത്വത്തില്‍നിന്ന് പാര്‍ട്ടിക്ക് ഒരുപാട് വേദനകള്‍ അനുഭവിക്കേണ്ടിവന്നു. സ്നേഹവും വിശ്വാസവും ഐക്യവും നഷ്ടപ്പെട്ടാല്‍ പുതിയവഴി തേടേണ്ടിവരും. അത് നല്ലവഴിയായിരിക്കും. നല്ലവഴി തേടാതെ നിവൃത്തിയില്ല. അതിനാരും തന്നെയോ പാര്‍ട്ടിയെയോ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ളെന്നും വികാരഭരിതനായി മാണി പറഞ്ഞു. ഇനി പരീക്ഷണങ്ങളും നിന്ദകളും സഹിക്കാന്‍ കഴിയില്ല. എന്തെല്ലാം സഹിക്കേണ്ടിവന്നുവെന്ന് വിശദമായി പറയുന്നില്ല. കാരണം തറവാടിത്തവും ആത്മാഭിമാനവുമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ ശക്തമായ നിലപാടുമായി മുന്നോട്ടു പോകും.
പാര്‍ട്ടിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും മാണി രൂക്ഷവിമര്‍ശം നടത്തി. കേരള കോണ്‍ഗ്രസ് ഇനി സമദൂരത്തിലായിരിക്കും മുന്നോട്ടു പോകുക. കോണ്‍ഗ്രസിനോടും ഭരണപക്ഷത്തോടും സമദൂരം സ്വീകരിക്കും. നല്ലത് ആരുചെയ്താലും പിന്തുണക്കും -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.