മാണിയുമായി ഇനി ചര്‍ച്ച വേണ്ടെന്ന് കോണ്‍ഗ്രസ്
text_fieldsതിരുവനന്തപുരം: കെ.എം. മാണിയില്‍നിന്ന് പ്രതീക്ഷിച്ചതിലും കടുത്ത പരസ്യപ്രതികരണമുണ്ടായ സാഹചര്യത്തില്‍ മാണിഗ്രൂപ്പിനെ മുന്നണിയില്‍ നിലനിര്‍ത്താന്‍ അദ്ദേഹവുമായി ഇനി ഏതെങ്കിലുംതരത്തില്‍ ചര്‍ച്ച നടത്തേണ്ടതില്ളെന്ന് കോണ്‍ഗ്രസില്‍ പൊതുവികാരം. മാണിഗ്രൂപ് വിട്ടുപോകാന്‍ തീരുമാനിച്ചാല്‍ താല്‍ക്കാലികമായി ചില തിരിച്ചടികള്‍ ഉണ്ടാകാമെങ്കിലും ക്രമേണ പ്രതിസന്ധി മറികടക്കാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടപ്പോള്‍ മാണിക്ക് എല്ലാ പിന്തുണയും നല്‍കി. എന്നിട്ടും നിന്ദയും പീഡനവുമാണ് മുന്നണിയില്‍നിന്ന് കിട്ടിയതെന്ന മാണിയുടെ പ്രതികരണം അപമാനിക്കലാണെന്ന് കോണ്‍ഗ്രസ്നേതൃത്വം വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ മുന്നണിബന്ധത്തിന്‍െറ കാര്യത്തില്‍ തല്‍ക്കാലം അദ്ദേഹവുമായി സമവായശ്രമത്തിന് ശ്രമിക്കേണ്ടെന്നാണ് ധാരണ.
ചര്‍ച്ചക്കുപോലും തയാറാകാതെ കഴിഞ്ഞദിവസങ്ങളില്‍ മാണി കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കുകയായിരുന്നു. എന്നിട്ടും അദ്ദേഹത്തെ ഒപ്പംനിര്‍ത്താന്‍ അവസാനവട്ടംവരെ ശ്രമിച്ചു. എന്നാല്‍, അതിന് വഴങ്ങിയില്ളെന്നുമാത്രമല്ല, കോണ്‍ഗ്രസിനെതിരെ പരസ്യവിമര്‍ശവും നടത്തി. മാണിയെ സംരക്ഷിച്ചതിന്‍െറ പേരില്‍ കൂടുതല്‍ വിലനല്‍കേണ്ടിവന്നത് കോണ്‍ഗ്രസിനാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും പാര്‍ട്ടിയെ സംശയത്തിന്‍െറ നിഴലില്‍നിര്‍ത്തിക്കൊണ്ടാണ് മാണിഗ്രൂപ് നേതാക്കള്‍ വിമര്‍ശിച്ചത്. അപ്പോഴെല്ലാം കോണ്‍ഗ്രസ് സംയമനം കാട്ടിയത് മുഖ്യഘടകകക്ഷിയെന്ന നിലയിലാണ്. അതെല്ലാം വിസ്മരിച്ചാണ് മാണിയില്‍നിന്നുതന്നെ കടുത്ത വിമര്‍ശമുണ്ടായിരിക്കുന്നത്. മുന്നണിവിടുമെന്ന് അദ്ദേഹത്തിന്‍െറ ശനിയാഴ്ചയിലെ പ്രസംഗത്തോടെ കോണ്‍ഗ്രസ് നേതൃത്വം ഏകദേശം ഉറപ്പിച്ചു.
മുന്നണിബന്ധം ഉപേക്ഷിക്കുന്ന പ്രഖ്യാപനം വന്നശേഷം അദ്ദേഹത്തിന്‍െറയും പാര്‍ട്ടിയുടെയും ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസിലെ പൊതുധാരണ. എന്നാല്‍, പാര്‍ട്ടിയെയും നേതാവിനെയും അപമാനിച്ച് തകര്‍ക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസുമായി ബന്ധംവേണ്ടെന്ന വികാരമാണ് മാണി ഗ്രൂപ്പിന്. നിയമസഭാതെരഞ്ഞെടുപ്പില്‍ മാണിയെ ഉള്‍പ്പെടെ പരാജയപ്പെടുത്താന്‍ ശ്രമിച്ചു. പാര്‍ട്ടിയില്‍ ഭിന്നിപ്പിനും കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി ശ്രമിച്ചു. ഇതെല്ലാം മനസ്സിലാക്കിയിട്ടും മൗനംപാലിക്കാന്‍ ഇനി കഴിയില്ളെന്നാണ് മാണിപക്ഷം പറയുന്നത്. മറിച്ചായാല്‍ പാര്‍ട്ടി ഇല്ലാതാകുമെന്ന് മാണിവിഭാഗം ഭയപ്പെടുന്നു. ഒൗദ്യോഗികമായ വേര്‍പിരിയല്‍പ്രഖ്യാപനം മാത്രമാണ് ഇനി വരാനുള്ളത്. മാണിഗ്രൂപ് മുന്നണിവിടുന്നത് പ്രതിസന്ധിയില്‍ അകപ്പെട്ടുനില്‍ക്കുന്ന കോണ്‍ഗ്രസിനും മുന്നണിക്കും തിരിച്ചടിയാകുമെന്നതില്‍ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.