മാണിയുടെ നീക്കം നിരീക്ഷിച്ചു മുന്നണികള്‍
text_fieldsകോട്ടയം: യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച കെ.എം. മാണിയുടെ തുടര്‍രാഷ്ട്രീയ നീക്കം എന്തായിരിക്കുമെന്ന് സസൂക്ഷ്മം നിരീക്ഷിച്ച് ഇരുമുന്നണിയും ബി.ജെ.പിയും. മാണി വിഷയത്തില്‍ ഇടതു മുന്നണി വ്യക്തമായ നിലപാട് വെളിപ്പെടുത്തിയിട്ടില്ളെങ്കിലും മാണിയെ മുന്നണിയിലേക്കു ക്ഷണിച്ച് ബി.ജെ.പി ആദ്യമായി രംഗപ്രവേശം ചെയ്തുകഴിഞ്ഞു. അതുകൊണ്ടുതന്നെ പാലായിലെ വസതിയിലുള്ള മാണിയുടെ നീക്കങ്ങളോരോന്നും മുന്നണികള്‍ക്കൊപ്പം സംസ്ഥാന പൊലീസ് രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിക്കുകയാണ്.
അടുത്ത രാഷ്ട്രീയ നീക്കത്തെക്കുറിച്ചാണ് മുന്നണികള്‍ക്ക് അറിയേണ്ടത്. ഒപ്പം സഭാ-സാമുദായിക-രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനത്തെക്കുറിച്ചുള്ള വിവരങ്ങളും പുറമെ നിന്ന് ബന്ധപ്പെടുന്നവര്‍ ആരൊക്കെയാണെന്നതും നിരീക്ഷിക്കുന്നുണ്ട്. അതേസമയം, അടുത്ത രാഷ്ട്രീയ നീക്കം പ്രഖ്യാപിക്കാത്ത മാണിയുടെ നടപടിയില്‍ സ്വന്തം പാര്‍ട്ടിയിലും അസ്വസ്ഥത പുകയുകയാണ്.
മാണിയെ പരസ്യമായി കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും ചര്‍ച്ചക്ക് ഒരവസരം ഒത്തുവന്നാല്‍ അത് തള്ളാനും യു.ഡി.എഫ് നേതാക്കള്‍ തയാറാവില്ല. മാണിയെ മുന്നണിയില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള നീക്കങ്ങള്‍ വിവിധതലങ്ങളില്‍ ഇപ്പോഴും സജീവമാണ്. സഭാ-സാമുദായിക നേതാക്കളെ കളത്തിലിറക്കിയുള്ള കളിയാണ് ആവിഷ്കരിക്കുന്നത്.
മാണി മുന്നണി വിട്ടതോടെ മധ്യകേരളത്തില്‍ യു.ഡി.എഫിന് ഉണ്ടാവുന്ന തകര്‍ച്ചയിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് ആശങ്ക. ഇടുക്കി,കോട്ടയം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യു.ഡി.എഫിന് മാണിയുടെ കുറവ് തിരിച്ചടിയുണ്ടാക്കും. ഇടതു മുന്നണിയും ബി.ജെ.പിയും ഇത് മുന്നില്‍കണ്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുമെന്നും യു.ഡി.എഫ് ഭയക്കുന്നു.
തദ്ദേശസ്ഥാപനങ്ങളില്‍ നിലവിലുള്ള കരാര്‍ തുടരുമെന്ന് മാണി പറയുന്നുണ്ടെങ്കിലും സ്ഥാനം വിട്ടുനല്‍കുന്നതില്‍ പ്രാദേശിക ഘടകങ്ങള്‍ക്ക് യുക്തമായ തീരുമാനം എടുക്കാമെന്നാണ് നിര്‍ദേശം. കോണ്‍ഗ്രസും ഇതേനിലപാടിലാണ്. ഇതോടെ സ്ഥാനമാനങ്ങളെച്ചൊല്ലി തര്‍ക്കം ഉണ്ടായാല്‍ അത് ക്രമസമാധാന പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാറിനു നല്‍കിയ റിപ്പോര്‍ട്ട്.
മാണിയുടെ ഒരുനീക്കത്തിലും വിട്ടുവീഴ്ച പാടില്ളെന്നും വിഷയം ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെങ്കില്‍പോലും പിന്നാക്കം പോകരുതെന്നും കോണ്‍ഗ്രസിലെ ഐ വിഭാഗം അണികള്‍ക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. കോണ്‍ഗ്രസ് കടന്നാക്രമണം തുടര്‍ന്നാല്‍ സന്ദര്‍ഭത്തിനനുസരിച്ച് തദ്ദേശസ്ഥാപനങ്ങളിലെ ഭരണം നിലനിര്‍ത്താന്‍ ഇടതുമുന്നണിയുടെ രഹസ്യപിന്തുണ തേടാനും മാണി വിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്.
യു.ഡി.എഫുമായി ഒരുവിധത്തിലുള്ള അനുനയവും ഇക്കാര്യത്തില്‍ പാടില്ല. എന്നാല്‍, ബി.ജെ.പിയുമായി ആവശ്യമെങ്കില്‍ ബന്ധപ്പെട്ട് ഭരണം നിലനിര്‍ത്താമെന്നും മാണി വിഭാഗം നേതാക്കള്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം. സമൂഹമധ്യത്തില്‍ മാണിയെയും നേതാക്കളെയും പരമാവധി നാണംകെടുത്തണമെന്നും കോണ്‍ഗ്രസ് നിര്‍ദേശിച്ചിട്ടുണ്ട്. യു.ഡി.എഫിനെ ചതിച്ച മാണിയോട് കരുണ പാടില്ളെന്നും ഡി.സി.സി നേതൃത്വം താഴെതട്ടില്‍ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.