തുറന്നുപറച്ചില്‍ കോണ്‍ഗ്രസില്‍ ചലനം ലക്ഷ്യമിട്ട്
text_fieldsകൊച്ചി: മുന്നിലെ പ്രസംഗപീഠം എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ട എ.കെ. ആന്‍റണി സദസ്സിനോട് ആദ്യം പറഞ്ഞത്, ‘എനിക്ക് നിങ്ങളുടെയെല്ലാം മുഖം കാണണം’ എന്നായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജയിച്ചവരാണ് നിങ്ങള്‍. കുറച്ചുകൂടി ശ്രമിച്ചിരുന്നെങ്കില്‍, തമ്മില്‍ തമ്മില്‍ വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കാതിരുന്നെങ്കില്‍ ഇതിനെക്കാള്‍ കൂടുതല്‍ ആളുകളെ ഇവിടെ കാണാമായിരുന്നു’-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് പ്രതിനിധികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എ.കെ. ആന്‍റണി മുന്നറിയിപ്പ് സ്വരത്തിലാണ് പ്രസംഗം തുടങ്ങിയത്. തിരിച്ചടികളില്‍നിന്ന് പഠിച്ചില്ളെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് നാശത്തിന്‍െറ പടുകുഴിയിലേക്കാണെന്ന മുന്നറിയിപ്പുവരെ നീണ്ട അദ്ദേഹത്തിന്‍െറ സംസാരം അവസാനിക്കുമ്പോള്‍ സദസ്സും വേദിയും ഒരുനിമിഷം നിശ്ശബ്ദമായി.
സംസ്ഥാനത്തെ സാഹചര്യങ്ങള്‍ ഡല്‍ഹിയില്‍ ഇരുന്ന് നോക്കിക്കണ്ട ആന്‍റണിക്ക് തുറന്നുപറച്ചിലിനുള്ള വേദിയായിരുന്നു രാജേന്ദ്ര മൈതാനം. രാജീവ് ഗാന്ധി സദ്ഭാവന ദിനത്തില്‍ മുന്‍ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവെച്ച ശേഷമായിരുന്നു മുതിര്‍ന്ന നേതാവെന്ന നിലയിലെ തന്‍െറ വിലയിരുത്തലും സ്വയംവിമര്‍ശവും പരസ്യപ്പെടുത്തിയത്.
തദ്ദേശ സ്ഥാപന പ്രതിനിധികള്‍ രണ്ടുകാര്യമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. പരിസ്ഥിതി സംരക്ഷണവും മാലിന്യപ്രശ്നവുമാണത്. പുഴകള്‍ക്കും കുളങ്ങള്‍ക്കും ഏറ്റവും കുറച്ച് ആഘാതങ്ങള്‍ ഉണ്ടാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായിരിക്കണം അനുമതി. എന്നാല്‍, വികസന മൗലികവാദം നമുക്ക് ആവശ്യമില്ല.
തെരഞ്ഞെടുപ്പുവേളകളില്‍ പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കാന്‍ കേരളത്തില്‍ വന്ന് താന്‍ സംസാരിക്കാറുണ്ട്. എന്നാല്‍, ഇപ്പോള്‍ നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങളല്ല പറയാന്‍ പോകുന്നതെന്ന ആമുഖത്തോടെയാണ് കേരളത്തിലെ സംഘടനാ വിഷയങ്ങള്‍ അദ്ദേഹം എടുത്തിട്ടത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന് ചൂണ്ടിക്കാട്ടി സാഹചര്യങ്ങളുടെ ഗൗരവം പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തിയ അദ്ദേഹം പ്രസംഗത്തില്‍ ഉടനീളം പാര്‍ട്ടിയുടെ അടിത്തറ ചോരുന്ന സാഹചര്യവും തിരിച്ചുവരവിന്‍െറ ആവശ്യകതയും ഓര്‍മിപ്പിക്കാനാണ് ശ്രമിച്ചത്.
പാര്‍ട്ടിയിലെ ദൗര്‍ബല്യങ്ങള്‍ മുതലെടുക്കാനുള്ള ഘടകകക്ഷികളുടെ ശ്രമങ്ങളും അദ്ദേഹം പരോക്ഷമമായി അവതരിപ്പിച്ചു. കോണ്‍ഗ്രസ് ഒറ്റക്കെട്ടാവണമെന്ന മുസ്ലിം ലീഗിന്‍െറ വിമര്‍ശത്തിന് പിന്നാലെ, നമ്മുടെ വീട്ടില്‍ കയറി മറ്റുള്ളവര്‍ ഭരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നുകൂടി സൂചിപ്പിച്ചാണ് ആന്‍റണി പറഞ്ഞുനിര്‍ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.