മാണിയെ തിരിച്ചു വിളിക്കരുതെന്ന് അണികളും; കോണ്‍ഗ്രസ് മാര്‍ഗ നിര്‍ദേശത്തില്‍ മാറ്റം
text_fieldsകൊച്ചി: പോയ മാണിയെ തിരിച്ചുവിളിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇപ്പോഴും അരമനസ്സാണ്; പ്രത്യേകിച്ച് മധ്യകേരളത്തില്‍നിന്നുള്ള നേതാക്കള്‍ക്ക്. കേരള കോണ്‍ഗ്രസിന് സ്വാധീനമുള്ള ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ‘മാണി സാര്‍’ തിരിച്ചുവരണം എന്നാണ് ഒളിഞ്ഞും തെളിഞ്ഞും ആവശ്യപ്പെടുന്നത്. എന്നാല്‍, ഈ ജില്ലകളില്‍നിന്നുള്ള കോണ്‍ഗ്രസ് തദ്ദേശസ്ഥാപന പ്രതിനിധികളുടെ നിലപാട് ഇതിന് വിരുദ്ധമായിരുന്നു.
തദ്ദേശസ്ഥാപനങ്ങളിലെ അധികാരം പോയാലും വേണ്ടില്ല; മാണിയെ തിരിച്ചുവിളിക്കരുത്. അധികാരമല്ല; പാര്‍ട്ടിയാണ് വലുത്. ഇതായിരുന്നു അവര്‍ നേതാക്കള്‍ക്ക് മുമ്പില്‍വെച്ച ആവശ്യം. യു.ഡി.എഫ് വിട്ട മാണിയെ തിരിച്ചുവിളിക്കരുതെന്ന് അണികള്‍ ശക്തമായി ആവശ്യപ്പെട്ടതോടെ കോണ്‍ഗ്രസ് നേതൃത്വത്തിനും നിലപാട് മാറ്റേണ്ടിവന്നു.
കൊച്ചിയില്‍ സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ സമ്മേളന വേദിയിലായിരുന്നു നേതൃത്വത്തിന് അണികളുടെ തിരുത്ത്.
തദ്ദേശസ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന് അന്തിമരൂപം നല്‍കുക എന്നതുകൂടിയായിരുന്നു സമ്മേളനത്തിന്‍െറ ഉദ്ദേശ്യം. ഇതനുസരിച്ച് കണ്‍വീനര്‍ വി.ഡി. സതീശന്‍ രാവിലെ കരട് പെരുമാറ്റച്ചട്ടം വിതരണം ചെയ്തിരുന്നു. പെരുമാറ്റച്ചട്ടത്തില്‍ ‘തദ്ദേശ സ്ഥാപനങ്ങളില്‍ ബി.ജെ.പിയോട് ഒരു തരത്തിലുള്ള സഹകരണവും അരുത്’ എന്ന് നിര്‍ദേശിച്ചതിന് തൊട്ടുതാഴെയായി ‘കേരള കോണ്‍ഗ്രസ് എമ്മുമായി നിലവിലുള്ള സഹകരണം തുടരാം’ എന്നും വിശദീകരിച്ചിരുന്നു.
എന്നാല്‍, സമ്മേളന ചര്‍ച്ചയില്‍ ഈ ജില്ലകളില്‍നിന്നുള്ള പ്രതിനിധികളുടെ വികാരം ഇതിന് എതിരായിരുന്നു. അണികളുടെ വികാരം മനസ്സിലാക്കിയാണ് സമാപനസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രസംഗിച്ചത്. പോയവര്‍ പോട്ടെ എന്നും യു.ഡി.എഫിനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ളെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
വൈകുന്നേരം വീണ്ടും വിതരണം ചെയ്ത പെരുമാറ്റച്ചട്ടത്തില്‍ ‘കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരണം തുടരാം’ എന്ന വാചകം ഉണ്ടായിരുന്നില്ല. അപ്പോഴും മാണിക്ക് മടങ്ങിവരാനുള്ള വാതില്‍ തുറന്നുകിടക്കുകയാണ് എന്ന നിലപാടിലായിരുന്നു നേതാക്കളില്‍ ഒരുവിഭാഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.