ബാര്‍ കേസ് ഗൂഢാലോചന: മാണിയെ പിന്തുണച്ച് മുസ്ലിം ലീഗും
text_fieldsകോട്ടയം: ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്.പി ആര്‍. സുകേശനും ബാര്‍ ഹോട്ടല്‍ ഉടമ ബിജു രമേശും കെ.എം. മാണിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയുടെ രഹസ്യ റിപ്പോര്‍ട്ട് ഏഴുമാസത്തോളം പൂഴ്ത്തിവെച്ച ആഭ്യന്തര വകുപ്പ് നടപടിയില്‍ കേരള കോണ്‍ഗ്രസിനെ പിന്തുണച്ച് മുസ്ലിം ലീഗും.
കെ.എം. മാണിക്കെതിരെ ബാര്‍ ഉടമയും അന്വേഷണ ഉദ്യോഗസ്ഥനും തമ്മില്‍ നടത്തിയ ഗൂഢാലോചനയും റിപ്പോര്‍ട്ട് പൂഴ്ത്തിയതും ഇതിന്‍െറ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നതും ഗൗരവത്തോടെ കാണുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി കോട്ടയത്ത് പറഞ്ഞു. കെ.എം. മാണിയെ പരസ്യമായി പിന്തുണച്ച് ലീഗും രംഗത്തുവന്നതോടെ മാണിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും യു.ഡി.എഫ് നേതൃത്വം ശക്തമാക്കി. ലീഗ് വിഷയത്തില്‍ ഇടപെട്ടതോടെ ആഭ്യന്തര വകുപ്പിനെതിരെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് വീണ്ടും കേരള കോണ്‍ഗ്രസ് നേതൃത്വം രംഗത്തത്തെി. അതിനിടെ ആഭ്യന്തര വകുപ്പിന്‍െറ നടപടിയിലുള്ള അമര്‍ഷം കെ.എം. മാണി മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി പങ്കുവെച്ചു. മന്ത്രി രമേശിനെതിരെ മാണി പൊട്ടിത്തെറിച്ചതായാണ് വിവരം. മന്ത്രിസ്ഥാനം രാജിവെച്ചശേഷം മാണി എന്തെല്ലാം സഹിക്കേണ്ടിവന്നെന്നും ഇക്കാര്യം യു.ഡി.എഫില്‍ ചര്‍ച്ചചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതിനിടെ വിഷയം ചര്‍ച്ചചെയ്യാന്‍ പാര്‍ട്ടി ഉന്നതാധികാര സമിതി അടിയന്തരമായി വിളിക്കാനും കേരള കോണ്‍ഗ്രസ് തീരുമാനിച്ചു. കോണ്‍ഗ്രസിനെതിരെ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുകയാണെന്നാണ് റിപ്പോര്‍ട്ട്. ബാര്‍ കേസ് ഈമാസം 16ന് കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ കോടതി നിലപാട് അറിഞ്ഞശേഷം ശക്തമായ നിലപാടെടുക്കാനാണ് മാണിയുടെ തീരുമാനം. തന്നെ കുടുക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര വകുപ്പ് മന$പൂര്‍വം റിപ്പോര്‍ട്ട് പൂഴ്ത്തിയെന്നാണ് മാണിയുടെ നിലപാട്.
തീരുമാനം എടുക്കുംവരെ കോണ്‍ഗ്രസുമായി അകലം പാലിക്കാനും പാര്‍ട്ടി തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായി കോട്ടയത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുത്ത ചടങ്ങില്‍നിന്ന് മാണി വിട്ടുനിന്നു. നഗരത്തില്‍ നടപ്പാക്കുന്ന ആകാശപാതയുടെ നിര്‍മാണോദ്ഘാടനമാണ് അദ്ദേഹം ബഹിഷ്കരിച്ചത്. എന്നാല്‍, രണ്ടുമണിക്കൂറിനുശേഷം കോട്ടയം നഗരത്തില്‍ മുസ്ലിം ലീഗിന്‍െറ കേരള യാത്രയില്‍ പങ്കെടുക്കാന്‍ മാണി എത്തി. ഇത് മുഖ്യമന്ത്രിക്കും തിരച്ചടിയായി. ലീഗ് യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ കെ.എം. മാണി തൊടുത്ത ഒളിയമ്പ് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. കെട്ടിപ്പിടിച്ച് പുണരുകയും കുതികാല്‍ വെട്ടുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യമാണ് ഉള്ളതെന്നും നമ്പാന്‍ കൊള്ളുന്നവന്‍ കുഞ്ഞാലിക്കുട്ടി മാത്രമാണെന്നുമായിരുന്നു ആഭ്യന്തര മന്ത്രിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനും എതിരെയുള്ള അദ്ദേഹത്തിന്‍െറ ഒളിയമ്പ്. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ഏറ്റുമുട്ടല്‍ ശക്തമാക്കാനും ചടങ്ങുകള്‍ ബഹിഷ്കരിക്കാനുമാണ് മാണിയുടെ തീരുമാനമെന്നും അടുത്ത വിശ്വസ്തര്‍ വെളിപ്പെടുത്തി. ബാര്‍ കേസില്‍ മന്ത്രി രമേശിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പരാതി നല്‍കിയതുമുതല്‍ ഇരുവരും തമ്മിലെ ബന്ധം അത്ര മെച്ചമല്ല. ഇതിനിടെയാണ് മാണിയെ പ്രകോപിപ്പിക്കുന്ന നടപടി വീണ്ടും ആഭ്യന്തര വകുപ്പില്‍നിന്നുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.