ഹരിപ്പാടിന്‍െറ മനമറിഞ്ഞ് ചെന്നിത്തല
text_fieldsനാലാം ഊഴത്തിനുള്ള കളമൊരുക്കങ്ങളാണ് രമേശ് ചെന്നിത്തല ഹരിപ്പാട് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ നടത്തിയിട്ടുള്ളത്. കഴിഞ്ഞതവണ വിയര്‍ത്തുകുളിച്ചാണ് വിജയപ്പടി കയറിയത്. ’82ലും ’87ലും ചെറുപ്പത്തിന്‍െറ ശബളിമയോടെ എത്തിയപ്പോള്‍ ഹരിപ്പാട്ടുകാര്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചതാണ് ചരിത്രം. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തിന്‍െറ വലുപ്പവും കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്‍െറ നേതൃസ്ഥാനവും അലങ്കരിച്ചുകൊണ്ടാണ് 2011ല്‍ രമേശ് ചെന്നിത്തല തന്‍െറ തട്ടകമായ ഹരിപ്പാട് വീണ്ടും മത്സരത്തിനത്തെിയത്. കനത്ത പോരാട്ടംതന്നെയായിരുന്നു. 5520 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. രാഷ്ട്രീയവും സമുദായവും ജാതിയുമെല്ലാം സമ്മിശ്രമായി ഇവിടെ തെരഞ്ഞെടുപ്പില്‍ കലരും. എല്ലാ വിദ്യകളും നന്നായി അറിയാവുന്ന ചെന്നിത്തലക്ക് ഹരിപ്പാടിന്‍െറ മനസ്സ് പെട്ടെന്ന് വായിക്കാന്‍ പറ്റും. പാളിച്ചകള്‍ നികത്താനും വിജയത്തിലത്തൊനുള്ള വഴികളിലൂടെ സഞ്ചരിക്കാനും കഴിയുന്നത് അതുകൊണ്ടാണ്.
26ാമത്തെ വയസ്സ് മുതല്‍ ഹരിപ്പാട്ടെ ജനങ്ങളുമായി ഇടപെടാന്‍ തുടങ്ങിയതാണ്. ഇനി ഒരിക്കലും ഈ മണ്ഡലം വിട്ടുപോകില്ളെന്ന് ദൃഢനിശ്ചയവുമുണ്ട്. വരുന്ന തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ ആരായാലും വിജയം സുനിശ്ചിതമാക്കണം. മണ്ഡലത്തിലില്ലാത്ത മന്ത്രിയെന്ന പേര് എന്തായാലും രമേശ് ചെന്നിത്തലക്ക് ചേരുന്നതല്ല. ഹരിപ്പാട് എവിടെയും എന്തു സംഭവിച്ചാലും ചെന്നിത്തല അവിടെയത്തെും. അല്‍പം വൈകിയാണെങ്കില്‍പോലും. ഞായറാഴ്ചകള്‍ ഹരിപ്പാട്ടുകാര്‍ക്ക് മന്ത്രിയുമായി സംവദിക്കാനുള്ള ദിനമാണ്. അടുക്കളകാര്യം മുതല്‍ ആനക്കാര്യം വരെ മന്ത്രിയുടെ ഓഫിസില്‍ വരും. ആരോടും പരിഭവമില്ല. ചിരിതന്നെ ആയുധം. ചെയ്യാവുന്നത് ചെയ്തുകൊടുക്കും. പിണക്കമോ പരിഭവമോ ഇല്ലാതെ നാട്ടുകാരെ പറഞ്ഞയക്കും. വിദ്യാലയ പ്രവേശം മുതല്‍ ജോലിക്കാര്യം വരെ ആവലാതിക്കാര്‍ക്ക് പറയാനുണ്ട്. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപത്തെ ആഭ്യന്തരമന്ത്രിയുടെ ക്യാമ്പ് ഓഫിസ്, അതുകൊണ്ടുതന്നെ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ തിരക്കിലാകും. മണ്ഡലത്തിലുള്ളവര്‍ മാത്രമല്ല, വിവിധ ഭാഗങ്ങളിലുള്ളവര്‍ വരെ എത്തും.
വികസനവും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്തേണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ നിലപാട്. വികസനത്തിനാണെങ്കില്‍ നല്ല മാര്‍ക്ക് തനിക്ക് ലഭിക്കുമെന്ന് മന്ത്രിക്ക് നിശ്ചയമുണ്ട്. ഏകദേശം 3000ത്തിലധികം കോടി രൂപയുടെ വികസനപദ്ധതികളാണ് പല മേഖലകളിലായി ഹരിപ്പാട് നടന്നിട്ടുള്ളത്. മെഡിക്കല്‍ കോളജ് മുതല്‍ കലുങ്കുകളുടെ നിര്‍മാണ പദ്ധതിവരെ അതില്‍വരും. ആലപ്പുഴയുടെ തലസ്ഥാനമാക്കി ഹരിപ്പാടിനെ മാറ്റാന്‍ രമേശ് ചെന്നിത്തല മന്ത്രിയെന്ന സ്വാധീനമുപയോഗിച്ച് ശ്രമിച്ചിട്ടുണ്ട്. മന്ത്രിയായശേഷം പല ജില്ലാതല പരിപാടികളുടെയും വേദി ഹരിപ്പാടായിരുന്നു. മഹാകവി കുമാരനാശാന്‍ സ്മാരക നിര്‍മാണം, ഏവൂരില്‍ കലാമണ്ഡലം ഉപകേന്ദ്രം, കാര്‍ത്തികപ്പള്ളിയില്‍ ഐ.എച്ച്.ആര്‍.ഡിയുടെ കോളജ്, കരുവാറ്റയില്‍ കേരള യൂനിവേഴ്സിറ്റിയുടെ യു.ഐ.ടി കോളജ്, പള്ളിപ്പാട്ട് ഐ.ടി.ഐ, ഹരിപ്പാട് ടെക്നിക്കല്‍ സ്കൂളിന് പുതിയ കെട്ടിടം, കുമാരപുരത്ത് പുതിയ പോളിടെക്നിക്, അഗ്രി പോളിടെക്നിക്, 90 ശതമാനം സ്കൂളുകള്‍ക്കും കമ്പ്യൂട്ടര്‍ സ്ഥാപിക്കാന്‍ അനുമതി, സ്വകാര്യ-പൊതു പങ്കാളിത്തത്തോടെ മെഡിക്കല്‍ കോളജ് പ്രഖ്യാപനം, താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തി, പല്ലന-പാനൂര്‍ ഫിഷറീസ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങി, ആറാട്ടുപുഴ പി.എച്ച് സെന്‍ററില്‍ കിടത്തിച്ചികിത്സ, ഹരിപ്പാട് റവന്യൂ ടവറിന്‍െറ നിര്‍മാണം, മുതുകുളത്ത് സബ്ട്രഷറി, നിരവധി ടൂറിസം പദ്ധതികള്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ നവീകരണം, പത്തോളം വന്‍കിട പാലങ്ങളുടെ നിര്‍മാണം, തീരദേശ മേഖലയില്‍ 32 കോടിയിലധികം രൂപയുടെ വികസനപദ്ധതി, ആറാട്ടുപുഴ ഭാഗത്ത് കോടികളുടെ പുലിമുട്ട് നിര്‍മാണം, സ്പോര്‍ട്സ് അതോറിറ്റിയുടെ സബ്സെന്‍റര്‍, പട്ടികജാതി-വര്‍ഗ കോളനി വികസനം, ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്‍െറ കോടികളുടെ പദ്ധതികള്‍, പിന്നാക്കമേഖലയിലെ റോഡ് നിര്‍മാണം തുടങ്ങി പദ്ധതികള്‍ പൂര്‍ത്തിയായതും തുടങ്ങിയതുമായി ഏറെയുണ്ട്. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കോടികള്‍ ചെലവഴിച്ചുള്ള റോഡ് വികസനം സാധ്യമാക്കാനും എം.എല്‍.എക്ക് കഴിഞ്ഞു. എല്ലാത്തിനുമുപരി ഹരിപ്പാട് പഞ്ചായത്തിനെ നഗരസഭയാക്കി ഉയര്‍ത്തിയെന്നത് മന്ത്രി എന്ന നിലയിലുള്ള പ്രത്യേക നേട്ടമായി വിലയിരുത്തപ്പെടുന്നു.
ഹരിപ്പാടിനെ വികസനത്തിന്‍െറ ഹബ്ബാക്കി മാറ്റാനുള്ള പരിശ്രമങ്ങള്‍ മണ്ഡലം നിലനിര്‍ത്താനുള്ള ശ്രമത്തിന്‍െറ ഭാഗമായി നടന്നിട്ടുണ്ട്. മാണിക്ക് പാലാ പോലെ, ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളി പോലെ, ചെന്നിത്തലക്ക് ഹരിപ്പാട് എന്ന സ്ഥായീഭാവത്തിലേക്ക് മാറുക എന്നതാണ് പദ്ധതികളുടെയെല്ലാം ഉന്നം. സ്വകാര്യ-പൊതുമേഖലയില്‍ മെഡിക്കല്‍ കോളജ് ഹരിപ്പാടിന്‍െറ അവശ്യഘടകമല്ല. കിലോമീറ്ററുകള്‍ക്കടുത്ത് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ മെഡിക്കല്‍ കോളജ് ഉള്ളപ്പോള്‍ എന്തിന് ഹരിപ്പാട് മെഡിക്കല്‍ കോളജ് എന്ന ചോദ്യം ഉയര്‍ന്നിരുന്നു. എന്നാല്‍, തന്‍െറ മണ്ഡലത്തില്‍ എല്ലാം ഉണ്ടാകണമെന്ന താല്‍പര്യമാണ് വിമര്‍ശകര്‍ക്കുള്ള മന്ത്രിയുടെ മറുപടി. പൊതുവെ ഒരു ടൗണ്‍ഷിപ്പിന്‍െറ പ്രതീതിയിലേക്ക് ഹരിപ്പാട് മാറിയിട്ടുണ്ട്.
ഇത്തരം വികസനപദ്ധതി ബഹളത്തിനിടയില്‍ മന്ത്രിയുടെ മാര്‍ക്ക് കുറക്കുന്ന ചിലതുകൂടിയുണ്ട്. അതില്‍ പ്രധാനം കുടിവെള്ളക്ഷാമം തന്നെ. 200 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതിയാണ് വിഭാവനം ചെയ്തത്. മണ്ഡലത്തിലെ 11 പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായില്ല. ഇതുമൂലം പല സ്ഥലങ്ങളിലും രൂക്ഷമായ ശുദ്ധജലക്ഷാമം നിലനില്‍ക്കുന്നു. റവന്യൂ ടവര്‍, ബസ് സ്റ്റേഷന്‍ നവീകരണം എന്നിവയെല്ലാം ഒച്ചിഴയുന്ന വേഗത്തിലാണ്. വികസനത്തിന് രാഷ്ട്രീയമില്ളെന്ന് സമര്‍ഥമായി സ്ഥാപിക്കാന്‍ പല രീതികളുമുണ്ട്. അതില്‍ പ്രധാനം ചെന്നിത്തലയുടെ രീതിതന്നെ. എതിരാളികളെ എങ്ങനെ വിമര്‍ശരഹിതരാക്കാന്‍ കഴിയുമെന്ന് ഹരിപ്പാട്ടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ മനസ്സിലാകും. ചെറിയ ആരോപണങ്ങളുടെ പേരില്‍ നടന്ന സമരമല്ലാതെ പ്രതിപക്ഷത്തിന് വികസനത്തിന്‍െറ പേരില്‍ ഒന്നും ചെയ്യാന്‍ ഹരിപ്പാട്ട് കഴിഞ്ഞില്ല. പ്രതിപക്ഷം നിര്‍ജീവമാണോയെന്ന് തോന്നിപ്പോകുന്ന അവസ്ഥ. സി.പി.എം ജില്ലാ കമ്മിറ്റിയുടെ കുറ്റപ്പെടുത്തലും ഈ അവസരത്തില്‍ പ്രസക്തമാണ്. ഹരിപ്പാട് മന്ത്രിയുടെ താല്‍പര്യക്കാരായി നില്‍ക്കുന്ന പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്‍െറ രീതികളെയാണ് സി.പി.എം കുറ്റപ്പെടുത്തിയത്. ഹരിപ്പാട്ടെ സി.പി.എം നേതാക്കള്‍ക്ക് മന്ത്രിയുമായി നല്ല ബന്ധമുണ്ടെന്ന് നേതൃത്വം വൈകി അറിഞ്ഞതുകൊണ്ടാണ് അത്തരമൊരു അഭിപ്രായത്തിലേക്ക് എത്തിയത്. ഇതിലെല്ലാം രമേശ് ചെന്നിത്തല എന്ന മന്ത്രിയുടെയും എം.എല്‍.എയുടെയും പ്രവര്‍ത്തന നൈപുണ്യമാണ് വെളിവാകുക.
വിമര്‍ശകരെ ഉറവിടത്തില്‍തന്നെ വായടിപ്പിക്കാനും നാട്ടില്‍ പരാതിക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കാനും വാരിക്കോരി ചെലവഴിച്ചും ചെന്നിത്തല തന്‍െറ മണ്ഡലത്തെ പോറ്റുമ്പോള്‍ കഴിഞ്ഞതവണ മത്സരിച്ച് തോറ്റ സി.പി.ഐ നേതാവ് ജി. കൃഷ്ണപ്രസാദിന്‍െറ വിമര്‍ശംകൂടി ചേര്‍ത്തുവായിക്കാം. ഉപരിപ്ളവമല്ലാതെ ഒന്നുംതന്നെ ഹരിപ്പാട് നടന്നിട്ടില്ല. താലൂക്ക് ആശുപത്രിയുടെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കാതെ മെഡിക്കല്‍ കോളജ് എന്ന പദ്ധതി പെരുമ്പറകൊട്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. കുടിവെള്ളം, ആരോഗ്യം ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ഒരുവിധ ആത്മാര്‍ഥതയും ജനപ്രതിനിധി കാണിച്ചിട്ടില്ല. എന്തൊക്കെയോ കാട്ടിക്കൂട്ടി വികസനം നടത്തുന്നുവെന്ന് വരുത്തുന്ന തന്ത്രങ്ങളാണ് ചെന്നിത്തല അഞ്ചുവര്‍ഷമായി ഹരിപ്പാട് പയറ്റുന്നതെന്ന് കൃഷ്ണപ്രസാദ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.