ഉമ്മന്‍ ചാണ്ടിയെ പിന്നില്‍ നിര്‍ത്തി കോണ്‍ഗ്രസ്
text_fieldsന്യൂഡല്‍ഹി: മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെ സമീപിക്കുന്ന രീതി കോണ്‍ഗ്രസില്‍ ഇല്ളെന്ന പ്രഖ്യാപനത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ എന്നിവരെ ഒരേപോലെ മുഖ്യമന്ത്രിസ്ഥാനാര്‍ഥികളെന്ന നിലയില്‍ മത്സരിപ്പിക്കാന്‍ സാധ്യത തെളിയുന്നു. തെരഞ്ഞെടുപ്പിനു ശേഷം പ്രധാന നേതാവിനെ നിശ്ചയിക്കും.
മൂന്നു നേതാക്കളെയും ഒരുമിച്ചിരുത്തി കോണ്‍ഗ്രസ് ഹൈകമാന്‍ഡ് തിങ്കളാഴ്ച തെരഞ്ഞെടുപ്പു കാര്യങ്ങള്‍ പ്രാഥമികമായി ചര്‍ച്ച ചെയ്തു. ഉമ്മന്‍ ചാണ്ടിയെ മാത്രം മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങേണ്ടതില്ളെന്ന പൊതുധാരണ രൂപപ്പെട്ടുവെന്നാണ് സൂചന. വിവാദങ്ങളില്‍ തട്ടി പ്രതിച്ഛായ നഷ്ടപ്പെട്ടതാണ് പ്രധാന കാരണം. ന്യൂനപക്ഷ മേധാവിത്വ പ്രതിച്ഛായ ഒഴിവാക്കുകയാണ് മറ്റൊരു ലക്ഷ്യം. യു.ഡി.എഫ് സര്‍ക്കാര്‍ നിരവധി അഴിമതി വിവാദങ്ങളില്‍പെട്ടു നില്‍ക്കുന്നതിനാല്‍ പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണി മുന്‍നിര പ്രചാരകനാവും.
വിവാദങ്ങളില്‍പെട്ട മന്ത്രിമാര്‍ മാറിനില്‍ക്കണമെന്ന കാഴ്ചപ്പാടുകള്‍ക്കിടയില്‍ ആരൊക്കെ മത്സരിക്കണം, മുദ്രാവാക്യം എന്തായിരിക്കണം, ഘടകകക്ഷികളുമായി നടക്കേണ്ട സീറ്റു വിഭജന ചര്‍ച്ചയില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയായി. സ്ഥാനാര്‍ഥി നിര്‍ണയത്തിന്‍െറ പൂര്‍ണ ഉത്തരവാദിത്തം ഹൈകമാന്‍ഡിനാണെന്ന വിശദീകരണത്തോടെ തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കിയെടുക്കാനുള്ള ശ്രമമാണ് ഡല്‍ഹിയിലത്തെിയ നേതാക്കള്‍ നടത്തുന്നത്.
സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഹൈകമാന്‍ഡാണ് തീരുമാനമെടുക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു. പൊതുവായ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നതെന്നും, തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയെ നയിക്കുന്നവര്‍ മത്സരിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ളെന്നും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിനെ സമീപിക്കുന്നതിന്‍െറ പ്രാഥമികമായ ചര്‍ച്ചകളാണ് നടക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിശദീകരിച്ചു.
തീരുമാനം ഹൈകമാന്‍ഡിന്‍േറതായിരിക്കുമെന്നും ഹൈകമാന്‍ഡിനെ ചോദ്യം ചെയ്യുന്ന രീതി കോണ്‍ഗ്രസിലില്ളെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. താന്‍ സ്ഥാനാര്‍ഥിയാകുമോ എന്ന് പറയേണ്ടതും ഹൈകമാന്‍ഡാണ്. കാര്യങ്ങള്‍ ഹൈകമാന്‍ഡ് തീരുമാനിക്കുമെന്നതിനാല്‍ തങ്ങളെല്ലാം തെരഞ്ഞെടുപ്പു വന്നാല്‍ ഫ്രീയാണ്. പലവട്ടം തോറ്റവര്‍ മത്സരിക്കുമോ, ഒരാള്‍ എത്ര തവണ വരെ മത്സരിക്കണം തുടങ്ങിയ കാര്യങ്ങളിലെല്ലാം തീരുമാനം ഹൈകമാന്‍ഡ് എടുക്കും. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കിക്കൊണ്ട്, വിജയസാധ്യതയില്‍ ഊന്നി സ്ഥാനാര്‍ഥി നിര്‍ണയം നടത്തും. സമാനതകളില്ലാത്ത നേട്ടം അഞ്ചു കൊല്ലം കൊണ്ട് കൈവരിച്ചുവെന്ന ആത്മവിശ്വാസത്തോടെയും തൃപ്തിയോടെയുമാണ് വോട്ടര്‍മാരെ സമീപിക്കുന്നത്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് നടത്തിക്കൊടുക്കാന്‍ ശ്രമിച്ചു. യു.ഡി.എഫിലോ മന്ത്രിസഭയിലോ അഞ്ചു കൊല്ലത്തിനിടയില്‍ വിവാദങ്ങള്‍ ഉണ്ടായിട്ടില്ല. അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ത്ത് ഐക്യത്തോടെ മുന്നോട്ടു പോകാന്‍ കഴിഞ്ഞു. കോണ്‍ഗ്രസില്‍ എന്നും കൂട്ടായ നേതൃത്വമാണ്. അഞ്ചു വര്‍ഷത്തിനിടയില്‍ താന്‍ മാത്രമായിരുന്നില്ല നേതാവെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.