സ്ഥാനാര്‍ഥിത്വത്തിന് തിരിച്ചോട്ടം തുടങ്ങി; ഡി.സി.സി പ്രസിഡന്‍റുമാര്‍ക്ക് ‘വില’ കൂടി
text_fieldsകൊച്ചി: മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റുമൊക്കെ തലസ്ഥാനത്തുള്ള സമയം നോക്കി അങ്ങോട്ട് വെച്ചുപിടിച്ച സീറ്റ് മോഹികള്‍ തിരിച്ചോട്ടം തുടങ്ങി. സ്ഥാനാര്‍ഥി നിര്‍ണയ കാര്യത്തില്‍ മുഖ്യസ്ഥാനം ലഭിച്ചതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍റുമാരുടെ ‘വില’ വര്‍ധിക്കുകയും ചെയ്തു. അതേസമയം, എത്രതവണ മത്സരിച്ചു എന്നതല്ല, വിജയസാധ്യതയാണ് മുഖ്യമാനദണ്ഡം എന്ന് വന്നതോടെ പുതുമുഖങ്ങള്‍ക്കുള്ള പ്രതീക്ഷ കുറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതുമുതല്‍ കെ.പി.സി.സി പ്രസിഡന്‍റ്, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ സീറ്റ് മോഹികളുടെ തിരക്കായിരുന്നു. തിക്കിലും തിരക്കിലുംപെട്ട് കെ.പി.സി.സി പ്രസിഡന്‍റ് പങ്കെടുത്ത പരിപാടിയുടെ സ്റ്റേജ് തകര്‍ന്ന സംഭവംവരെ കൊച്ചിയിലുണ്ടായി. ഇവര്‍ക്ക് മൂന്നുപേര്‍ക്കുമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുഖ്യപങ്ക് എന്നതിനാല്‍, പാര്‍ട്ടിപരിപാടികളില്‍ സജീവമാണെന്ന് ഇവരെ ബോധ്യപ്പെടുത്താനായിരുന്നു ഈ തിക്കും തിരക്കും.
കെ.പി.സി.സി പ്രസിഡന്‍റ്, ആഭ്യന്തരമന്ത്രി എന്നിവര്‍ താമസിക്കുന്ന സന്ദര്‍ഭങ്ങളില്‍ അതിരാവിലെ മുതല്‍ ഗെസ്റ്റ് ഹൗസുകളിലും സീറ്റ് മോഹികളുടെ തിരക്കായിരുന്നു. ഇവരെ ഒഴിച്ചുനിര്‍ത്തിയാല്‍, ദേശീയ നേതാവ് എ.കെ. ആന്‍റണി വന്നപ്പോള്‍ മാത്രമാണ് ഈ തിരക്ക് അനുഭവപ്പെട്ടത്. സ്ഥാനാര്‍ഥി നിര്‍ണയകാര്യത്തില്‍ പങ്കില്ലാത്തതിനാല്‍ യു.ഡി.എഫ് കണ്‍വീനര്‍, ഡി.സി.സി പ്രസിഡന്‍റുമാര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരെ കാര്യമായി പരിഗണിച്ചിരുന്നുമില്ല. ഇങ്ങനെ ഗ്രൂപ് നേതാക്കളെ മാത്രം പരിഗണിച്ചിരുന്നവര്‍ക്ക് ഞെട്ടലുണ്ടാക്കികൊണ്ടാണ് ഹൈകമാന്‍ഡ് തീരുമാനം വന്നത്; ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി, ഡി.സി.സി പ്രസിഡന്‍റ്, തദ്ദേശ തെരഞ്ഞെടുപ്പില്‍ നിരീക്ഷണ ചുമതലയുണ്ടായിരുന്ന നേതാവ് എന്നിവര്‍ ഉള്‍ക്കൊള്ളുന്ന മൂന്നംഗ സമിതിയാണ് ജില്ലയില്‍ നിന്നുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക തയാറാക്കേണ്ടത്. ഈ നിര്‍ദേശം പുറത്തുവന്നതുമുതല്‍ ഡി.സി.സി പ്രസിഡന്‍റുമാര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുടെ ഫോണിന് വിശ്രമമില്ല.
പരിചയം പുതുക്കല്‍, നേരത്തേയുണ്ടായിരുന്ന ഗ്രൂപ് തര്‍ക്കം പറഞ്ഞുതീര്‍ക്കല്‍ മുതല്‍ നേര്‍ക്കുനേരെയുള്ള അഭ്യര്‍ഥനവരെ ഇവരെതേടിയത്തെുന്നുണ്ട്.അതിനിടെ, ചില ഡി.സി.സി പ്രസിഡന്‍റുമാരും ധര്‍മ സങ്കടത്തിലായി. സ്വന്തം നിലക്ക് സ്ഥാനാര്‍ഥി കുപ്പായം തയ്ച്ചുവെച്ചവരാണ് ഇങ്ങനെ വെട്ടിലായത്. ഇവരില്‍ പലരും മത്സരിക്കാനുള്ള താല്‍പര്യവും തങ്ങള്‍ നോക്കിവെച്ചിരിക്കുന്ന സീറ്റുമെല്ലാം കെ.പി.സി.സി പ്രസിഡന്‍റിനോട് സൂചിപ്പിച്ചിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയ സമിതിയില്‍ ഉള്‍പ്പെട്ടതോടെ സ്വന്തം പേര് സ്വയം മുന്നോട്ടുവെക്കുന്നത് എങ്ങനെയെന്ന ആശയക്കുഴപ്പത്തിലാണിവര്‍. അടുത്ത അനുയായികളെക്കൊണ്ട് പേര് മുന്നോട്ടുവെപ്പിക്കാമെന്ന് കരുതിയാലും അത് സ്വയം അംഗീകരിച്ച് കെ.പി.സി.സി പ്രസിഡന്‍റിന് അന്തിമ ലിസ്റ്റ് സമര്‍പ്പിക്കുമ്പോഴുള്ള ജാള്യവും പ്രശ്നമാണ്.
വിജയ സാധ്യതയാണ് മാനദണ്ഡമെന്ന് വന്നതോടെ സിറ്റിങ് എം.എല്‍.എമാരും മന്ത്രിമാരുമെല്ലാം സ്വന്തം സീറ്റ് ഉറപ്പിച്ച മട്ടാണ്. മണ്ഡലത്തിലെ വികസനങ്ങള്‍ ലഘുപുസ്തകങ്ങളാക്കിയും തങ്ങള്‍ മത്സരിച്ചാലേ വിജയ സാധ്യതയുള്ളൂ എന്ന് വരുത്തിയുമാണ് ഇവര്‍ സീറ്റുറപ്പിക്കുന്നത്. ഇതോടെ, സ്ഥിരം മുഖങ്ങള്‍ മാറിനില്‍ക്കുമെന്നും തങ്ങള്‍ക്ക് സീറ്റ് കിട്ടുമെന്നും പ്രതീക്ഷിച്ചിരുന്ന പുതുമുഖങ്ങളുടെ പ്രതീക്ഷ ഇടിയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.