Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightകടുപ്പത്തിലൊരു വിജയം...

കടുപ്പത്തിലൊരു വിജയം നുകരാന്‍

text_fields
bookmark_border
കടുപ്പത്തിലൊരു വിജയം നുകരാന്‍
cancel

ഗുവാഹതി: ‘ഈ ഭൂമി ഒരു കളിക്കള’മാണെന്നായിരുന്നു അസമിലെ ഗുവാഹതിയില്‍ അവസാനിച്ച ദക്ഷിണേഷ്യന്‍ ഗെയിംസിന്‍െറ ശീര്‍ഷക ഗാനത്തിന്‍െറ തുടക്കം. നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടരികിലത്തെുമ്പോള്‍, അസം എന്ന രാഷ്ട്രീയ കളിക്കളത്തിലെ ‘മാന്‍ ഓഫ് ദ മാച്ച്’ പദവിയിലത്തൊനുള്ള ശ്രമത്തിലാണ്  കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും കേന്ദ്ര കായിക മന്ത്രിയുമായ സര്‍ബാനന്ദ സോനോവാളും.

തുടര്‍ച്ചയായ15 വര്‍ഷത്തെ ഭരണത്തിനുശേഷം മറ്റൊരു അനുകൂല ജനവിധിക്കായി കാത്തിരിക്കുകയാണ് കോണ്‍ഗ്രസും തരുണ്‍ ഗൊഗോയിയും. എന്നാല്‍, 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ നേട്ടം ആവര്‍ത്തിച്ച് അസമില്‍ കാവിക്കൊടി പാറിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. 1996ല്‍ അധികാരത്തില്‍ വന്ന എ.ജി.പി (അസം ഗണപരിഷത്ത്) സര്‍ക്കാറിന്‍െറ ഭരണത്തില്‍ മനംമടുത്താണ് 2001ല്‍ ഗൊഗോയിയെ ജനം അധികാരമേറ്റിയത്. കലാപകലുഷിതമായ അസമിനെ പതിയെ സമാധാനത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയും വികസനത്തിന്‍െറ വെളിച്ചം വീശുകയും ചെയ്ത ഗൊഗോയിയെ അസമുകാര്‍ക്ക് പെരുത്തിഷ്ടായി. പിന്നീടുള്ള രണ്ടു തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് മുന്നേറ്റം തുടര്‍ന്നത് അങ്ങനെയാണ്. 79 സീറ്റാണ് നിലവില്‍ 126 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനുള്ളത്. ലോവര്‍ അസമില്‍ ബംഗാളി സംസാരിക്കുന്ന മുസ്ലിംകള്‍ക്കിടയിലെ നിര്‍ണായക ശക്തിയായ എ.ഐ.യു.ഡി.എഫിന് (ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട്) 18ഉം ബി.പി.എഫിന് (ബോഡോ പീപ്ള്‍സ് ഫ്രണ്ട്) 12ഉം സീറ്റുണ്ട്. മുന്‍ ഭരണകക്ഷിയായ എ.ജി.പി ക്ഷയിച്ചു ക്ഷയിച്ച് ഒമ്പത് സീറ്റിലത്തെിയിരിക്കുകയാണ്. ബി.ജെ.പിക്ക് അഞ്ചും തൃണമൂല്‍ കോണ്‍ഗ്രസിന് ഒന്നും സ്വതന്ത്രര്‍ക്ക് രണ്ടും സീറ്റാണുള്ളത്. ഇത്തവണ കോണ്‍ഗ്രസും എ.ഐ.യു.ഡി.എഫും എ.ജി.പിയും ഒറ്റക്കാണ് മത്സരം. ബി.ജെ.പി ബോഡോ മേഖലയില്‍ ബി.പി.എഫിനൊപ്പം ചേര്‍ന്നാണ് അങ്കത്തിനിറങ്ങുന്നത്.

ഭരണം, ഭരണവിരുദ്ധ വികാരം
പല കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും അഴിമതി ആരോപണങ്ങളില്‍ വലയുമ്പോള്‍ തരുണ്‍ ഗൊഗോയി വ്യത്യസ്തനാണ്. കാര്യമായ ആരോപണങ്ങളില്ല. സൗമ്യനെങ്കിലും എതിരാളികള്‍ക്കെതിരെ ഈ 80കാരന്‍ വാക്ശരങ്ങളുതിര്‍ക്കും. സാക്ഷാല്‍ മോദിപോലും വിയര്‍ത്തുപോയ സന്ദര്‍ഭങ്ങളേറെ. ആറു വട്ടം ലോക്സഭാംഗവും പിന്നീട് നിയമസഭയിലും തിളങ്ങിയ ഗൊഗോയ് പണ്ടേ ഗാന്ധി കുടുംബത്തിന്‍െറ വിശ്വസ്തനാണ്.
എ.ജി.പിയുടെ ഇരുണ്ട ഭരണകാലത്തില്‍നിന്ന് അസമിനെ കരകയറ്റിയതിന്‍െറ നന്ദിയാണ് ഗൊഗോയിയുടെ പിന്നീടുള്ള വിജയങ്ങള്‍. എന്നാല്‍, തുടര്‍ഭരണത്തിന്‍െറ അന്തകനാകുന്ന ഭരണവിരുദ്ധ വികാരം എന്ന ഘടകം അസമിലുണ്ട്. ഭരണം മടുത്തെന്നുപറയുന്നവര്‍ ഏറെ. ലോകത്തെ ഏറ്റവും ക്രൂരരെന്ന് വിശേഷിപ്പിക്കപ്പെട്ട ഉല്‍ഫ തീവ്രവാദികള്‍ ആയുധം താഴെ വെച്ചതാണ് കോണ്‍ഗ്രസിന്‍െറ പ്രധാന നേട്ടം. സുരക്ഷാസൈനികരും പൊലീസുമെല്ലാം  നിറഞ്ഞ അസമിലേക്ക് പണ്ട് വിനോദസഞ്ചാരികളും മറ്റും തിരിഞ്ഞുനോക്കാറില്ലായിരുന്നു. ബ്രഹ്മപുത്രയുടെ തീരത്ത്  സമാധാനത്തിന്‍െറ തോണിയിറങ്ങിയതോടെ ടൂറിസം തഴച്ചുവളര്‍ന്നു.

കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് ഉന്മേഷമേകിയതും കടുപ്പത്തിലൊരു വിജയം നുകരാനായതും തേയില തോട്ടം തൊഴിലാളികളുടെ പിന്തുണയിലായിരുന്നു. ജനപിന്തുണയുടെ കൊളുന്തു നുള്ളിയ ഗൊഗോയ് സര്‍ക്കാര്‍ തേയിലത്തൊഴിലാളികളെ മറക്കാറില്ല. രാജ്യത്തെ തേയില ഉല്‍പാദനത്തില്‍ പകുതിയിലേറെ അസമിലാണ്. 825 വന്‍കിട തേയിലത്തോട്ടങ്ങളും 68,465 ചെറുകിട തോട്ടങ്ങളുമുണ്ട്. തോട്ടങ്ങള്‍ ഏറെയുള്ള അപ്പര്‍ അസമില്‍ 2011ല്‍ 56ല്‍ 44 സീറ്റും കോണ്‍ഗ്രസിനായിരുന്നു. ബി.ജെ.പിക്കുണ്ടായിരുന്നത് രണ്ടു സീറ്റ് മാത്രം. 2011ന് ശേഷം തേയില ഉല്‍പാദനം ഗണ്യമായി കുറഞ്ഞുവരുന്നതിനനുസരിച്ച് കോണ്‍ഗ്രസിന്‍െറ ജനപിന്തുണയും കുറയുന്നത് യാദൃച്ഛികമല്ല. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അപ്പര്‍ അസം മേഖലയില്‍ കോണ്‍ഗ്രസിന് കിട്ടിയത് ഒരു സീറ്റ്. വോട്ട് ശതമാനം 34 മാത്രം. ബി.ജെ.പി ആറു സീറ്റും 45 ശതമാനം വോട്ടും നേടി കോണ്‍ഗ്രസിനെ ഞെട്ടിച്ച ജനവിധിയായിരുന്നു അത്. അന്ന് സംസ്ഥാനത്താകെ കോണ്‍ഗ്രസിന് ലീഡുണ്ടായിരുന്നത് 23 നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി വിജയം ആവര്‍ത്തിക്കില്ളെന്നാണ് കോണ്‍ഗ്രസിന്‍െറ വിശ്വാസം. മോദിയുടെയും കൂട്ടരുടെയും മോഹനവാഗ്ദാനങ്ങള്‍ സംസ്ഥാനത്ത് ഒന്നുപോലും നടപ്പായിട്ടില്ല. കേന്ദ്ര പദ്ധതികള്‍ വെട്ടിച്ചുരുക്കിയതും വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടുകള്‍ കൈമാറാത്തതും കോണ്‍ഗ്രസ് പ്രചാരണായുധമാക്കുന്നുണ്ട്. പുറമെ, തിരിച്ചടി തന്ന തേയിലത്തോട്ട മേഖലയില്‍ വാരിക്കോരി കൊടുക്കാനും തുടങ്ങിയിട്ടുണ്ട്. ഭൂരഹിതര്‍ക്ക് ഭൂമി, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര എന്നീ പദ്ധതികള്‍ക്ക് തുടക്കമായി. ഉയര്‍ന്ന കൂലിയും നിര്‍ദേശിച്ചിട്ടുണ്ട്. തോട്ടം മേഖലയായ ശിവസാഗറില്‍ വമ്പന്‍ പദയാത്രയുമായി രാഹുല്‍ ഗാന്ധി എത്തിയതും തൊഴിലാളികള്‍ക്കൊപ്പം ചെലവഴിച്ചതും ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മനസ്സില്‍ കണ്ടാണ്. സംസ്ഥാനത്ത് 18,000 ഗ്രാമങ്ങളില്‍ വൈദ്യുതി വെളിച്ചമത്തെിച്ചതായും കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ട്. പലതും കടലാസില്‍ മാത്രമാണെന്നാണ് എതിരാളികളുടെ മറുപടി.

അസം ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് കൂടിയായ ഗൊഗോയ് കായികമേഖലക്ക് നല്‍കിയ സംഭാവനകള്‍ എതിരാളികള്‍പോലും കാണിച്ചുതരും. മികച്ച സ്റ്റേഡിയങ്ങളും വമ്പന്‍ മത്സരങ്ങളും അസം കണ്ടുതുടങ്ങിയത് ഇദ്ദേഹത്തിന്‍െറ കാലത്താണ്. 2012 ജൂലൈയില്‍ കൊക്രജര്‍ കലാപത്തില്‍ 78 പേര്‍ മരിച്ചതാണ് ഗൊഗോയിയുടെ കാലത്തെ കറുത്ത പൊട്ട്. ഗ്രാമങ്ങളിലെ ജനങ്ങളുടെ ദുരിതത്തിന് കാര്യമായ പരിഹാരമായിട്ടില്ളെന്നതും ശ്രദ്ധേയമാണ്.

നിലവിലെ കക്ഷിനില (126)
കോണ്‍ഗ്രസ് 79
എ.ഐ.യു.ഡി.എഫ്  18
ബി.പി.എഫ് 12
എ.ജി.പി 9
ബി.ജെ.പി 5
തൃണമൂല്‍ കോണ്‍ഗ്രസ് 1
സ്വതന്ത്രര്‍ 2

-(തുടരും)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assam ballot 2016
Next Story