കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം
text_fieldsതിരുവനന്തപുരം: നിയമസഭാ സീറ്റ്വിഭജനത്തെച്ചൊല്ലി കലഹം മൂത്ത കേരള കോണ്‍ഗ്രസ് എമ്മില്‍ പ്രതിസന്ധി രൂക്ഷം. കെ.എം. മാണിയുമായി ഒത്തുപോകാനാകാത്ത സാഹചര്യത്തില്‍ മന്ത്രി പി.ജെ. ജോസഫ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ട് തങ്ങളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെന്നാണ് സൂചന. എന്നാല്‍, ഇങ്ങനെയൊരാവശ്യം ഉന്നയിച്ചിട്ടില്ളെന്ന് പി.ജെ. ജോസഫും മുഖ്യമന്ത്രിയും വിശദീകരിച്ചു. ഡല്‍ഹിയില്‍ റബര്‍ സമരത്തില്‍ പങ്കെടുക്കാന്‍ പോയ മാണിയും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. സമരത്തില്‍ ജോസഫ് ഗ്രൂപ്പുകാര്‍ പങ്കെടുത്തിരുന്നില്ല. അതേസമയം, പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടെന്നും ചര്‍ച്ചകള്‍ തുടരുന്നുവെന്നും പി.ജെ. ജോസഫ് സമ്മതിച്ചു. യു.ഡി.എഫില്‍ പ്രത്യേക ഘടകകക്ഷിയായി ഉള്‍പ്പെടുത്തണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. ജോസഫ് വന്ന് കണ്ടിരുന്നെന്നും ഇത്തരമൊരാവശ്യം ഉന്നയിച്ചിട്ടില്ളെന്നും മുഖ്യമന്ത്രിയും പ്രതികരിച്ചു. വാര്‍ത്തകള്‍ക്കുപിന്നാലെ ജോസഫിനെ മാണി ടെലിഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇത്തരം ആവശ്യം ഉന്നയിച്ചിട്ടില്ളെന്ന് ജോസഫ് പറഞ്ഞെന്നാണ് മാണിഗ്രൂപ് നല്‍കുന്ന വിവരം. പാര്‍ട്ടിയില്‍ ഒരു പ്രശ്നവുമില്ളെന്നും ചിലര്‍ കരുതിക്കൂട്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്നും മാണി ഡല്‍ഹിയില്‍ പ്രതികരിച്ചു. ജോസഫ് ഗ്രൂപ്പിനെ മാണി ഒതുക്കുന്നെന്ന പരാതി ഏറെനാളായി ഉന്നയിക്കുന്നുണ്ട്. മാണി നിലപാട് മാറ്റിയില്ളെങ്കില്‍ ജോസഫിലെ ഒരു വിഭാഗം ഇടതുമുന്നണിയിലേക്ക് ചേക്കേറുമെന്നും എന്നാല്‍, ജോസഫ് ഇതിനെ പിന്തുണക്കുന്നില്ളെന്നുമായിരുന്നു സൂചനകള്‍. എന്നാല്‍, ജോസഫും മാണിക്കെതിരായ നിലപാട് കടുപ്പിക്കുന്നുവെന്നാണ് പുതിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
മാണിയുമായി ചേര്‍ന്ന് മുന്നോട്ടുപോകാന്‍ കഴിയില്ളെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. പ്രത്യേക ഘടകകക്ഷിയായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടില്ളെങ്കിലും മാണിയുടെ നിലപാടില്‍ തൃപ്തരല്ളെന്ന് ജോസഫ് ഗ്രൂപ് വ്യക്തമാക്കുന്നു. ബാര്‍കോഴവേളയില്‍ മാണിക്കൊപ്പം ജോസഫ് രാജിവെക്കാന്‍ തയാറാകാത്തതുമുതലാണ് കലഹം മൂര്‍ച്ഛിച്ചത്. ഇടഞ്ഞുനില്‍ക്കുന്ന ജോസഫ് ഗ്രൂപ്പിനെ മെരുക്കാന്‍ യു.ഡി.എഫ് നേതൃത്വം ഇതിനകം ഇടപെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ അവര്‍ മുന്നണി വിടുന്നത് ഗുണകരമാകില്ളെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ട്. ലോക്സഭയിലേക്ക് ഫ്രാന്‍സിസ് ജോര്‍ജിന് ഇടുക്കി സീറ്റ് വേണമെന്ന നിലപാട് ഉയര്‍ത്തിയപ്പോള്‍ മാണി അത് വെട്ടിനിരത്തിയെന്ന് ജോസഫ് ഗ്രൂപ്പിന് പരാതിയുണ്ട്. അന്ന് ഇടതുപക്ഷത്തേക്ക് പോയിരുന്നെങ്കില്‍ വിജയം ഉറപ്പായിരുന്നു. മാണി രാജിവെച്ചപ്പോള്‍ കൈകാര്യം ചെയ്ത വകുപ്പുകള്‍ ജോസഫിനെ ഏല്‍പ്പിച്ചില്ല. മുഖ്യമന്ത്രിയാണ് അത് കൈകാര്യം ചെയ്യുന്നത്. തദ്ദേശതെരഞ്ഞെടുപ്പിലും അവഗണിച്ചു. പി.സി. ജോര്‍ജ് പാര്‍ട്ടിവിട്ടിരിക്കെ പൂഞ്ഞാര്‍ സീറ്റ് ഫ്രാന്‍സിസ് ജോര്‍ജിന് വേണ്ടി ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ല. കോട്ടയത്ത് നടത്തിയ റബര്‍ സമരത്തില്‍ ജോസ് കെ. മാണിയല്ലാതെ ആരും സമരം നടത്തേണ്ടതില്ളെന്ന നിലപാടും കൈക്കൊണ്ടുവെന്നും അവര്‍ പറയുന്നു. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും മുന്നണി മാറി മത്സരിക്കുന്നെന്ന ആക്ഷേപമാണ് ജോസഫ് ഗ്രൂപ്പിന് മുന്നില്‍ വിലങ്ങുതടിയായി നില്‍ക്കുന്നത്. ജോസഫ് മാണിക്കൊപ്പം നിന്നാല്‍തന്നെ അനുയായികളില്‍ ചിലര്‍ മറുകണ്ടം ചാടി സീറ്റ് ഉറപ്പിക്കാനും നീക്കം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.