ബി.ജെ.പിയുടെ വിശ്വപൗരന് വിജയം വിധിച്ചിട്ടില്ലേ?
text_fieldsതിരുവനന്തപുരം: ബി.ജെ.പിക്ക് സംസ്ഥാനത്ത് ഒരു ‘വിശ്വപൗരനേ’യുള്ളൂ. ഏത് തെരഞ്ഞെടുപ്പിലും മിനിമം ഗാരന്‍റി ഉറപ്പുനല്‍കുന്ന ഒരു സ്ഥാനാര്‍ഥി. മിസ്ഡ്കാള്‍ അടിച്ച് അംഗമായ ആളോടും നേതാക്കളോടും ഉറക്കത്തില്‍ ചോദിച്ചാലും അവര്‍ പറയും, അത് ഓലഞ്ചേരി വീട്ടില്‍ രാജഗോപാലാണെന്ന്. 1980 മുതല്‍ വോട്ട്രാഷ്ട്രീയത്തില്‍ ബി.ജെ.പിക്ക് (അതിനുമുമ്പ് ജനസംഘം) തോല്‍വികളിലും ചതിക്കാത്ത ചന്തുവാണ് ഒ. രാജഗോപാല്‍ എന്ന രാജേട്ടന്‍.
കൈയിലിരിപ്പുകൊണ്ട് സ്വാതന്ത്ര്യസമരത്തിന്‍െറ പൈതൃകം വിട്ടുപോയ ആര്‍.എസ്.എസിന്‍െറ ഏക കൈമുതലായ അടിയന്തരാവസ്ഥയിലെ സഹനം മുതല്‍ കേന്ദ്രമന്ത്രിസ്ഥാനത്തിന്‍െറവരെ തഴമ്പ് കേരളത്തില്‍ പതിഞ്ഞ ഏക നേതാവുകൂടിയാണ് രാജഗോപാല്‍. താമര വിരിയുന്ന ഒരു സംസ്ഥാനമായിരുന്നെങ്കില്‍ നിയമസഭയിലോ ലോക്സഭയിലോ അംഗമായിരുന്ന് 30 വര്‍ഷം തികക്കേണ്ടയാളായിരുന്നു. ജനതാപാര്‍ട്ടിയില്‍ തുടങ്ങി ബി.ജെ.പിയില്‍ തുടരുന്ന അദ്ദേഹത്തിന്‍െറ തെരഞ്ഞെടുപ്പങ്കങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും.
1960കളില്‍ ഭാരതീയ ജനസംഘത്തിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹത്തിന്‍െറ കന്നിയങ്കം 1980ലായിരുന്നു. കാസര്‍കോട്ടുനിന്ന് ലോക്സഭയിലേക്ക് ജനതാപാര്‍ട്ടി സ്ഥാനാര്‍ഥിയായി. 1989ല്‍ മഞ്ചേരിയില്‍നിന്ന് പാര്‍ലമെന്‍റിലേക്ക്, പിന്നീട് രാജഗോപാലിനെ തെക്കോട്ട് മാറ്റിപ്പിടിച്ച പാര്‍ട്ടി 1991, 1999, 2004, 2014 വര്‍ഷങ്ങളില്‍ തിരുവനന്തപുരത്തുനിന്ന് പാര്‍ലമെന്‍റിലേക്ക് നിര്‍ത്തിനോക്കി. ഫലം ഒന്നുതന്നെ-തോല്‍വി. എന്നാല്‍, തലസ്ഥാനത്തും തോറ്റെങ്കിലും പാര്‍ട്ടിക്കില്ലാത്ത സ്വീകാര്യത ഇവിടെ രാജഗോപാലിന് കൈവന്നു. 1999 മുതല്‍ തിരുവനന്തപുരം ജില്ലയില്‍ രാജഗോപാല്‍ മത്സരിച്ചാല്‍ ബി.ജെ.പിക്ക് വോട്ട് കൂടുന്നതും മറ്റാരെങ്കിലുമാണെങ്കില്‍ അത് ലഭിക്കാത്തതും സ്വീകാര്യത തെളിയിക്കുന്നതായി. ഇതിനിടയില്‍ മധ്യപ്രദേശില്‍നിന്ന് രാജ്യസഭയിലത്തെി വാജ്പേയി സര്‍ക്കാറില്‍ റെയില്‍വേ സഹമന്ത്രിയുമായി.
1991ല്‍ 7.5 ശതമാനത്തില്‍നിന്ന് 11.3 ശതമാനമാക്കി. 1999ല്‍ ലോക്സഭയില്‍ തിരുവനന്തപുരത്ത് തോറ്റെങ്കിലും വോട്ട് നാലക്കമാക്കി. ഒരു നിയമസഭാ മണ്ഡലത്തില്‍ ഒന്നാമതുമത്തെി. 2004ല്‍ ലോക്സഭയില്‍ തിരുവനന്തപുരത്ത് മൂന്നാമതത്തെി വോട്ടിങ് ശതമാനം രണ്ടിരട്ടിയാക്കി. രണ്ട് അസംബ്ളി മണ്ഡലങ്ങളില്‍ ഒന്നാമതും രണ്ടിടത്ത് രണ്ടാമതും എത്തി. അടുത്ത രണ്ടുതവണയും സ്ഥാനാര്‍ഥി മാറിയപ്പോള്‍ വോട്ടുകള്‍ ചോരുകയായിരുന്നു. 2014ല്‍ മോദിതരംഗത്തില്‍ മണ്ഡലം പിടിക്കാനത്തെിയ രാജഗോപാല്‍ രണ്ടാമതത്തെി. ഫലം ഏവരെയും ഞെട്ടിച്ചു. 32.3 ശതമാനം വോട്ട് നേടിയ അദ്ദേഹം നാല് അസംബ്ളി മണ്ഡലങ്ങളിലാണ് ഒന്നാമതത്തെിയത്. മൂന്നിടത്ത് മൂന്നാമതും.
നിയമസഭയിലേക്കും തലസ്ഥാന ജില്ലയിലായിരുന്നു രാജഗോപാലിന്‍െറ ശക്തിപ്രകടനം. 2011ല്‍ നേമം നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി രണ്ടാമതത്തെി. 2012ല്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ആദ്യമായി പാര്‍ട്ടിക്കുവേണ്ടി വോട്ടുകള്‍ നന്നായി സമാഹരിക്കാനായി. 2015ല്‍ അരുവിക്കരയില്‍ മൂന്നാമതായാണ് എത്തിയതെങ്കിലും ബി.ജെ.പി വോട്ട് 7694ല്‍നിന്ന് 34,145 ആക്കി ഉയര്‍ത്തി. 87 വയസ്സിന്‍െറ ബാല്യത്തിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജഗോപാലിനെ സ്വീകാര്യനാക്കുന്നത് മൃദുഭാഷണവും വിവേകബുദ്ധിയുമാണെന്നൊക്കെയാണ് നേതാക്കളുടെ അവകാശവാദം.
പക്ഷേ, ജീവിതത്തില്‍ സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തോട് അചഞ്ചലമായി കൂറ് പ്രകടിപ്പിക്കുന്നതിനാല്‍ ഒരിക്കലും അതില്‍ മൃദുത്വം ചേര്‍ത്തിട്ടില്ളെന്നതാണ് സത്യം. മാധ്യമങ്ങള്‍ക്കാണ് അതിന് ബി.ജെ.പി നന്ദി പറയുന്നതും. എന്‍.ഡി.എ സര്‍ക്കാര്‍ കാലത്ത് കാന്തഹാര്‍ വിമാനറാഞ്ചല്‍ സംഭവത്തില്‍ തീവ്രവാദികള്‍ അന്ന് ജയിലില്‍ കഴിഞ്ഞ പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ടെന്ന് പ്രസ്താവിച്ചത് ഒരു ഉദാഹരണം മാത്രം.
ബി.ജെ.പിയുടെ ഏക സ്ഥിരംസ്ഥാനാര്‍ഥിയായി രാജഗോപാല്‍ മാറിയത് നായര്‍സമുദായ വോട്ടുകള്‍ ആകര്‍ഷിക്കാനുള്ള കഴിവുകൂടി തിരിച്ചറിഞ്ഞാണ്. ഹിന്ദുത്വകാലത്തുപോലും പാര്‍ട്ടിയില്‍ മറ്റൊരു നേതാവിനും ഈ അടിത്തറ അവകാശപ്പെടാന്‍ കഴിയാത്തതിനാല്‍ ‘രാജഗോപാല്‍ പ്രതിഭാസം’ പാന്‍ ഹിന്ദു വോട്ടായി വിളയുന്നത് കാത്തിരിക്കുകയാണ് ബി.ജെ.പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.