ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെ ഒരു വിഭാഗം ഇടതുപക്ഷത്തേക്ക്
text_fieldsകോട്ടയം: കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നതിനിടെ ജോസഫ് വിഭാഗത്തിലെ ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ള ഒരു വിഭാഗം ഇടതുപക്ഷവുമായി അടുക്കുന്നു. സി.പി.എം നേതാക്കളുമായി കഴിഞ്ഞദിവസം നടത്തിയ രഹസ്യ കൂടിക്കാഴ്ചയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നതടക്കം ചര്‍ച്ച ചെയ്തതായാണ് സൂചന. കേരള കോണ്‍ഗ്രസില്‍നിന്ന് പ്രമുഖരുടെ സാന്നിധ്യം ഉണ്ടായാല്‍ ഇടതുമുന്നണിയില്‍ ഘടകകക്ഷിയാക്കുന്നതും ചര്‍ച്ച ചെയ്തിട്ടുണ്ട്. തീരുമാനം പെട്ടെന്ന് ഉണ്ടാകണമെന്നും ഇടതു നേതാക്കള്‍ നിര്‍ദേശിച്ചു. മൂവാറ്റുപുഴ, കുട്ടനാട്, ഇടുക്കി, കുണ്ടറ മണ്ഡലങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും പരമാവധി രണ്ട് സീറ്റുകള്‍ വരെ ഇടതുമുന്നണി നല്‍കുമെന്നാണ് വിവരം. ഫ്രാന്‍സിസ് ജോര്‍ജിന് മൂവാറ്റുപുഴയും പി.സി. ജോസഫിന് ഇടുക്കിയും. ആന്‍റണി രാജു, ഡോ. കെ.സി. ജോസഫ് എന്നിവരുടെ കാര്യത്തിലാണ് അനിശ്ചിതത്വം. ഡോ. കെ.സി. ജോസഫ് ആവശ്യപ്പെട്ട തോമസ് ചാണ്ടിയുടെ കുട്ടനാട് വിട്ട് നല്‍കുന്നതില്‍ ഇടതുപക്ഷം ഉറപ്പ് നല്‍കിയിട്ടില്ല. ആന്‍റണി രാജു തിരുവനന്തപുരം അല്ളെങ്കില്‍ കുണ്ടറ ആവശ്യപ്പെട്ടു.
നിലവില്‍ സ്കറിയ തോമസ് നയിക്കുന്ന കേരള കോണ്‍ഗ്രസ് മാത്രമാണ് ഇടതുമുന്നണിക്കൊപ്പം ഉള്ളത്. എല്ലാവരും സഹകരിച്ച് ഒറ്റ കേരള കോണ്‍ഗ്രസായി നിന്നുകൂടെ എന്ന ചോദ്യവും ഇടതു നേതാക്കള്‍ മുന്നോട്ട് വെച്ചു. അങ്ങനെയെങ്കില്‍ കടുത്തുരുത്തി സ്കറിയ തോമസിനും നല്‍കും.
പൂഞ്ഞാറില്‍ പി.സി. ജോര്‍ജിന്‍െറ കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. അവിടെ കര്‍ഷക താല്‍പര്യം സംരക്ഷിക്കുന്നവര്‍ക്ക് സീറ്റ് നല്‍കണമെന്ന് ഇന്‍ഫാം അടക്കമുള്ള സംഘടനകള്‍ ഇടതുമുന്നണിയോട് ആവശ്യപ്പെട്ടു. മുന്‍ എം.എല്‍.എ ജോര്‍ജ് ജെ. മാത്യുവിനായാണ് കര്‍ഷക സംഘടനകള്‍ നിലയുറപ്പിക്കുന്നത്. നവകേരള മാര്‍ച്ചിനിടെ മുണ്ടക്കയത്ത് എത്തിയ പിണറായി വിജയനോട് കര്‍ഷക നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
ഇടുക്കിയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയും പി.സി. ജോസഫിനുണ്ട്. പീപ്ള്‍സ്, ഇന്‍ഫാം അടക്കമുള്ള കര്‍ഷക സംഘടനകളും പിന്തുണക്കും. ഇരുവരും ഇടതുപക്ഷത്തത്തെിയാല്‍ മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസിലെ ജോസഫ് വാഴക്കനും ഇടുക്കിയില്‍ കേരള കോണ്‍ഗ്രസിലെ റോഷി അഗസ്റ്റിനും വെല്ലുവിളി നേരിടേണ്ടി വരും.
പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമായതോടെ മാണി വിഭാഗവും മറുതന്ത്രങ്ങളുമായി രംഗത്തുണ്ട്. എന്നാല്‍, ഫ്രാന്‍സിസ് ജോര്‍ജിനും പി.സി. ജോസഫിനും ഇക്കുറി സീറ്റ് നല്‍കില്ളെന്ന നിലപാടിലാണ് മാണി വിഭാഗം. ഇക്കാര്യം കെ.എം. മാണി വിശ്വസ്തരെ അറിയിച്ചിട്ടുണ്ട്. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവായ കെ.എം. ജോര്‍ജിന്‍െറ മകനായ ഫ്രാന്‍സിസ് ജോര്‍ജിന്‍െറ രാഷ്ട്രീയ ഉയര്‍ച്ച ജോസ് കെ. മാണിയുടെ ഭാവിയെ ബാധിക്കുമെന്നതാണ് മാണിയെ ഭയപ്പെടുത്തുന്നത്. ഇടുക്കി ലോക്സഭ സീറ്റില്‍നിന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ വെട്ടിയതും മാണിയായിരുന്നു. അന്ന് ഇടതു സ്വതന്ത്രനായി ജയിക്കാന്‍ സാധ്യതയുണ്ടായിട്ടും രാഷ്ട്രീയ മര്യാദ കാണിച്ച ഫ്രാന്‍സിസ് ജോര്‍ജിനെ ഇത്തവണ നിയമസഭ കാണിക്കില്ളെന്ന വാശിയിലാണ് കെ.എം. മാണി. പൂഞ്ഞാറില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കണമെന്നാണ് പി.ജെ. ജോസഫിന്‍െറ ആവശ്യം.
പൂഞ്ഞാര്‍ വിട്ടുകൊടുക്കാനും മാണി ഒരുക്കമല്ല. കേരള കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ പൂഞ്ഞാര്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാണ്. കോട്ടയം ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനിക്കായാണ് പൂഞ്ഞാര്‍ കോണ്‍ഗ്രസ് നോട്ടമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.