ചെങ്കോട്ടയിലെ വിള്ളലിന് ഉത്തരവാദിയാര്?
text_fieldsഇടതുകോട്ടയാണ് ബേപ്പൂര്‍. മണ്ഡല രൂപവത്കരണം മുതല്‍ ഒരുതവണ ഒഴികെ തുറമുഖനഗരിയിലെ കാറ്റ് ഇടതുവശത്തേക്കേ വീശിയിട്ടുള്ളൂ. പരീക്ഷണസഖ്യമായ കോലീബിപോലും അറബിക്കടലിലേക്ക് എടുത്തെറിഞ്ഞതാണ് ബേപ്പൂരിന്‍െറചരിത്രം. അതിനാല്‍തന്നെ, ഇടതുമുന്നണി ഭൂപടത്തില്‍ കടുംചുവപ്പിലാണ് ബേപ്പൂരിനെ അടയാളപ്പെടുത്തുന്നത്. വിജയവഴിയില്‍ ടി.കെ. ഹംസ നേടിയ ഹാട്രിക് ആവര്‍ത്തിക്കാന്‍ സിറ്റിങ് എം.എല്‍.എ എളമരം കരീം എത്തുമോയെന്നതാണ് മണ്ഡലത്തിലെ ചര്‍ച്ച. സി.പി.എമ്മിന്‍െറ കേന്ദ്ര കമ്മിറ്റിയംഗവും സി.ഐ.ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ എളമരം കരീംതന്നെ വീണ്ടും മത്സരിക്കണമെന്നാണ് മണ്ഡലത്തിന്‍െറ പൊതുവികാരം. എന്നാല്‍, സി.ഐ.ടിയു കേന്ദ്ര നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടി ലക്ഷ്യമിടുന്നതായ വര്‍ത്തമാനങ്ങളും ശക്തം. പോളിറ്റ്ബ്യൂറോ അംഗം ഉള്‍പ്പടെയുള്ള ഒട്ടേറെ പദവികളും പാര്‍ട്ടിയില്‍ കാത്തിരിക്കുന്നുണ്ട്.
വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയിലെ വ്യവസായമന്ത്രിയെന്ന നിലയില്‍ മണ്ഡലത്തില്‍ ഒട്ടേറെ വികസനങ്ങള്‍ എത്തിക്കാന്‍ എളമരം കരീമിനായി. ഏഷ്യയിലെ ആദ്യത്തെ യുദ്ധക്കപ്പല്‍ രൂപവത്കരണ കേന്ദ്രം (നിര്‍ദേശ്), അഡ്വാന്‍സ് ടെക്നോളജി പാര്‍ക്ക്, മറൈന്‍ പാര്‍ക്ക് എന്നിവക്ക് തറക്കല്ലിട്ടു. അടഞ്ഞുകിടന്ന ചെറുവണ്ണൂരിലെ സ്റ്റീല്‍ കോംപ്ളക്സ് തുറന്നു. മന്ത്രി തിരക്കിനിടെയിലും ഓരോമാസവും ജനങ്ങളുടെ പരാതി കേള്‍ക്കാനും സമയം കണ്ടത്തെി. ജനനംകൊണ്ട് മലപ്പുറത്തുകാരനാണെങ്കിലും കര്‍മമേഖലയെന്നും കോഴിക്കോടാണ് എളമരം കരീമിന്‍േറത്.
മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ കരാര്‍തൊഴിലാളിയായാണ് വരവ്. വാക്ചാതുരിയും വായനശീലവും സംഘാടനശേഷിയും മികച്ച നേതാവാക്കി. താമസിയാതെ തൊഴിലാളിപ്രസ്ഥാനത്തിന്‍െറ ജില്ലയിലെ അമരക്കാരനായി. വ്യവസായവും തൊഴിലാളിയും മുതലാളിയുമെന്താണെന്ന് ആരും പറഞ്ഞുകൊടുക്കേണ്ട. അതുകൊണ്ടുതന്നെ വ്യവസായമന്ത്രി പദവി എളുപ്പം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞു. വിവാദങ്ങളും ഒപ്പമുണ്ടെങ്കിലും പാര്‍ട്ടിനേതൃത്വത്തിന് എന്നും വേണ്ടപ്പെട്ടവനാണ്. ടി.പി. ചന്ദ്രശേഖരന്‍ വധത്തോടെ രൂപപ്പെട്ട വിമര്‍ശങ്ങളെ മുന്നിലിരുന്നാണ് നേരിട്ടത്.
തൊഴിലാളി നേതാവായിരിക്കെ, 1996ല്‍ കോഴിക്കോട് രണ്ടിലാണ് കന്നിയങ്കം. മുസ്ലിം ലീഗിലെ ഖമറുന്നീസ അന്‍വറിനെ തോല്‍പിച്ച് സഭയിലത്തെി. 2001ല്‍ ഇതേ മണ്ഡലത്തില്‍ ടി.പി.എം. സാഹിറിനോട് പരാജയപ്പെട്ടു. 2006ല്‍ ബേപ്പൂരില്‍നിന്ന് 19,424 വോട്ടിന്‍െറ റെക്കോഡ് ഭൂരിപക്ഷത്തില്‍ ജയിച്ചു. പിന്നെ തട്ടകം ബേപ്പൂരാക്കി. 2011ല്‍ വീണ്ടും സഭയിലേക്ക്. കോണ്‍ഗ്രസിലെ എം.പി. ആദം മുല്‍സിയോട് 5316 വോട്ടിന് ജയം. ഭൂരിപക്ഷത്തിലെ ഇടിവ് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയായി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മുന്നണിയുടെ ശക്തി വീണ്ടും ശോഷിച്ചു. സി.പി.എമ്മിലെ എ. വിജയരാഘവന് ബേപ്പൂരില്‍ 1768 വോട്ട് ലീഡാണ് ലഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വോട്ടില്‍നിന്ന് നല്ല ചോര്‍ച്ചയുമുണ്ടായി. ബി.ജെ.പിക്ക് 7000 വോട്ട് കൂടുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 60,550 കിട്ടിയിടത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 54,896 വോട്ടാണ്. ചെങ്കോട്ടയുടെ പുഴുക്കുത്തുകളായാണ് വോട്ടുചോര്‍ച്ച വിലയിരുത്തപ്പെട്ടത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍നിന്ന് മൂന്നു കൗണ്‍സിലര്‍മാരെ ബി.ജെ.പി അടിച്ചെടുത്തതും എല്‍.ഡി.എഫിന് ക്ഷീണമുണ്ടാക്കി. ബേപ്പൂര്‍ പോര്‍ട്ട്, ബേപ്പൂര്‍, മാറാട് എന്നിവിടങ്ങളിലാണ് ബി.ജെ.പി കൗണ്‍സിലര്‍മാരെ നേടിയത്. കോഴിക്കോട് കോര്‍പറേഷനിലെ ഏഴു ബി.ജെ.പി കൗണ്‍സിലര്‍മാരില്‍ മൂന്നും ബേപ്പൂരില്‍നിന്ന് വന്നത് സി.പി.എമ്മിനെ പിടിച്ചുലക്കിയിട്ടുണ്ട്. ഇടതുമുന്നണിയുടെ പൊന്നാപുരം കോട്ടയെന്ന ചരിത്രം മാറുമോയെന്ന ആശങ്കപോലും ചര്‍ച്ചയാവുന്നിടത്താണ് കാര്യങ്ങളുടെ പോക്ക്. മന്ത്രിയായിരിക്കെ എളമരം കരീം കൊണ്ടുവന്ന വികസനങ്ങള്‍ വേണ്ടവിധം ഏശിയില്ളെന്നുതന്നെയാണ് കണക്കുകള്‍ തെളിയിക്കുന്നത്.
കിനാലൂര്‍ സംഭവം, ചക്കിട്ടപാറ ഇരുമ്പയിര് ഖനനം തുടങ്ങിയ വിവാദങ്ങളും വിടാതെ പിന്തുടര്‍ന്നു. അഡ്വാന്‍സ് ടെക്നോളജി പാര്‍ക്കും മറൈന്‍ പാര്‍ക്കും നിര്‍ദേശുമെല്ലാം തുടങ്ങിയേടത്തുതന്നെയെന്ന യാഥാര്‍ഥ്യമാണ് എതിരാളികളുടെ പ്രചാരണം. അത്യാധുനിക കണ്‍വെന്‍ഷന്‍ സെന്‍റര്‍ പോലുള്ളവ പ്രഖ്യാപനത്തിലുമൊതുങ്ങി. ഭരണമില്ലാത്തതുകൊണ്ടാണ് പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുന്നതിന് തടസ്സമെന്നാണ് പാര്‍ട്ടിനേതൃത്വം പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലാടിസ്ഥാനത്തില്‍ 10,000 വോട്ടിന്‍െറ ലീഡുണ്ടെന്നും ബി.ജെ.പിയുടെ ജയങ്ങള്‍ യാദൃച്ഛികമാണെന്നും ഇവര്‍ പറയുന്നു.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.