സീറ്റുറപ്പിക്കാനും അടവുകള്‍ പലതരം
text_fieldsകണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ വിജ്ഞാപനം അടുത്തമാസം പുറത്തുവരാനിരിക്കെ, എങ്ങനെയെങ്കിലും സ്ഥാനാര്‍ഥിപ്പട്ടികയില്‍ കയറിക്കൂടുന്നതിന് ഉത്തരമലബാറില്‍ രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ നീക്കം തകൃതി. സേവപിടിത്തവും നേട്ടപ്പട്ടിക നിരത്തലും കൂറുപുലര്‍ത്തലും മുതല്‍ കുതികാല്‍വെട്ട് ഉള്‍പ്പെടെയുള്ള തന്ത്രങ്ങളുമായാണ് സ്ഥാനാര്‍ഥിമോഹികള്‍ രംഗം കൊഴുപ്പിക്കുന്നത്. സംസ്ഥാനത്തെ മറ്റു ജില്ലകളില്‍നിന്ന് വ്യത്യസ്തമായ രാഷ്ട്രീയമുഖമുള്ള കണ്ണൂരില്‍ ഘടകകക്ഷികളെ തൃപ്തിപ്പെടുത്തുന്നവിധം അസ്വാരസ്യങ്ങള്‍ ഒഴിവാക്കി മാര്‍ച്ച് ആദ്യവാരത്തോടെ പട്ടിക പുറത്തിറക്കാന്‍ ശ്രമിക്കുന്ന ഇരുമുന്നണികള്‍ക്കും അന്തിമപട്ടിക പോയിട്ട് ചുരുക്കപ്പട്ടികവരെ തട്ടിക്കൂട്ടാന്‍ കഠിനാധ്വാനംതന്നെ വേണ്ടിവരുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ പക്ഷം.
യുവത്വത്തിന്‍െറ ഊര്‍ജവും പ്രസരിപ്പും കൈമുതലാക്കിയ പുതുമുഖങ്ങള്‍ മുതല്‍ അനുഭവജ്ഞാനത്തിന് പകരമില്ളെന്ന വാദവുമായി പഴയ പടക്കുതിരകള്‍വരെ കണ്ണൂരില്‍ സജീവമായി രംഗത്തുണ്ട്.
ജില്ലയിലെ 11 നിയമസഭാസീറ്റുകളില്‍ ചിലത് ഇരുമുന്നണികളും കുത്തകയാക്കി വെച്ചതാണെങ്കിലും വ്യക്തികള്‍ സ്വന്തമാക്കിയ മണ്ഡലങ്ങള്‍ തുലോം കുറവാണ്. ധര്‍മടം, തലശ്ശേരി, പയ്യന്നൂര്‍, കല്യാശ്ശേരി, മട്ടന്നൂര്‍ എന്നീ മണ്ഡലങ്ങള്‍ ഇടതുമുന്നണി കുത്തകയാക്കിവെക്കുമ്പോള്‍ ഇരിക്കൂര്‍, കണ്ണൂര്‍, പേരാവൂര്‍ എന്നിവ യു.ഡി.എഫിനൊപ്പമാണ്. ഇരിക്കൂറില്‍ ഏഴുതവണ എം.എല്‍.എ കുപ്പായമിട്ട കെ.സി. ജോസഫിന് ഇനിയും മതിയായിട്ടില്ല. ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചുപറയുമ്പോള്‍ നെറ്റിചുളിക്കുന്നത് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ സതീശന്‍ പാച്ചേനിയും കെ.പി.സി.സി ജനറല്‍ സെക്രട്ടറി സജീവ് ജോസഫുമാണ്.
ജില്ലയില്‍ മത്സരരംഗത്ത് ഉണ്ടാവുമെന്ന് ഉറപ്പിച്ച് പറയാവുന്നവരില്‍ പ്രമുഖന്‍ പിണറായി വിജയന്‍തന്നെ. ലാവലിന്‍ ഹരജി തല്‍ക്കാലം മാറ്റിവെച്ചതോടെ എല്ലാകണ്ണുകളും കണ്ണൂരിലേക്കാണ്. ഇടതുമുന്നണിയുടെ അമരക്കാരന്‍ ധര്‍മടത്തോ തലശ്ശേരിയിലോ എന്നതുമാത്രമാണ് ചോദ്യം.
എല്‍.ഡി.എഫില്‍ സിറ്റിങ് എം.എല്‍.എമാരില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പുറമെ മത്സരിക്കില്ളെന്ന് ഉറപ്പുള്ള മറ്റൊരാള്‍ ധര്‍മടത്തെ പ്രതിനിധാനംചെയ്യുന്ന കെ.കെ. നാരായണനാണ്. ആരോഗ്യപ്രശ്നംതന്നെ കാരണം. മത്സരരംഗത്തുണ്ടാവുമെന്ന് ഉറപ്പുള്ള മറ്റൊരാള്‍ ജില്ലയിലെ മറ്റൊരു പ്രബലന്‍ കെ. സുധാകരനാണ്.
കണ്ണൂരില്‍ മത്സരിക്കാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചതോടെ സിറ്റിങ് എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടിയുടെ നില പരുങ്ങലിലുമായി. മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിന്‍െറ ഒരു സിറ്റിങ് സീറ്റില്‍ അബ്ദുല്ലക്കുട്ടിക്ക് നോട്ടമുണ്ട്. ഇതിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നില കരുക്കള്‍ നീക്കുന്നുണ്ടെന്നാണറിവ്. അല്ളെങ്കില്‍, തലശ്ശേരിയിലോ തൃക്കരിപ്പൂരിലോ അദ്ദേഹം ഭാഗ്യം പരീക്ഷിച്ചേക്കാം.
പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, അഴീക്കോട് സീറ്റുകള്‍ വെച്ചുമാറാന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ആലോചിക്കുന്നതായും അറിയുന്നു. കഴിഞ്ഞകുറി അഴീക്കോട്ടുനിന്ന് വിജയിച്ച കെ.എം. ഷാജിയെ കണ്ണൂരില്‍ കൊണ്ടുവരാനാണ് ലീഗിന്‍െറ നീക്കം. ഷാജിയെ മലപ്പുറത്തേക്ക് വണ്ടികയറ്റി അയക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ട്. ഇതിന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന്‍െറ മൗനസമ്മതമുണ്ടത്രെ.
ജില്ലയില്‍ മത്സരിക്കാന്‍ സാധ്യതയുള്ള പുതുമുഖങ്ങളില്‍ ഇടതുമുന്നണിയില്‍ സി.പി.എം ജില്ലാകമ്മിറ്റി അംഗം എം. സുരേന്ദ്രന്‍, എ.എന്‍. ഷംസീര്‍, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.എ. സരള എന്നിവരാണ്. യു.ഡി.എഫില്‍ മമ്പറം ദിവാകരന്‍, സുമ ബാലകൃഷ്ണന്‍, കെ.എം. പ്രമോദ്, കെ.സി. മുഹമ്മദ് ഫൈസല്‍, കെ.വി. ഫിലോമിന തുടങ്ങിയവരാണ് പുതുമുഖങ്ങളായി രംഗത്തുള്ളത്.
കണ്ണൂരിലെ സ്ഥാനാര്‍ഥിനിര്‍ണയത്തിന്‍െറ ചുമതലയുള്ള എം.എം. ഹസ്സന്‍െറയും എന്‍. സുബ്രഹ്മണ്യത്തിന്‍െറയും പക്കലേക്ക് ഇവരുടെ പട്ടിക പോയിട്ടുണ്ട്. മുസ്ലിം ലീഗില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് വി.കെ. അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ പ്രസിഡന്‍റ് പി. കുഞ്ഞിമുഹമ്മദ്, ട്രഷറര്‍ വി.പി. വമ്പന്‍ എന്നിവരുടെയും പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നു.
ഇരുമുന്നണികളിലെയും ചെറുകിട പാര്‍ട്ടികള്‍ക്ക് 2011ലെ അതേ സീറ്റുകള്‍തന്നെ ലഭിക്കുമെന്നാണ് കരുതുന്നത്. ഇടതുമുന്നണിക്ക് കഴിഞ്ഞതവണ ലഭിച്ച ആറു സീറ്റുകളും സി.പി.എമ്മിന് തന്നെയായിരുന്നു. സി.പി.ഐ ഇരിക്കൂറിലും കോണ്‍ഗ്രസ്-എസ് കണ്ണൂരിലും ഐ.എന്‍.എല്‍ കൂത്തുപറമ്പിലും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. സി.പി.ഐക്ക് വിജയസാധ്യതയുള്ള സീറ്റ് ലഭിച്ചാല്‍ പന്ന്യന്‍ രവീന്ദ്രന്‍ സ്ഥാനാര്‍ഥിയായേക്കും.
ഏഴു വര്‍ഷമായി യു.ഡി.എഫ് കൈവശംവെക്കുന്ന ഇരിക്കൂര്‍മണ്ഡലം തങ്ങള്‍ക്കെന്തിനെന്ന് സി.പി.ഐ പരസ്യമായി ചോദിച്ചുതുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ്-എസ് ആകട്ടെ സാക്ഷാല്‍ രാമചന്ദ്രന്‍ കടന്നപ്പള്ളിയെ കുടിയിരുത്താന്‍ മണ്ഡലം പരതുകയാണ്. ഐ.എന്‍.എല്ലിന്‍െറ സംസ്ഥാനതല നേതാക്കളിലൊരാള്‍ കൂത്തുപറമ്പില്‍ മത്സരിക്കും. യു.ഡി.എഫിലെ ചെറുകക്ഷിയായ സോഷ്യലിസ്റ്റ് ജനതാദള്‍ കഴിഞ്ഞതവണ മത്സരിച്ച കൂത്തുപറമ്പിലും മട്ടന്നൂരിലും തന്നെയാവും മാറ്റുരക്കുക. തളിപ്പറമ്പിന് പകരം മറ്റൊരു സീറ്റുകിട്ടാന്‍ കേരളാ കോണ്‍ഗ്രസിന് മോഹമുണ്ടെങ്കിലും നടക്കാനിടയില്ല. ബി.ജെ.പി എവിടെയും നിര്‍ണായകശക്തിയല്ളെങ്കിലും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കരുത്തുതെളിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.