തെരഞ്ഞെടുപ്പ് ജയിച്ചേ തീരൂ; സംഘടനാ കാര്‍ക്കശ്യം മാറ്റിവെച്ച് സി.പി.എം
text_fieldsകൊല്‍ക്കത്ത: പാര്‍ട്ടിയില്‍ തിരുത്തല്‍ തീരുമാനങ്ങളുമായി സി.പി.എം പ്ളീനം പിരിയുമ്പോള്‍ കൊല്‍ക്കത്തയില്‍ കണ്ടത് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മുമ്പുണ്ടായിട്ടില്ലാത്ത കാഴ്ചകള്‍. കേരള ഘടകത്തില്‍ പുകഞ്ഞ കൊള്ളിയായ വി.എസ്. അച്യുതാനന്ദന് കൊല്‍കത്തയില്‍ ലഭിച്ചത് മറ്റൊരാള്‍ക്കുമില്ലാത്ത പരിഗണന. മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ ഏറെക്കാലമായി നേതൃയോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. കാരാട്ടിന്‍െറ കാലത്തെ കേന്ദ്ര നേതൃത്വവുമായി ബുദ്ധദേബിന് നല്ല ബന്ധമായിരുന്നില്ല. എന്നിട്ടും പ്ളീനം ഉദ്ഘാടന റാലിയില്‍ അധ്യക്ഷനായത് ബുദ്ധദേബ്. കാരണം, വി.എസിനോളം വരില്ളെങ്കിലും ബംഗാളില്‍ ആളുകളെ ആകര്‍ഷിക്കുന്ന നേതാവ് ബുദ്ധദേബ് തന്നെയാണ്. കേന്ദ്ര കമ്മിറ്റി അംഗം മാത്രമായ വി.എസിനെ പി.ബി അംഗങ്ങള്‍ക്കൊപ്പം പ്ളീനം ഉദ്ഘാടന റാലിയിലും ആദ്യ സെഷനിലും വേദിയിലിരുത്തി. പ്ളീനം സമാപന വേദിയില്‍ വി.എസിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു.പാര്‍ട്ടിയുടെ മാര്‍ഗദീപമെന്നാണ് വി.എസ് പ്ളീനം വേദിയില്‍ വിശേഷിപ്പിക്കപ്പെട്ടത്.
പാര്‍ട്ടി അച്ചടക്കത്തിന് പരമമായ പ്രാധാന്യം കല്‍പിക്കുന്ന ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളില്‍ വിശ്വസിക്കുന്ന സി.പി.എമ്മിന്‍െറ രീതി അനുസരിച്ച് ഇതുവരെ അസംഭവ്യമായ കാര്യമാണ്. പാര്‍ട്ടിയിലെ സ്ഥാനവും കമ്മിറ്റികളിലെ ഭൂരിപക്ഷവുമല്ല, ജനപിന്തുണയാണ് കാര്യമെന്ന നിലയിലേക്ക് സി.പി.എമ്മിന്‍െറ സംഘടനാ രീതി മാറുന്നതിന്‍െറ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
10 മാസം മുമ്പ് ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോക്ക് നടത്തി പാര്‍ട്ടിയെ പ്രതിസന്ധിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ വി.എസ് ജനറല്‍ സെക്രട്ടറി നേരിട്ട് വിളിച്ചിട്ടും സമ്മേളന വേദിയിലേക്ക് തിരിച്ചത്തെിയില്ല. വി.എസിന്‍േറത് അച്ചടക്കലംഘനം തന്നെയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയടക്കം പരസ്യമാക്കി. അതിന്‍െറ പേരില്‍ നടപടിയുണ്ടായില്ളെന്ന് മാത്രമല്ല, ഇപ്പോള്‍ വി.എസ് പ്രിയപ്പെട്ടവനായി മാറുകയും ചെയ്തത് വി.എസിനോടുള്ള അടുപ്പം രഹസ്യമാക്കാത്ത സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വന്നതു കൊണ്ടുള്ള മാറ്റം മാത്രമല്ല. പാര്‍ട്ടി ചെന്നുപെട്ട സാഹചര്യത്തിന്‍െറ സൃഷ്ടികൂടിയാണ്.
കേരളത്തില്‍ പാര്‍ട്ടിക്ക് പുറത്ത് ജനപിന്തുണയുള്ള, പാര്‍ട്ടിക്ക് നിഷ്പക്ഷ വോട്ട് നേടിത്തരാന്‍ പ്രാപ്തിയുള്ള നേതാവ് വി.എസ് മാത്രമാണ്. വി.എസ് തന്നെയാണ് പാര്‍ട്ടിയിലെ വലിയ പ്രശ്നക്കാരന്‍. എത്ര വലിയ നേതാവായാലും പാര്‍ട്ടിക്ക് പ്രശ്നമായാല്‍ മാറ്റിനിര്‍ത്തുകയാണ് സി.പി.എം മുന്‍കാലങ്ങളില്‍ സ്വീകരിച്ചിട്ടുള്ള നടപടി. എന്നാല്‍, വി.എസിലെ പ്രശ്നക്കാരനോട് തല്‍കാലം പൊറുക്കാന്‍ മാത്രമേ പാര്‍ട്ടിക്ക് കഴിയൂ.
ബംഗാളിലും കേരളത്തിലും പാര്‍ട്ടി അധികാരത്തിന് പുറത്താണ്. തൃണമൂലിനെ തറപറ്റിച്ച് മമതയില്‍നിന്ന് അധികാരം തിരിച്ചുപിടിക്കുക ഇപ്പോഴത്തെ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് വിദൂര സ്വപ്നമാണ്. അതിനാല്‍, എന്തുവന്നാലും കേരളത്തില്‍ ഭരണത്തില്‍ തിരിച്ചത്തെണം. അതിന് പാര്‍ട്ടിക്ക് വി.എസിന്‍െറ സഹായമില്ലാതെ വയ്യ. എസ്.എന്‍.ഡി.പി-ബി.ജെ.പി സഖ്യവുമായി വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തിയ ഭീഷണിയില്‍നിന്ന് പാര്‍ട്ടിയെ പ്രതിരോധിച്ചത് ഏറെക്കുറെ വി.എസ് ഒറ്റക്ക് തന്നെയാണ്. അതിനാല്‍, തെരഞ്ഞെടുപ്പ് കടമ്പ കടക്കാന്‍ വി.എസിനോടുള്ള അമര്‍ഷം മറച്ചുപിടിക്കാന്‍ പിണറായിപക്ഷം നിര്‍ബന്ധിതരാണ്.
അക്കാര്യം തിരിച്ചറിഞ്ഞ് യെച്ചൂരി താല്‍പര്യമെടുത്ത് വി.എസിനെ മുന്നില്‍ നിര്‍ത്തുന്നതാണ് കൊല്‍ക്കത്തയില്‍ കണ്ടത്. ഇതോടെ ഏറെക്കാലത്തിന് ശേഷം വി.എസും പാര്‍ട്ടിയും പരസ്പരം പോരടിക്കാത്ത സമ്മേളനം എന്ന സവിശേഷത പ്ളീനത്തിന് കൈവന്നു. ഐക്യത്തിനൊപ്പം പാര്‍ട്ടി തെറ്റുതിരുത്തുകയാണെന്ന തോന്നലും നല്‍കി പ്ളീനം പിരിയുമ്പോള്‍ സി.പി.എമ്മിന് പ്രതീക്ഷകളേറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.