രണ്ടിടത്ത് ത്രികോണം, മൂന്നിടത്ത് ദ്വന്ദ്വയുദ്ധം
text_fieldsഅഞ്ച് നിയോജകമണ്ഡലങ്ങള്‍ മാത്രമുള്ള ജില്ലയാണ് കാസര്‍കോട്. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവയാണവ. നിലവില്‍ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങള്‍ യു.ഡി.എഫും (മുസ്ലിം ലീഗ്) ഉദുമ (സി.പി.എം), കാഞ്ഞങ്ങാട് (സി.പി.ഐ), തൃക്കരിപ്പൂര്‍(സി.പി.എം) നിയോജകമണ്ഡലങ്ങള്‍ എല്‍.ഡി.എഫും പ്രതിനിധാനംചെയ്യുന്നു.
കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളാണ് ജില്ലയിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. കാരണം, ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ നടക്കുന്നത്. സംസ്ഥാനത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്ന് പറയുന്ന മണ്ഡലങ്ങളാണ് മഞ്ചേശ്വരവും കാസര്‍കോടും. ഇത്തവണ ഈ വാദത്തിന് ആദ്യപരിഗണന അവര്‍ തിരുവനന്തപുരത്തേക്ക് മാറ്റിയെങ്കിലും ജില്ലയിലെ ഈ രണ്ട് മണ്ഡലങ്ങള്‍ ബി.ജെ.പി അക്കൗണ്ട് തുറക്കാനിട്ടിരിക്കുകയാണ്. 2006ലെ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം ഉള്‍പ്പെടെ നാല് മണ്ഡലങ്ങളില്‍ ഇടതുമുന്നണിയുടെ വിജയമായിരുന്നു. ബി.ജെ.പി ജയിക്കാതിരിക്കാന്‍ വോട്ട് യു.ഡി.എഫിന് മറിക്കുന്നുവെന്ന പ്രചാരണത്തെ പിന്തള്ളിയാണ് 2006ല്‍ 4829 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ മഞ്ചേശ്വരം ഇടത് പാളയത്തിലത്തെിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 5828 വോട്ടിന് യു.ഡി.എഫ് തന്നെ നേടിയതോടെ ഇടത്-വലതുമുന്നണികളിലെ 5000ത്തോളം വോട്ടുകളാണ് വിധിനിര്‍ണയിക്കുന്നതെന്ന് വ്യക്തമായി. രണ്ടാംസ്ഥാനത്ത് ബി.ജെ.പിയത്തെുമ്പോള്‍ ഇടതും വലതും തമ്മിലുള്ള മത്സരത്തില്‍ ഒരാള്‍ ജയിക്കുമ്പോള്‍ മറ്റൊരാള്‍ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുന്ന കൗതുകമാണ് മഞ്ചേശ്വരത്ത് നടക്കുക. ബി.ജെ.പിക്ക് ആനുപാതിക വര്‍ധനയോടെയുള്ള 40000ത്തോളം (2011ല്‍ 43989, 2006ല്‍ 34413) സ്ഥിരം വോട്ട് ബാങ്ക് മഞ്ചേശ്വരത്തുണ്ട്. ബി.ജെ.പി നിര്‍ണായക ശക്തിയായ മണ്ഡലത്തില്‍ മത്സരം യു.ഡി.എഫിന്‍െറയും എല്‍.ഡി.എഫിന്‍െറയും രാഷ്ട്രീയവോട്ടുകള്‍ തമ്മില്‍ തന്നെയാണെന്ന് തെളിയുന്നു. പുതിയ ‘കേന്ദ്ര പ്രഭാവ’ത്തില്‍ കാസര്‍കോടും മഞ്ചേശ്വരവും പിടിക്കാമെന്നാണ് അവര്‍ കരുതുന്നത്്. അഞ്ചു മണ്ഡലങ്ങളില്‍ നാലും പിടിക്കാനാണ് ഇടതുമുന്നണി തയാറെടുക്കുന്നത്. നാലാമത്തേതാണ് മഞ്ചേശ്വരം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് യു.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടായിരുന്നുവെന്നതാണ് സത്യം. 20000ത്തിലേറെ വോട്ട് ടി. സിദ്ദിഖ് നേടിയിട്ടുണ്ട്. ഇതാണ് യു.ഡി.എഫിന്‍െറ ബലം. ഇടതുമുന്നണി മൂന്നാംസ്ഥാനത്താണുണ്ടായിരുന്നത്. അടുത്തുവരാനിരിക്കുന്നത് ഇടതുമുന്നണിയുടെ ഭരണമാണെന്ന സന്ദേശമാണ് മഞ്ചേശ്വരത്ത് അവര്‍ നല്‍കാന്‍ പോകുന്നത്. പിണറായി നയിച്ച നവകേരള മാര്‍ച്ചിന്‍െറ ഉദ്ഘാടനചടങ്ങിലെ പ്രസംഗത്തില്‍ മഞ്ചേശ്വരം മണ്ഡലത്തിന് വലിയ പ്രാധാന്യംനല്‍കുകയും ചെയ്തു.
കാസര്‍കോട് മണ്ഡലത്തില്‍ മത്സരം ബി.ജെ.പിയും യു.ഡി.എഫും തമ്മിലാണ്. 2006ലെ തെരഞ്ഞെടുപ്പില്‍, അതായത് ഇടതുമുന്നണി അധികാരത്തിയത്തെിയ തെരഞ്ഞെടുപ്പില്‍ 10342 വോട്ടിനാണ് യു.ഡി.എഫിലെ സി.ടി. അഹമ്മദലി ജയിച്ചത്. എല്‍.ഡി.എഫിനെതിരെ ഭരണവിരുദ്ധ തരംഗമുണ്ടായ 2011ലെതെരഞ്ഞെടുപ്പില്‍ ഈ ഭൂരിപക്ഷം 9738 ആയി കുറയുകയാണ് ചെയ്തത്. ഇത് യു.ഡി.എഫിനെ ആശങ്കയിലാക്കുന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിച്ചേക്കുമെന്ന പ്രതീതി വരെയുണ്ടായിരുന്നു. ഇടതു മുന്നണിക്കുവേണ്ടി ഐ.എന്‍.എല്‍ സ്ഥാനാര്‍ഥിയാണ് കാസര്‍കോട് മത്സരിക്കുക. ഐ.എന്‍.എല്ലിന് സ്വാധീനമുള്ള മണ്ഡലമാണിത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥികള്‍ കനത്ത മത്സരമാണ് ലീഗ് കേന്ദ്രങ്ങളില്‍ കാഴ്ച്ചവെച്ചതെന്നതും കാസര്‍കോട് മണ്ഡലത്തിലെ ത്രികോണ സാധ്യതകളെ ശക്തിപ്പെടുത്തുന്നു. സ്ഥാനാര്‍ഥിയുടെ കരുത്തിനെയും എല്‍.ഡി.എഫ് പ്രവര്‍ത്തനത്തെയും ആശ്രയിച്ചായിരിക്കും ഇത്തവണ ബി.ജെ.പിയുടെ ജയപരാജയങ്ങള്‍ കാസര്‍കോട് മണ്ഡലത്തില്‍ നിര്‍ണയിക്കപ്പെടുക.
ഇടതുമുന്നണി അധികാരത്തില്‍ വരുമ്പോള്‍ 20000ത്തിന് മുകളില്‍ ഭൂരിപക്ഷം നേടുന്ന മണ്ഡലങ്ങളാണ് ഉദുമയും കാഞ്ഞങ്ങാടും തൃക്കരിപ്പൂരും. യു.ഡി.എഫ് അധികാരത്തില്‍വന്ന 2011ല്‍ ഉദുമയില്‍ 11380ഉം കാഞ്ഞങ്ങാട് 12178ഉം തൃക്കരിപ്പൂരില്‍ 8765ഉം ഭൂരിപക്ഷമാണുണ്ടായിരുന്നത്. 2006ലെ തെരഞ്ഞെടുപ്പില്‍ ഉദുമയില്‍ 27294ഉം കാഞ്ഞങ്ങാട് (പഴയപേര് ഹോസ്ദുര്‍ഗ്) 34939ഉം തൃക്കരിപ്പൂരില്‍ 23828ഉം ഭൂരിപക്ഷമാണ് ഇടതുമുന്നണി നേടിയത്.
കാസര്‍കോട് മണ്ഡലത്തില്‍നിന്ന് മുളിയാര്‍ പഞ്ചായത്ത് ഉദുമയിലേക്കും അജാനുര്‍ ഉദുമയില്‍നിന്ന് കാഞ്ഞങ്ങാട്ടേക്കും നിലേശ്വരം കാഞ്ഞങ്ങാട്ടുനിന്ന് തൃക്കരിപ്പൂരിലേക്കും മാറ്റി 2011 നിയമസഭാ തെരഞ്ഞെടുപ്പില്‍ പുനര്‍നിര്‍ണയിച്ചിരുന്നു. പുനര്‍നിര്‍ണയം ഇടതുകോട്ടകള്‍ക്ക് ഭീഷണിയാകാറില്ളെ്ളന്ന നിഗമനത്തിലാണ് ഇപ്പോഴത്തെയും രാഷ്ട്രീയസ്ഥിതി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉദുമയില്‍ യു.ഡി.എഫിന് നേരിയ മുന്‍തൂക്കുമുള്ളത് ബന്ധപ്പെട്ട കേന്ദ്രങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് നിയമസഭയില്‍ പ്രതിഫലിക്കാറില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് നഷ്ടപ്പെട്ടെങ്കിലും ഇടതുമുന്നണിക്കാണ് നേട്ടം. കാഞ്ഞങ്ങാട് നഗരസഭ കാല്‍നൂറ്റാണ്ടിനുശേഷം ഇടതുപക്ഷം പിടിച്ചെടുത്തു. കോണ്‍ഗ്രസിന് വിമതര്‍ കാരണം തട്ടകമായ ഈസ്റ്റ് എളേരി നഷ്ടപ്പെട്ടു. 38 ഗ്രാമപഞ്ചായത്തുകളില്‍ 17 യു.ഡി.എഫിനും 16 എല്‍.ഡി.എഫിനും നാല് ബി.ജെ.പിക്കും ഒന്ന് കോണ്‍ഗ്രസ് വിമതനും ലഭിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം കാര്യമായ ചലനം സൃഷ്ടിക്കാറില്ല. അതിനുതകുന്ന വന്‍ അട്ടിമറികള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നടന്നിട്ടില്ല. ജില്ലാ പഞ്ചായത്ത് വോട്ടുകളുടെ കാര്യത്തില്‍ ഇടതുമുന്നണിയാണ് നാല് മണ്ഡലങ്ങളില്‍ മുന്നിലുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞതിന്‍െറ ക്ഷീണം തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി തീര്‍ത്തിട്ടുണ്ട്. സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ് മുസ്ലിം ലീഗ്, ബി.ജെ.പി, ഐ.എന്‍.എല്‍ എന്നിവയാണ് ജില്ലയിലെ പ്രധാന പാര്‍ട്ടികള്‍. ന്യൂനപക്ഷ വിഭാഗങ്ങളില്‍ സ്വാധീനമുള്ള വെല്‍ഫെയര്‍ പാര്‍ട്ടി, പി.ഡി.പി എന്നിവയുടെ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ സജീവമാണ്. എസ്.ഡി.പി.ഐ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 9713 വോട്ട് നേടി. ആംആദ്മി പാര്‍ട്ടിക്ക് 4996 വോട്ടാണ് ലഭിച്ചത്. കണ്ണൂര്‍ ജില്ലയിലെ രണ്ട് മണ്ഡലങ്ങളില്‍ കൂടിയുള്ള വോട്ടുകളാണിവ. വെല്‍ഫെയര്‍ പാര്‍ട്ടി നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടില്ല. എസ്.എന്‍.ഡി.പിയുടെ പുതിയ പാര്‍ട്ടിയായ ബി.ഡി.ജെ.എസ് പ്രതിനീധീകരിക്കുന്ന സാമൂഹിക വിഭാഗമായ തീയസമുദായവും എസ്.എന്‍.ഡി.പിയും കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങള്‍ ഒഴികെയുള്ള നാല് മണ്ഡലങ്ങളില്‍ സജീവമാണ്. എന്നാല്‍ മുഖ്യധാരാ രാഷ്ട്രീയത്തിന്‍െറ ഭാഗമായാണ് ഈ വിഭാഗങ്ങള്‍ ഇപ്പോഴും തുടരുന്നത്. എന്‍.എസ്.എസ്, കാന്തപുരം സുന്നിവിഭാഗങ്ങള്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രത്യേകമായ സമീപനം സ്വീകരിച്ചിട്ടില്ല.
പ്രശ്നങ്ങള്‍ ഒഴിഞ്ഞ അന്തരീക്ഷത്തിലാണ് ജില്ലയിലെ ഏറ്റവുംവലിയ പാര്‍ട്ടിയായ സി.പി.എം. കോണ്‍ഗ്രസിനകത്തും ലീഗിനകത്തും പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ സി.പി.എം ഇടപെട്ടതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യ പാര്‍ട്ടി വിഷയമാകാന്‍ പോകുകയാണ്.
സി.പി.എം വലിയ വാഗ്ദാനങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നല്‍കിക്കഴിഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളജിനൊപ്പം പ്രഖ്യാപിച്ച കാസര്‍കോട് മെഡിക്കല്‍ കോളജ് കല്ലില്‍ ഉറങ്ങുകയാണ്. ഇതിന്‍െറ പേരില്‍ പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്. യു.ഡി.എഫിനെയാണ് മെഡിക്കല്‍ കോളജ് പ്രശ്നം ബാധിക്കുക. ജില്ലയിലെ എം.എല്‍.എമാരില്‍ ആരും മോശക്കാരല്ളെന്ന സ്ഥിതിയാണിപ്പോഴുള്ളത്. അവരുടെ പാര്‍ട്ടി തീരുമാനങ്ങള്‍ക്കായിരിക്കും മുന്‍ഗണന ലഭിക്കുക.
ഉദുമയിലും കാഞ്ഞങ്ങാട്ടും ഇടത് സ്ഥാനാര്‍ഥികള്‍ തുടരാനാണ് സാധ്യത. ഇ. ചന്ദ്രശേഖരന്‍ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം എന്ന നിലയില മലബാറില്‍ മത്സരിച്ചേക്കാവുന്ന മുതിര്‍ന്ന നേതാവാണ്. ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ ജില്ലക്ക് ഒരു മന്ത്രിസ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.