ബംഗാളില്‍ കോണ്‍ഗ്രസ്-സി.പി.എം നീക്കുപോക്ക് വരുന്നു
text_fieldsന്യൂഡല്‍ഹി: കേരളത്തിലും പശ്ചിമ ബംഗാളിലും ഒരുമിച്ച് നിയമസഭാ തെരഞ്ഞെടുപ്പു നടക്കാന്‍ പോവുന്നതിനിടയില്‍ കോണ്‍ഗ്രസുമായി ബംഗാളില്‍ സഖ്യത്തിനുള്ള സാധ്യതകള്‍ സി.പി.എം തള്ളി. സഖ്യ നീക്കങ്ങളെക്കുറിച്ച് പ്രചരിക്കുന്നത് ഊഹാപോഹം മാത്രമാണെന്ന് പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന സംസ്ഥാന ഘടകത്തിലെ ശക്തമായ വാദഗതികള്‍ക്കിടയിലാണ്, പാര്‍ട്ടി നേതൃത്വം നിലപാട് ആവര്‍ത്തിച്ചത്. കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് 21ാം പാര്‍ട്ടി കോണ്‍ഗ്രസ് എടുത്ത തീരുമാനത്തില്‍ മാറ്റമില്ളെന്നാണ് പി.ബി ഇപ്പോള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയത്.
കേരളത്തിലെ സാധ്യതകളെ ബാധിക്കുന്ന സഖ്യനീക്കത്തിന് ഒരുങ്ങരുതെന്ന കേരളഘടകത്തിന്‍െറ ശക്തമായ സമ്മര്‍ദംകൂടിയാണ് പുതിയ പ്രസ്താവനയില്‍ പ്രതിഫലിക്കുന്നത്. കൊല്‍ക്കത്ത പ്ളീനത്തിനിടയില്‍ കോണ്‍ഗ്രസ്-സി.പി.എം സഖ്യമെന്ന വിഷയത്തിന്മേല്‍ വലിയ ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും നടന്നിരുന്നു.
രണ്ടാമൂഴത്തിലേക്ക് നീങ്ങുന്ന മമത ബാനര്‍ജിയെ സമ്മര്‍ദത്തിലാക്കുന്നതാണ് കോണ്‍ഗ്രസ്-സി.പി.എം സഖ്യ ചര്‍ച്ചകള്‍. മമതയുമായി വിലപേശാന്‍ കോണ്‍ഗ്രസിന് വലിയൊരു അവസരമാണ് ഈ ചര്‍ച്ച വഴി ലഭിക്കുന്നത്. മമതയും കോണ്‍ഗ്രസുമായി അടുക്കുന്ന ഏതു സാഹചര്യവും ഒഴിവാക്കാന്‍ സി.പി.എമ്മും ശ്രമിക്കുന്നു. ചര്‍ച്ച ഉയര്‍ന്നു വന്നത് ഈ പശ്ചാത്തലത്തിലാണ്.
കോണ്‍ഗ്രസും സി.പി.എമ്മും യോജിച്ചുനിന്നാല്‍ മമതക്ക് തിരിച്ചു വരവ് എളുപ്പമാവില്ല. ബംഗാളിലെ സാഹചര്യങ്ങളില്‍ ഇത്തരമൊരു ബന്ധത്തിന് സംസ്ഥാന ഘടകത്തിലെ വലിയൊരു വിഭാഗം അങ്ങേയറ്റം ആഗ്രഹിക്കുകയും ചെയ്യുന്നു. കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഒരേസമയത്തല്ലായിരുന്നെങ്കില്‍ ഇത് യാഥാര്‍ഥ്യമാകാന്‍ സാധ്യത ഏറെയുണ്ട്. പക്ഷേ, കോണ്‍ഗ്രസും സി.പി.എമ്മും മുഖ്യശത്രുക്കളായി നില്‍ക്കുന്ന കേരളത്തിലെ സാധ്യതകളത്തെന്നെ ബാധിക്കുന്നതാണ് ഈ ബന്ധം.
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള സി.പി.എം നേതൃനിരയിലെ ആലോചനകളെ ഇടതു ചേരിയിലെ സി.പി.ഐയും ഫോര്‍വേഡ് ബ്ളോക്കും എതിര്‍ക്കുന്നു. ആണവകരാറിന്‍െറ നേരത്ത് വിശ്വാസവഞ്ചന കാട്ടിയ കോണ്‍ഗ്രസിനെ വിണ്ടും ഒപ്പം കൂട്ടരുതെന്നാണ് അവരുടെ പക്ഷം.കോണ്‍ഗ്രസ്-സി.പി.എം പരസ്യബന്ധം പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാവില്ളെങ്കിലും, മണ്ഡലാടിസ്ഥാനത്തില്‍ നീക്കുപോക്കുകള്‍ക്ക് സാധ്യത ഏറിയിട്ടുണ്ട്. മമത ക്ഷീണിക്കാതെ തങ്ങള്‍ക്ക് സാധ്യതയില്ളെന്ന തിരിച്ചറിവു മാത്രമല്ല കാരണം. ബി.ജെ.പിയോട് തെരഞ്ഞെടുപ്പിനു ശേഷം മമത അടുത്തേക്കാമെന്ന് കോണ്‍ഗ്രസ് സംശയിക്കുന്നുണ്ട്. എന്നാല്‍, സി.പി.എമ്മിനെ വിശ്വസിക്കാവുന്ന സുഹൃത്ത് എന്ന നിലയിലാണ് കോണ്‍ഗ്രസ് കാണുന്നത്.
ദേശീയതലത്തില്‍ 2004ലെ യു.പി.എ സഖ്യത്തെ സി.പി.എം പുറമെനിന്ന് പിന്തുണച്ചിരുന്നു. ബി.ജെ.പിക്കെതിരായ പോരാട്ടം കൂടുതല്‍ പ്രസക്തമായ ഈ ഘട്ടത്തില്‍ പശ്ചിമ ബംഗാളിനും ശേഷമുള്ള ദേശീയ ചിത്രത്തിലാണ് കോണ്‍ഗ്രസിന്‍െറ കണ്ണ്. അവിടെ മമതയേക്കാള്‍, കോണ്‍ഗ്രസിന് സ്വീകാര്യം സി.പി.എമ്മും മറ്റ് ഇടതു പാര്‍ട്ടികളുമാണ്. മമതയാകട്ടെ, ബി.ജെ.പിക്കൊപ്പം പോവുമെന്ന പ്രചാരണങ്ങളെ അങ്ങേയറ്റം ഭയക്കുന്നു. മമതക്ക് നിര്‍ണായകമായ മുസ്ലിം വോട്ടുബാങ്ക് തന്നെ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.