തുഷാറിന്‍െറ കേന്ദ്രമന്ത്രി മോഹത്തിന് വിലങ്ങായി ബി.ജെ.പി നേതൃത്വം
text_fieldsതിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിക്ക് കേന്ദ്രമന്ത്രിസ്ഥാനം നല്‍കുന്നതിനോട് ബി.ജെ.പി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്ക് വിയോജിപ്പ്. കേന്ദ്ര സര്‍ക്കാറില്‍ കേരളത്തിന് പ്രാതിനിധ്യം ഇല്ലാതിരിക്കുമ്പോള്‍ ബി.ജെ.പിക്ക് പുറത്തേക്ക് മന്ത്രിപദവി പോകുന്നതിനോട് നേതൃത്വത്തിന് താല്‍പര്യമില്ല. ബി.ഡി.ജെ.എസുമായുള്ള തെരഞ്ഞെടുപ്പുസഖ്യ ചര്‍ച്ചയുടെ ഭാവിക്ക് ഉള്‍പ്പെടെ ഇത് വെല്ലുവിളി ഉയര്‍ത്തിയേക്കും.
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്‍െറ വികാരം അറിഞ്ഞാണ് കേന്ദ്ര നേതൃത്വത്തിന്‍െറ നീക്കം. മന്ത്രിസ്ഥാന ആഗ്രഹം ഉന്നയിച്ച ബി.ഡി.ജെ.എസ് നേതൃത്വത്തോട് കേരളത്തില്‍ എന്‍.ഡി.എ മുന്നണിയുടെ ഭാഗമാകാന്‍ മാത്രമാണ് കൂടിക്കാഴ്ചയില്‍ ഷാ നിര്‍ദേശിച്ചത്. മന്ത്രിസഭാ പ്രവേശ ചര്‍ച്ചയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ മൗനം പാലിക്കുന്നത് നേതൃത്വത്തിന്‍െറ വികാരം പ്രതിഫലിപ്പിക്കുന്നതാണ്. ബി.ജെ.പി ദേശീയ പ്രസിഡന്‍റ് അമിത്ഷായുമായി ഈമാസം 17 ന് നടന്ന കൂടിക്കാഴ്ചയിലാണ് ബി.ഡി.ജെ.എസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളിയും ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവും കേന്ദ്രമന്ത്രിസ്ഥാന ആവശ്യം ഉന്നയിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാനും ശക്തമായ സാന്നിധ്യം അറിയിക്കാനുമുള്ള പരിശ്രമത്തിലാണ് ബി.ജെ.പി. ഇതിനിടെ, ബി.ഡി.ജെ.എസിന്‍െറ ആവശ്യത്തിന് വഴങ്ങുന്നത് തങ്ങളുടെ രാഷ്ട്രീയ ഭാവിക്ക് തുരങ്കം വെക്കും എന്ന വിലയിരുത്തലാണ് ബി.ജെ.പി നേതൃത്വത്തിനുള്ളത്. കേന്ദ്ര മന്ത്രിസഭയില്‍ കേരള ബി.ജെ.പിക്ക് പ്രാതിനിധ്യം വേണമെന്ന ആവശ്യം തുടക്കം മുതലേ ഉണ്ട്. എന്നാല്‍, മുതിര്‍ന്ന നേതാവായ ഒ. രാജഗോപാലിനുപോലും അത് ലഭിച്ചിട്ടില്ല. ഇതിനിടെയാണ് ബി.ജെ.പി സഖ്യത്തിന് മുന്നോടിയായി എസ്.എന്‍.ഡി.പി നേതൃത്വം കേന്ദ്രമന്ത്രിസ്ഥാനം എന്ന ആവശ്യം മുന്നോട്ടു വെച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ളെന്ന നിലപാടിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം.
ഇത്തരം ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നത് ബി.ജെ.പിയുടെ മേല്‍ക്കൈ ഇല്ലാതാക്കുകയും സഖ്യകക്ഷി എന്നതില്‍നിന്ന് ബി.ഡി.ജെ.എസിനെ മുഖ്യകക്ഷിയാക്കി മാറ്റുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കേരളത്തില്‍നിന്ന് ഒരു നേതാവിനെ മറ്റേതെങ്കിലും സംസ്ഥാന നിയമസഭ വഴി രാജ്യസഭയില്‍ എത്തിക്കാനാണ് കേന്ദ്രനേതൃത്വം ആലോചിക്കുന്നത്. ബി.ഡി.ജെ.എസ് ഭാരവാഹികളെ തീരുമാനിക്കുന്നതില്‍ എസ്.എന്‍.ഡി.പി നേതൃത്വം കാണിച്ച അമാന്തം സമത്വ മുന്നേറ്റ യാത്ര സൃഷ്ടിച്ച ആവേശത്തെ കെടുത്തിയെന്ന അഭിപ്രായവും ബി.ജെ.പിയില്‍ ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.