ബി.ജെ.പി: ലക്ഷ്യം പിന്നാക്ക പ്രീണനം; കടിഞ്ഞാണ്‍ മുന്നാക്ക വിഭാഗത്തിന്
text_fieldsതിരുവനന്തപുരം: പിന്നാക്ക സമുദായങ്ങളെ ഒപ്പം കൂട്ടി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ ലക്ഷ്യമിടുമ്പോഴും ബി.ജെ.പി സംസ്ഥാന ഘടകത്തിന്‍െറ നിയന്ത്രണം മുന്നാക്ക സമുദായങ്ങളുടെ കൈകളില്‍. അതേസമയം, സഖ്യസാധ്യത തേടുന്നതിനിടെ വെള്ളാപ്പള്ളി നടേശന്‍െറ ബി.ജെ.ഡി.എസിന് ബദലായി ഒ.ബി.സി മോര്‍ച്ചക്കും ബി.ജെ.പി രൂപം നല്‍കി.
പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഉള്‍പ്പെടെ 23 സംസ്ഥാന ഭാരവാഹികളുടെ പട്ടികയാണ് പുതുതായി പ്രഖ്യാപിച്ചത്. ഇതില്‍ 15 പേരും നായര്‍ ഉള്‍പ്പെടെ സവര്‍ണ വിഭാഗത്തില്‍ നിന്നാണ്. മൂന്ന് പേര്‍ മാത്രമാണ് പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ളത്. ദലിത് വിഭാഗത്തില്‍നിന്ന് രണ്ട് പേരും. അഞ്ച് ജനറല്‍ സെക്രട്ടറിമാരില്‍ രണ്ടും ഒമ്പത് വൈസ് പ്രസിഡന്‍റുമാരില്‍ അഞ്ചും എട്ട് സംസ്ഥാന സെക്രട്ടറിമാരില്‍ അഞ്ചു പേരും സവര്‍ണരാണ്. പുറമെ പാര്‍ട്ടി ട്രഷററും വക്താവും സവര്‍ണവിഭാഗ പ്രതിനിധികളാണ്.
നായര്‍ വിഭാഗക്കാരനായ സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനില്‍നിന്ന് സവര്‍ണ പ്രാതിനിധ്യം തുടങ്ങുന്നു. കെ. സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. പുറമെ ആര്‍.എസ്.എസില്‍ നിന്നത്തെിയ സംഘടനാ ജനറല്‍ സെക്രട്ടറി ഉമാകാന്തനുമുണ്ട്. ഇതില്‍ എ.എന്‍. രാധാകൃഷ്ണന്‍, ഉമാകാന്തന്‍ എന്നിവര്‍ നായര്‍ വിഭാഗമാണ്. സുരേന്ദ്രനും ശോഭാ സുരേന്ദ്രനും ഈഴവ വിഭാഗവും എം.ടി. രമേശ് ഗുരുക്കള്‍ ജാതിയില്‍ നിന്നുമാണ്. വൈസ് പ്രസിഡന്‍റുമാരില്‍ കെ.പി. ശ്രീശന്‍, നിര്‍മല കുട്ടികൃഷ്ണന്‍, ബി.ആര്‍. രാധാമണി എന്നിവര്‍ നായര്‍ വിഭാഗത്തിലും എം.എസ്. സമ്പൂര്‍ണ തമിഴ് ബ്രാഹ്മണനും പ്രമീളാ നായക് കാസര്‍കോട്ടെ മേല്‍ജാതി നായക് വിഭാഗത്തില്‍ നിന്നുമാണ്. ബാക്കി വൈസ് പ്രസിഡന്‍റുമാരില്‍ പി.എം. വേലായുധനും പി.പി. വാവയും എസ്.സിയും എന്‍. ശിവരാജന്‍ തരകന്‍ ജാതിയിലുമാണ്. ഈഴവ വിഭാഗത്തില്‍ നിന്നാരും ഇല്ല. അവശേഷിക്കുന്നത് ക്രിസ്ത്യന്‍ വിഭാഗത്തിലെ ജോര്‍ജ് കുര്യനാണ്. സെക്രട്ടറിമാരില്‍ വി.വി. രാജേഷ്, വി.കെ. സജീവന്‍, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, സി. കൃഷ്ണകുമാര്‍, എസ്. ഗിരിജാകുമാരി എന്നിവര്‍ നായര്‍ വിഭാഗക്കാരാണ്.
ബാക്കിയുള്ള സി. ശിവന്‍കുട്ടി വിശ്വകര്‍മ വിഭാഗത്തിലും രാജി പ്രസാദ് പട്ടികജാതി വിഭാഗത്തിലും എ.കെ. നസീര്‍ മുസ്ലിം വിഭാഗത്തിലുമാണ്. ട്രഷററായ പ്രതാപചന്ദ്ര വര്‍മയും സംസ്ഥാന വക്താവ് ജെ.ആര്‍. പത്മകുമാറും നായര്‍ വിഭാഗക്കാരാണ്. ഇവിടെയും ഈഴവ പ്രാതിനിധ്യം ഇല്ല. പിന്നാക്കജാതി സംരക്ഷണം പ്രസംഗത്തില്‍ മാത്രം ഒതുങ്ങുന്നുവെന്ന ആക്ഷേപം പാര്‍ട്ടിയിലുണ്ട്.
എസ്.എന്‍.ഡി.പി നേതൃത്വം ബി.ഡി.ജെ.എസ് രൂപവത്കരിച്ചതിന് പിന്നാലെയാണ് ബി.ജെ.പി ഒ.ബി.സി മോര്‍ച്ച ആരംഭിച്ചത്. ഇടതുപക്ഷത്തോടൊപ്പം അണിനിരന്ന ഈഴവ വിഭാഗത്തില്‍ കണ്ണുനട്ടാണ് എസ്.എന്‍.ഡി.പി നേതൃത്വത്തെ സംഘ്പരിവാര്‍ കൂടാരത്തിലേക്ക് എത്തിച്ചത്. എന്നാല്‍,
ബി.ജെ.പിയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന പിന്നാക്ക വിഭാഗങ്ങള്‍ ബി.ഡി.ജെ.എസിലേക്ക് പോകുന്നത് തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നീക്കം. പിന്നാക്ക വിഭാഗങ്ങളുടെ അവകാശം മുഴുവന്‍ വെള്ളാപ്പള്ളി നടേശനിലേക്ക് ഒതുങ്ങുന്നത് ബി.ജെ.പിയുടെ ഭാവി രാഷ്ട്രീയത്തിന് വെല്ലുവിളിയാവുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. ഒ.ബി.സി മോര്‍ച്ചയുടെ പ്രസിഡന്‍റായി നിയോഗിച്ചിരിക്കുന്ന പുഞ്ചക്കര സുരേന്ദ്രന്‍ നാടാര്‍ വിഭാഗത്തില്‍ നിന്നാണെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.