ആരോടും പരിഭവമില്ലാതെ
text_fieldsരാഷ്ട്രീയകാര്യങ്ങളില്‍ ഒരു പാഠം പഠിച്ച നിലയിലാണ് ഇപ്പോള്‍ പത്തനംതിട്ടക്കാര്‍. ഒരു പക്ഷത്തോടും പരിഭവമില്ല, അടുപ്പവുമില്ല. വോട്ടെടുപ്പ് വരുമ്പോള്‍ വഞ്ചികളില്‍ കാണിക്കയര്‍പ്പിക്കുന്നപോലെ പോയൊരു കുത്തുകുത്തും. ഇരിക്കട്ടെ നമ്മുടെ വകയും എന്നമട്ടില്‍. ഈ മനോഭാവം പണ്ട് ഇവിടത്തുകാര്‍ക്ക് ഉണ്ടായിരുന്നില്ല. യു.ഡി.എഫിനോടാണ് പത്തനംതിട്ടക്കാര്‍ക്ക് കൂറു കൂടുതല്‍ എന്ന ചൊല്ല് നാട്ടിലുണ്ട്. അത് തിരുത്തിയ ചരിത്രവും പലതവണ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തെക്കന്‍കേരളം പാടേ ഇടതുപക്ഷത്തേക്ക് ചാഞ്ഞപ്പോള്‍ പത്തനംതിട്ടക്കാരും ഒന്നു ചരിഞ്ഞു ഇടത്തേക്ക്. അഞ്ചില്‍ മൂന്ന് എം.എല്‍.എമാര്‍ അന്ന് ഇടതു പക്ഷക്കാരായി.
2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് വന്‍ ഭൂരിപക്ഷം നേടി. അതും കഴിഞ്ഞ് ഇത്തവണ ത്രിതല തെരഞ്ഞെടുപ്പത്തെിയപ്പോള്‍ പത്തനംതിട്ടയിലെ ജനവിധി എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും മുഖത്ത് പുഞ്ചിരി വിടര്‍ത്തുന്നതായിരുന്നു. ഫലംവന്നപ്പോള്‍ എല്ലാവരും സംതൃപ്തര്‍. മേല്‍ക്കൈ യു.ഡി.എഫിന് തന്നെയായിരുന്നു. അത് അവര്‍ ആഘോഷമാക്കി. ഇടതുപക്ഷം പഴയ പരിതാവസ്ഥയില്‍നിന്ന് സ്ഥിതി മെച്ചപ്പെടുത്തി. അത് നേട്ടമായി അവരും ആഘോഷിച്ചു. വോട്ടുബാങ്കില്‍ വന്‍ വര്‍ധന നേടിയത് ബി.ജെ.പിയും കേമമായി ആഘോഷിച്ചു. ഇതാണ് അഞ്ചാണ്ടിനിടെ പത്തനംതിട്ടക്കാരുടെ രാഷ്ട്രീയനിലപാടിലുണ്ടായ മാറ്റം.
വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ ആരോടും പരിഭവമില്ളെന്ന മട്ടിലാണ് ഇവിടത്തെ വോട്ടര്‍മാര്‍. അതിനാല്‍ ഇത്തവണ പാര്‍ട്ടിയും പക്ഷവും ആവില്ല ഇവിടത്തുകാരുടെ ഉരകല്ല്. ആളുംതരവും നോക്കിയാവും ‘ഇരിക്കട്ടെ നമ്മുടെ വകയും’ എന്ന് ഇവിടത്തുകാര്‍ തീരുമാനിക്കുക. നിലവിലെ എം.എല്‍.എമാരില്‍ ആരോടും വോട്ടര്‍മാര്‍ക്ക് പരിഭവമില്ല. നിലവിലെ എം.എല്‍.എമാര്‍ തന്നെയാവും തെരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങുകയെന്നാണ് കരുതുന്നത്. എതിരാളികള്‍ ആരെന്നതിനെക്കൂടി ആശ്രയിച്ചിരിക്കും വിജയനിര്‍ണയം. എതിരിടുക ആരെന്നതില്‍ ഊഹാപോഹങ്ങളല്ലാതെ വ്യക്തത വന്നിട്ടില്ല. തിരുവല്ലയിലാണ് എതിരാളി ആരെന്നത് കൂടുതല്‍ നിര്‍ണായകമാകുക. നിലവില്‍ എല്‍.ഡി.എഫില്‍നിന്ന് മത്സരിച്ച ജനതാദളിലെ മാത്യു ടി. തോമസാണ് അവിടത്തെ എം.എല്‍.എ. കേരളാ കോണ്‍ഗ്രസിനാണ് (മാണി) യു.ഡി.എഫ് തിരുവല്ല സീറ്റ് നീക്കിവെച്ചിട്ടുള്ളത്. ഇത്തവണ കേരളാ കോണ്‍ഗ്രസില്‍നിന്ന് ജോസഫ് എം. പുതുശ്ശേരി മാത്യു ടി. തോമസിനെ എതിരിടുമെന്നാണ് അറിയുന്നത്. അങ്ങനെവന്നാല്‍ തിരുവല്ലക്കാര്‍ കണ്‍ഫ്യൂഷനിലാവും.
കഴിഞ്ഞതവണ മാത്യു ടി. തോമസിനെ എതിരിട്ടത് മാണി കോണ്‍ഗ്രസ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി. തോമസ് ആയിരുന്നു. ജനതാദള്‍ ഒന്നടങ്കം എല്‍.ഡി.എഫിലേക്ക് കൂടുമാറിയാലും അത് തിരുവല്ലയില്‍ വലിയ ചലനമു ണ്ടാക്കില്ല. മറ്റു മണ്ഡലങ്ങളായ ആറന്മുള (നിലവിലെ എം.എല്‍.എ ശിവദാസന്‍ നായര്‍-യു.ഡി.എഫ്), കോന്നി (മന്ത്രി അടൂര്‍ പ്രകാശ്-യു.ഡി.എഫ്), റാന്നി (രാജു എബ്രഹം-എല്‍.ഡി.എഫ്), അടൂര്‍ (ചിറ്റയം ഗോപകുമാര്‍-എല്‍.ഡി.എഫ്) എന്നിവിടങ്ങളില്‍ നിലവിലെ സ്ഥിതി തുടരുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍. വാശിയേറിയ മത്സരത്തിന് സാധ്യത ആറന്മുളയിലാണ്. വിമാനത്താവളവിഷയം ആകെ ആറിത്തണുത്ത നിലയിലാണ്.
വോട്ടെടുപ്പില്‍ വിമാനത്താവളവിരുദ്ധ വോട്ടുകള്‍ ഇടതുപക്ഷവും ബി.ജെ.പിയും പങ്കിട്ടെടുക്കുമെന്നതിനാല്‍ അതിനെ യു.ഡി.എഫ് കാര്യമായി ഭയക്കുന്നില്ല. എങ്കിലും, വിമാനത്താവള പദ്ധതിയില്‍ ഏറെ പേരുദോഷംകേട്ട ആളാണ് ശിവദാസന്‍ നായര്‍. വിമാനത്താവള വിരുദ്ധ സമരത്തിലൂടെ ഇവിടെ കോളടിച്ചത് ബി.ജെ.പിക്കാണ്. ഇടതുപക്ഷക്കാര്‍ക്ക് വലിയനേട്ടം ആറന്മുളയില്‍ ഉണ്ടാക്കാനായില്ല. ബി.ജെ.പിക്ക് ആറന്മുളയില്‍ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയതിന്‍െറ ഇരട്ടിയിലേറെ വോട്ടുകള്‍ 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ നേടാനായി. അത് മുന്‍നിര്‍ത്തി ആറന്മുളയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വമ്പനെതന്നെ കളത്തിലിറക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നുണ്ട്. അതിന്‍െറ ഗുണം യു.ഡി.എഫിനാകുമെന്നാണ് അനുഭവപാഠം.
ത്രിതല തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബി.ജെ.പി കടുത്ത വെല്ലുവിളി ഉയര്‍ത്തിയ മിക്കയിടത്തും ജയിച്ചുകയറിയത് യു.ഡി.എഫാണ്. ജില്ലാപഞ്ചായത്തില്‍ യു.ഡി.എഫിന് 11, എല്‍ഡി.എഫ് അഞ്ച് എന്നതാണ് കക്ഷിനില. ആറന്മുളയില്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ട്. ബി.ജെ.പിയുടെ വളര്‍ച്ചയില്‍ അവര്‍ക്ക് ആശങ്കയുണ്ട്. അതാണ് യു.ഡി.എഫിന് തുണയായത്. ജില്ലയില്‍ മതന്യൂന പക്ഷങ്ങളുടെ പിന്തുണ ആര്‍ജിക്കാന്‍ ഇടതുപക്ഷ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പിന്നാക്കവിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്കും യു.ഡി.എഫിനും സ്വാധീനം വര്‍ധിപ്പിക്കാനായിട്ടുണ്ട്. വികസനപ്രവര്‍ത്തനങ്ങളില്‍ മന്ത്രി അടൂര്‍ പ്രകാശാണ് ജില്ലയിലെ താരം.
സംവരണമണ്ഡലമായ അടൂര്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും ഒന്നുപോലെ സ്വാധീനമുള്ളയിടമാണ്. നേരത്തേ കൊടിക്കുന്നില്‍ സുരേഷ് ഇവിടെ എം.പിയായിരുന്നിട്ടുണ്ട്. കൊടിക്കുന്നില്‍ അടൂരില്‍ മത്സരത്തിന് വരുന്നതിനെ എല്‍.ഡി.എഫ് ഭയക്കുന്നുണ്ട്. മൂന്ന്-രണ്ട് എന്ന എം.എല്‍.എമാരുടെ കണക്ക് അടുത്ത തെരഞ്ഞെടുപ്പിനുശേഷവും തുടരുമെന്നാണ് കരുതുന്നത്. മൂന്ന് ആര്‍ക്ക് രണ്ട് ആര്‍ക്ക് എന്നത് ഇപ്പോള്‍ പ്രവചിക്കുക അസാധ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.