അടിയൊഴുക്കുമാപിനിയുണ്ടോ...
text_fieldsസാമൂഹിക മാധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും ഇത്ര ശക്തമല്ലാതിരുന്നൊരു കാലത്ത്, അതത് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ചുമതലവഹിക്കുന്ന നേതാവിനോട് അവസാന ദിവസങ്ങളില്‍ ചോദിച്ചാല്‍ രഹസ്യമായി പറഞ്ഞുതരുമായിരുന്നു; എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്. അതില്‍ പലരും അച്ചട്ടായി പറയും, അതുതന്നെ സംഭവിക്കും. ഓരോ വോട്ടറേയും നേരില്‍ കണ്ട്, അവരുടെ മുഖഭാവവും ഹസ്തദാനത്തിന്‍െറ രീതിയുമുള്‍പ്പെടെ ‘ബോഡി ലാംഗ്വേജ്’ പഠിച്ചാണ് ആ കണക്കില്‍ എത്തിയിരുന്നത്. അദ്ഭുതപ്പെടുത്തിയ അനുഭവങ്ങള്‍ അത്തരത്തില്‍ പലതുണ്ട്.
ഇപ്പോള്‍ ആകെ കണ്‍ഫ്യൂഷനാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് പ്രകടവുമാണ്. തൃശൂര്‍ ജില്ലയില്‍ ചിലയിടങ്ങളിലെങ്കിലും അടിയൊഴുക്ക് ഫലത്തില്‍ സ്വാധീനം ചെലുത്തും. ജില്ലയില്‍ മണ്ഡലങ്ങള്‍ 13. നിലവില്‍ ഏഴ് എല്‍.ഡി.എഫിനും ആറ് യു.ഡി.എഫിനും. മറ്റ് അട്ടിമറികളൊന്നും ഉണ്ടായില്ളെങ്കില്‍ ഇത്തവണ സീറ്റ് വര്‍ധിക്കുമെന്ന് എല്‍.ഡി.എഫ് അവകാശപ്പെടുമ്പോള്‍ നില മെച്ചപ്പെടുത്തുമെന്ന് യു.ഡി.എഫും പറയുന്നു. ത്രികോണ മത്സരം സൃഷ്ടിക്കാനായെന്ന വിശ്വാസത്തിലാണ് എന്‍.ഡി.എ.
കോണ്‍ഗ്രസിലെ പത്മജ വേണുഗോപാലും സി.പി.ഐയുടെ വി.എസ്. സുനില്‍കുമാറും മത്സരിക്കുന്ന തൃശൂര്‍, സി.പി.എമ്മിലെ എ.സി. മൊയ്തീനും സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോണും മത്സരിക്കുന്ന കുന്നംകുളം, സിറ്റിങ് എം.എല്‍.എ സി.പി.എമ്മിലെ കെ.വി. അബ്ദുള്‍ ഖാദറും യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം. സാദിഖലിയും ഏറ്റുമുട്ടുന്ന ഗുരുവായൂര്‍; ഇത്രയും മണ്ഡലങ്ങളിലായിരുന്നു തുടക്കത്തില്‍ വീറുറ്റ പോരാട്ടം. അവിടെ അവസാനദിവസങ്ങളിലേക്ക് അടുക്കുമ്പോള്‍ മത്സരം ഒന്നുകൂടി മുറുകി. കൂട്ടത്തില്‍ മറ്റു ചില മണ്ഡലങ്ങള്‍കൂടി ആ ഗണത്തിലേക്ക് വന്നിട്ടുണ്ട്.
കഴിഞ്ഞതവണ 481 വോട്ടിന് എല്‍.ഡി.എഫിന് നഷ്ടപ്പെട്ട മണലൂരില്‍ കടുത്ത പോരാട്ടമാണ് ഇത്തവണ. മുന്‍ എം.എല്‍.എ സി.പി.എമ്മിലെ മുരളി പെരുനെല്ലി, ഡി.സി.സി പ്രസിഡന്‍റിന്‍െറ ചുമതലയൊഴിഞ്ഞ് മത്സരിക്കുന്ന ഒ. അബ്ദുറഹ്മാന്‍ കുട്ടിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. സി.പി.എം ഇവിടെ അട്ടിമറി ജയം പ്രതീക്ഷിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ്-എമ്മിലെ തോമസ് ഉണ്ണിയാടന്‍ പതിവായി മത്സരിക്കുന്ന ഇരിങ്ങാലക്കുടയില്‍ ഇത്തവണ ജയം അത്ര എളുപ്പമല്ലാതാക്കാന്‍ അപ്രതീക്ഷിത മുന്നേറ്റങ്ങളിലൂടെ സി.പി.എം സ്ഥാനാര്‍ഥി പ്രഫ. കെ.യു. അരുണന് കഴിഞ്ഞിട്ടുണ്ട്. സി.പി.എം ഇപ്പോഴും മേല്‍ക്കൈ അവകാശപ്പെടുന്ന ചാലക്കുടിയില്‍ സിറ്റിങ് എം.എല്‍.എ ബി.ഡി. ദേവസിക്ക് ശക്തമായ മത്സരമാണ് കോണ്‍ഗ്രസിലെ ടി.യു. രാധാകൃഷ്ണന്‍ നല്‍കുന്നത്. എങ്കിലും സി.പി.എമ്മിന്‍െറ വിശ്വാസത്തിന് ഇടിച്ചിലില്ല. സി.പി.എമ്മിലെ കെ. രാധാകൃഷ്ണന്‍ നാലുവട്ടം എം.എല്‍.എയായ ചേലക്കരയില്‍ ഇത്തവണ അട്ടിമറിയുണ്ടാകുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസിലെ കെ.എ. തുളസി നല്ല മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും സി.പി.എം സ്ഥാനാര്‍ഥി യു.ആര്‍. പ്രദീപിന്‍െറയും മുന്നണിയുടെയും ആത്മവിശ്വാസത്തിന് തെല്ലും കുറവില്ല.
പുതുക്കാട്ട് സിറ്റിങ് എം.എല്‍.എ സി. രവീന്ദ്രനാഥിനെതിരെ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്‍റ് സുന്ദരന്‍ കുന്നത്തുള്ളിയാണ് മത്സരിക്കുന്നത്. ഇവിടെ ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എ. നാഗേഷാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി. എല്‍.ഡി.എഫും തങ്ങളുമായാണ് മത്സരമെന്ന് എന്‍.ഡി.എ അവകാശപ്പെടുന്നു. തൊട്ടടുത്ത ഒല്ലൂര്‍ മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എ എം.പി. വിന്‍സെന്‍റിനെ വരിഞ്ഞു നിര്‍ത്താന്‍ സി.പി.ഐ സ്ഥാനാര്‍ഥി കെ. രാജന് കഴിഞ്ഞിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി യു.ഡി.എഫ് വല്ലാതെ ഉലഞ്ഞ കയ്പമംഗലത്ത് റെക്കോഡ് ഭൂരിപക്ഷമാണ് ലക്ഷ്യമെന്ന് സി.പി.ഐ സ്ഥാനാര്‍ഥി ഇ.ടി. ടൈസണും എല്‍.ഡി.എഫും പറയുന്നു. ഇവിടെ ആര്‍.എസ്.പിയിലെ മുഹമ്മദ് നഹാസാണ് എതിരാളി. ടി.എന്‍. പ്രതാപന്‍ ഒഴിഞ്ഞ കൊടുങ്ങല്ലൂരിലും പൊരിഞ്ഞ പോരാണ്. മുന്‍ എം.പി കെ.പി. ധനപാലനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന വി.കെ. രാജന്‍െറ മകന്‍ വി.ആര്‍. സുനില്‍കുമാറാണ് മറുഭാഗത്ത്. നാട്ടികയില്‍ സിറ്റിങ് എം.എല്‍.എ സി.പി.ഐയിലെ ഗീത ഗോപിക്ക് കടുത്ത വെല്ലുവിളിയുയര്‍ത്താന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ.വി. ദാസന് കഴിഞ്ഞുവെന്നാണ് യു.ഡി.എഫിന്‍െറ അവകാശവാദം. മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ ഒഴിഞ്ഞ വടക്കാഞ്ചേരിയില്‍ കോണ്‍ഗ്രസിലെ അനില്‍ അക്കരയും സി.പി.എമ്മിലെ മേരി തോമസും ശക്തമായ പോരാട്ടത്തിലാണ്.
മണലൂരില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനാണ്. മണലൂരിലും പുതുക്കാട്ടും ബി.ജെ.പി വലിയ വോട്ട് പ്രതീക്ഷിക്കുന്നു. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ കൊടുങ്ങല്ലൂരില്‍ ബി.ഡി.ജെ.എസിന്‍െറ സംഗീത വിശ്വനാഥനാണ് മത്സരിക്കുന്നത്. ബി.ജെ.പിക്ക് സ്വാധീനമുള്ള തൃശൂര്‍ നഗരത്തില്‍ ബി. ഗോപാലകൃഷ്ണനാണ് സ്ഥാനാര്‍ഥി. എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ നിര്‍ണായക വോട്ട് പിടിക്കാന്‍ ഇടയുള്ള മണ്ഡലങ്ങള്‍ വേറെയുമുണ്ട്. അതത്രയും പിടിച്ചാല്‍ ബാധിക്കപ്പെടുന്നതില്‍ എല്‍.ഡി.എഫും യു.ഡി.എഫുമുണ്ടാവും. അതേസമയം, ചില മണ്ഡലങ്ങളില്‍ രഹസ്യധാരണയെപ്പറ്റി ചര്‍ച്ച അന്തരീക്ഷത്തിലുണ്ട്.
മുന്നണികളുടെ വീറുറ്റ പോരാട്ടത്തില്‍ ഇടപെടാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ തുടങ്ങിയവയും മത്സരരംഗത്തുണ്ട്. ഗുരുവായൂരിലും കയ്പമംഗലത്തുമാണ് വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയും വി.എം. സുധീരനും പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും കുമ്മനം രാജശേഖരനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രചാരണത്തിനത്തെി. ഇനി ദേശീയ നേതാക്കളുടെ ഊഴമാണ്. അതില്‍ സോണിയ ഗാന്ധിയും അമിത് ഷായും പ്രകാശ് കാരാട്ടും അടക്കമുള്ളവരുണ്ട്.
-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.