ബജറ്റ് അവതരണം സര്‍ക്കാറിന് മുന്നില്‍ പുതിയ കടമ്പ
text_fieldsതിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ അടിമുടി ഉലഞ്ഞ സര്‍ക്കാറിന് പുതിയ ബജറ്റ് അവതരണം മറ്റൊരു കടമ്പയാകും. ബാര്‍ കോഴ വിവാദത്തില്‍ കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ബജറ്റ് അവതരണം തടയാന്‍ ശ്രമിച്ചത് സംസ്ഥാനത്തിനാകെ കൊടും നാണക്കേടിലാണ് കലാശിച്ചത്. കെ.എം. മാണി രാജിവെച്ചതോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ഫെബ്രുവരി 12ന് പുതിയ ബജറ്റ് അവതരിപ്പിക്കേണ്ടത്. കഴിഞ്ഞ ബജറ്റ് വേളയില്‍ മാണിക്കെതിരെ ഉണ്ടായിരുന്ന അതേ രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ രൂപം കൊണ്ടിരിക്കുന്നത്. സോളാര്‍ കേസ് ഉയര്‍ത്തി സഭക്കകത്തും പുറത്തും വന്‍ പ്രതിഷേധത്തിന് പ്രതിപക്ഷം തയാറാകും. മുഖ്യമന്ത്രിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താന്‍ പ്രതിപക്ഷം ശ്രമിച്ചാല്‍ നിയമസഭയില്‍ മാര്‍ച്ച് 13 ആവര്‍ത്തിക്കും.
2015 മാര്‍ച്ച് 13നാണ് മാണി കഴിഞ്ഞ ബജറ്റ് അവതരിപ്പിച്ചത്. പ്രതിപക്ഷാംഗങ്ങള്‍ തലേദിവസം തന്നെ നിയമസഭയില്‍ കയറി പ്രതിഷേധിക്കുകയും ഒരു രാത്രി മുഴുവന്‍ അവിടെ സമരം ചെയ്ത് കഴിച്ചുകൂട്ടുകയും ചെയ്തു. പുറത്ത് ഇടതുമുന്നണി നിയമസഭയിലേക്കുള്ള മുഴുവന്‍ റോഡും ഉപരോധിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരും നിയമസഭാ ജീവനക്കാരുമൊക്കെ തലേരാത്രി മുതല്‍ സഭയില്‍ തങ്ങുകയായിരുന്നു. സഭാചരിത്രത്തില്‍ ആദ്യമായി അരങ്ങേറിയ ഈ സമരത്തെ തുടര്‍ന്ന് മന്ത്രി മാണി ഏതാനും വാക്കുകള്‍ മാത്രം വായിച്ച് ബജറ്റ് മേശപ്പുറത്ത് വെക്കുകയായിരുന്നു. സ്പീക്കറുടെ വേദിയില്‍ കയറിയ പ്രതിപക്ഷാംഗങ്ങള്‍ മൈക്കും കസേരയും തല്ലിത്തകര്‍ത്തു. സ്പീക്കര്‍ സഭയില്‍ പ്രവേശിക്കുന്നത് വരെ തടഞ്ഞു. മൈക്കും കസേരയുമില്ലാതെ നിന്നുകൊണ്ടാണ് ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കര്‍ ധനമന്ത്രിയെ ക്ഷണിച്ചത്. നിയമസഭയിലെ കൈയാങ്കളിയുടെയും പൊതുമുതല്‍ നശിപ്പിക്കലിന്‍െറയും പേരില്‍ നിയമസഭ പൊലീസില്‍ പരാതി നല്‍കി. വനിതാ എം.എല്‍.എമാരെ അപമാനിച്ചതിന് അവര്‍ നല്‍കിയ പരാതിയില്‍ ഭരണപക്ഷ എം.എല്‍.എമാര്‍ക്കെതിരെയും കേസ് വന്നു. ആ കേസുകള്‍ പിന്‍വലിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഉമ്മന്‍ ചാണ്ടി പ്രതിക്കൂട്ടിലായത്.ഫെബ്രുവരി അഞ്ചിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുക. അന്നുതന്നെ സര്‍ക്കാറിനെതിരായ പ്രതിഷേധം പ്രതിപക്ഷം ഗവര്‍ണര്‍ക്ക് മുന്നില്‍ പ്രകടിപ്പിക്കും. മൂന്ന് ദിവസം നയപ്രഖ്യാപനത്തിന്‍െറ നന്ദിപ്രമേയ ചര്‍ച്ചയാണ്. ഈ ചര്‍ച്ചക്ക് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. സഭയില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയം വരുന്നത് ഈ ചര്‍ച്ചയിലാണ്. 12നാണ് ബജറ്റ് അവതരണം നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തെ ബജറ്റ് പൊതുചര്‍ച്ചക്കും വോട്ട് ഓണ്‍ അക്കൗണ്ട് അടക്കം മറ്റ് ധനപരമായ നടപടികളുടെ ചര്‍ച്ചകള്‍ക്കും മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടിവരിക. സഭാ സമ്മേളനം സര്‍ക്കാറിന് സുഗമമാകില്ല. അഴിമതി ആരോപണങ്ങളുടെ കുത്തൊഴുക്കായിരിക്കും സഭയില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.