ഐ.എസ് വിവാദം: രാഷ്ട്രീയ ചുവടുറപ്പിക്കലിന് അവസരമാക്കി ബി.ജെ.പി
text_fieldsകൊച്ചി: കേരളത്തില്‍നിന്ന് ഏതാനും യുവാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ രാജ്യവിട്ടുവെന്ന വിവാദം രാഷ്ട്രീയ ചുവടുറപ്പിക്കുന്നതിനുള്ള അവസരമാക്കി ബി.ജെ.പി. അതേസമയം, ഈ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം കൃത്യമായ നിലപാട് സ്വീകരിക്കാത്തത് അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുമുണ്ട്. വിവാദം ഇസ്ലാമോ ഫോബിയ വളര്‍ത്താനുള്ള അവസരമാക്കരുതെന്ന ഇടത് മുന്നറിയിപ്പ് ശ്രദ്ധേയമാവുകയും ചെയ്തു. നിയമസഭയില്‍ അക്കൗണ്ട് തുറന്നെങ്കിലും അഖിലേന്ത്യാ നേതൃത്വത്തിന്‍െറ തൃപ്തി നേടാന്‍ കഴിയാത്തതിന്‍െറ ക്ഷീണത്തില്‍ കഴിയുന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് വീണുകിട്ടിയ അവസരമാണ് ഐ.എസ് വിവാദം. തിങ്കളാഴ്ച കൊച്ചിയില്‍ ചേര്‍ന്ന നേതൃയോഗം മുഖ്യമായി ചര്‍ച്ച ചെയ്തത് ഐ.എസ് വിവാദവുമായി ബന്ധപ്പെട്ട് നടത്തേണ്ട കാമ്പയിന്‍ സംബന്ധിച്ചായിരുന്നു. വൈകാതെ കോഴിക്കോട് ചേരുന്ന കോര്‍കമ്മിറ്റി യോഗത്തിലും ഇതുതന്നെയാണ് വിഷയം.
ഏതാനും വര്‍ഷങ്ങളായി സംഘ് സംഘടനകള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന ‘ലൗ ജിഹാദ്’ വാദവും ഇതോടൊപ്പം വീണ്ടും സജീവ ചര്‍ച്ചാ വിഷയമാകുകയാണ്. ലൗ ജിഹാദിന്‍െറ മറവില്‍ പെണ്‍കുട്ടികളെ കടത്തിയതും അക്കാലത്ത് പെണ്‍കുട്ടികളെ കാണാതായതിനെക്കുറിച്ചും ഇപ്പോഴത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.ടി രമേശ് തിങ്കളാഴ്ച കൊച്ചിയില്‍ ആവശ്യപ്പെട്ടു. അതേസമയം, ലൗ ജിഹാദ് വിവാദം തള്ളിക്കളഞ്ഞത് കേരളത്തിലെ ഇടത്-വലത് മുന്നണികളല്ളെന്ന യാഥാര്‍ഥ്യം ഇവര്‍ മറച്ചുവെക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് ജസ്റ്റിസ് കെ.ടി. ശങ്കരന്‍ ഹൈകോടതിയില്‍ നടത്തിയ പരാമര്‍ശങ്ങളോടെ ശക്തിപ്പെട്ട ലൗ ജിഹാദ് വിവാദത്തിന് വിരാമമായത് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍െറ വിധി തീര്‍പ്പോടെയായിരുന്നു. ഹൈകോടതി നിര്‍ദേശപ്രകാരം വിശദ അന്വേഷണം നടത്തിയ കേരള പൊലീസ് ലൗ ജിഹാദ് വിവാദത്തിന് അടിസ്ഥാനമില്ളെന്ന് ഡിവിഷന്‍ ബെഞ്ച് മുമ്പാകെ വിശദ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ഈ വിധിതീര്‍പ്പ് ഉണ്ടായത്. അന്ന് അടച്ചുവെച്ച വിവാദമാണ് പുതിയ സാഹചര്യത്തില്‍ സംഘ് സംഘടനകള്‍ വീണ്ടും ഉയര്‍ത്തുന്നത്.
പെണ്‍കുട്ടികള്‍ മതംമാറുന്ന കേസുകളില്‍ ഹൈകോടതിയിലത്തെുന്ന ഹേബിയസ് കോര്‍പ്പസ് ഹരജികളില്‍ ‘ഇവര്‍ ഐ.എസിന്‍െറ വലയില്‍പെട്ടിരിക്കുന്നു’ എന്ന വാദമാണ് മുഖ്യമായി ഉയര്‍ത്തുന്നത്. നേതാക്കളെ പിന്തുടര്‍ന്ന് സംഘ് പോരാളികള്‍ സാമൂഹിക മാധ്യമങ്ങളിലും ഈ വാദഗതികളുമായി രംഗത്തുണ്ട്.
ലൗ ജിഹാദ് വാദം, മതംമാറ്റ നിരോധം, മദ്റസകളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണമേര്‍പ്പെടുത്തല്‍ തുടങ്ങി മുസ്ലിംകളല്ലാത്ത പെണ്‍കുട്ടികളുമായി സൗഹൃദമുള്ള മുസ്ലിം യുവാക്കളെ കൈകാര്യം ചെയ്യാന്‍’ പ്രത്യേക സംഘടന രൂപവത്കരിക്കല്‍ വരെയുള്ള ചര്‍ച്ചകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നത്. ഈ വിവാദത്തില്‍, മൊത്തം മുസ്ലിംകളെയും ഒറ്റപ്പെടുത്തുന്ന ‘ഇസ്ലാം ഭീതി’ പരത്തരുതെന്ന മുന്നറിയിപ്പുമായി സി.പി.എം രംഗത്തുണ്ട്. അതുകൊണ്ടുതന്നെ ബി.ജെ.പി തങ്ങളുടെ ആക്രമണങ്ങളുടെ മുന തിരിച്ചുവെച്ചിരിക്കുന്നത് ഇടത് സംഘടനകള്‍ക്കുനേരെകൂടിയാണ്. തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ സി.പി.എം നടത്തുന്ന ന്യൂനപക്ഷ പ്രീണനമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്ക് വഴിയൊരുക്കിയതെന്ന വാദമുയര്‍ത്തിയാണിത്.
അതേസമയം, കോണ്‍ഗ്രസ് ഇപ്പോഴും തന്ത്രപരമായ മൗനംപാലിക്കുന്നത് അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചതാണ് പരാജയ കാരണമായതെന്ന വിലയിരുത്തല്‍ നിലനില്‍ക്കെയാണ് ശക്തമായ ‘ഇസ്ലാമോ ഫോബിയ’ പ്രചാരണത്തോടും പാര്‍ട്ടി നേതൃത്വം മുഖംതിരിഞ്ഞ് നില്‍ക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.