‘വി.എസ്–പിണറായി പോരില്‍ ഇടപെടാത്തവര്‍ തിരുത്താന്‍ വരുന്നോ’
text_fieldsന്യൂഡല്‍ഹി: കേരളത്തില്‍ വി.എസും പിണറായിയും പരസ്യമായി പോരടിച്ചപ്പോള്‍ ശക്തമായി ഇടപെടാനും തിരുത്താനും ത്രാണിയില്ലാതെപോയ കേന്ദ്രനേതൃത്വമാണ് കോണ്‍ഗ്രസ് സഖ്യത്തിന്‍െറ പേരില്‍ തങ്ങളെ തിരുത്താന്‍ വരുന്നതെന്ന് ബംഗാള്‍ നേതൃത്വം. കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന സമിതിയില്‍ കേന്ദ്രനേതൃത്വത്തിനുനേരെ ഉയര്‍ത്തിയ ആരോപണ പരമ്പരക്കിടെയാണ് കേരളാ പാര്‍ട്ടിയിലെ പോരും പരാമര്‍ശിക്കപ്പെട്ടത്.
‘96ല്‍ ജ്യോതി ബസുവിന് പ്രധാനമന്ത്രിയാകാന്‍ ലഭിച്ച അവസരം നഷ്ടപ്പെട്ട ‘ചരിത്രപരമായ മണ്ടത്തരം’ ചെയ്തത് ആരാണ്, ഡല്‍ഹിയിലുള്ള നേതാക്കള്‍ക്ക് ഒരിക്കലെങ്കിലും പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടുചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളും സംസ്ഥാന സമിതിയില്‍ ഉയര്‍ന്നു. കോണ്‍ഗ്രസ് സഖ്യ വിരുദ്ധചേരിക്ക് നേതൃത്വം നല്‍കുന്ന മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടായിരുന്നു ചോദ്യങ്ങളുടെ ഉന്നം.
ലേഖനമെഴുത്തും പത്രസമ്മേളനം നടത്തലുമാണ് കേന്ദ്രനേതാക്കളുടെ പാര്‍ട്ടി പ്രവര്‍ത്തനം. കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് വോട്ടു ചെയ്ത 2.15 കോടി ജനങ്ങളെ അപമാനിക്കുന്നതാണ് കേന്ദ്രനേതാക്കളുടെ നിലപാട്. ഡല്‍ഹിയില്‍ പാര്‍ട്ടിക്ക് 500 വോട്ട് തികച്ച് കിട്ടാറുമില്ല. 2004ല്‍ യു.പി.എ സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ ഇവര്‍ക്ക് പ്രശ്നമുണ്ടായില്ല. 2008ല്‍ സ്പീക്കര്‍ സ്ഥാനത്തെച്ചൊല്ലി സോമനാഥ് ചാറ്റര്‍ജിയെ പാര്‍ട്ടിക്ക് പുറത്തുചാടിച്ചതും ഇവരാണ്. അവയെല്ലാം പാര്‍ട്ടിയെ തളര്‍ത്തുകയാണ് ചെയ്തതെന്നും ബംഗാള്‍ നേതാക്കള്‍ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.