വി.എസിന് രാഷ്ട്രീയ പദവി നല്‍കില്ല
text_fieldsകോഴിക്കോട്: എല്‍.ഡി.എഫ് ചെയര്‍മാന്‍പോലെ രാഷ്ട്രീയവും ഭരണപരവുമായ ഇടപെടലുകള്‍ നടത്താന്‍ കഴിയുന്ന പദവി വി.എസ്. അച്യുതാനന്ദന് നല്‍കേണ്ടെന്ന് സി.പി.എം തീരുമാനം. ഒൗദ്യോഗിക വസതി, സ്റ്റാഫ്, കാര്‍ എന്നിവ ലഭ്യമാകുന്ന മറ്റേതെങ്കിലും പദവി നല്‍കി പ്രശ്നം പരിഹരിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്. ഇക്കാര്യം എല്‍.ഡി.എഫ് തീരുമാനിച്ച ശേഷമേ അനന്തര നടപടി ഉണ്ടാകൂ. അടുത്ത എല്‍.ഡി.എഫ് യോഗത്തില്‍ ഇത് അജണ്ടയായി വരും. സംസ്ഥാന സെക്രട്ടേറിയറ്റില്‍ വി.എസിന് അംഗത്വം നല്‍കുന്ന കാര്യവും പാര്‍ട്ടി തല്‍ക്കാലം പരിഗണിക്കുന്നില്ല.
വി.എസിന്‍െറ പദവി മാധ്യമങ്ങളിലൂടെ വലിയ വിഷയമാക്കി കൊണ്ടുവന്നത് അദ്ദേഹത്തിന്‍െറ സ്റ്റാഫ് ആണെന്നാണ് സി.പി.എം വിലയിരുത്തല്‍. വി.എസിന് കാബിനറ്റ് പദവി കിട്ടിയാല്‍ അടുത്ത അഞ്ചുകൊല്ലം കൂടി സര്‍ക്കാര്‍ ശമ്പളം വാങ്ങാമെന്ന വലിയ പ്രതീക്ഷയിലാണവര്‍. സര്‍ക്കാര്‍ ജോലിയില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ വന്നവര്‍ വി.എസിന്‍െറ സ്റ്റാഫില്‍ കുറവാണ്. കൂടുതല്‍ പേരും വി.എസ് പദവി ഒഴിയുന്നതോടെ തൊഴില്‍രഹിതരാകും. അതിനാല്‍ മാധ്യമങ്ങളെ കരുവാക്കി വി.എസിന് പദവിക്കുവേണ്ടി നിര്‍ബന്ധം പിടിക്കുന്നത് അവരാണ്. വി.എസിന്‍െറ പൊതുജീവിതത്തില്‍ ഏറ്റവും വലിയ കളങ്കം ഉണ്ടാക്കാന്‍ വഴിയൊരുക്കിയതും അവര്‍തന്നെ.
പദവി ആവശ്യപ്പെട്ട് യെച്ചൂരിക്ക് കുറിപ്പ് കൊടുത്ത വിവാദത്തില്‍ ഏറെ വൈകിയാണ് വി.എസ് പ്രതികരിച്ചത്. കുറിപ്പ് കൊടുത്തു എന്നത് കളവാണെന്നു പറയാന്‍ വി.എസിന് ഒരാഴ്ച വേണ്ടിവന്നു. അതേസമയം, യെച്ചൂരി ഈ വിഷയത്തില്‍ വി.എസിന് അനുകൂലമായി പ്രതികരിച്ചുമില്ല. വി.എസ്. അച്യുതാനന്ദനു അര്‍ഹമായ പദവി കേരളത്തിലെ പാര്‍ട്ടിയും സര്‍ക്കാറും പരിശോധിച്ച് നല്‍കണമെന്ന് മാത്രമേ പി.ബി നിര്‍ദേശിച്ചിട്ടുള്ളൂ.
അല്ലാതെ ഇന്ന പദവി നല്‍കണമെന്ന് പറഞ്ഞിട്ടില്ല. രാഷ്ട്രീയമോ ഭരണപരമോ ആയ പദവികള്‍ നല്‍കേണ്ടതില്ളെന്ന് പി.ബിയില്‍ ധാരണ ആയിട്ടുമുണ്ട്. അത്തരത്തില്‍ ഒരു പദവി നല്‍കിയാല്‍ വി.എസിന്‍െറ പിന്നിലുള്ള ചില പാര്‍ട്ടിവിരുദ്ധ ശക്തികള്‍ അത് മുതലെടുക്കുമെന്നും തീരുമാനം പാര്‍ട്ടിക്ക് വിനയായി മാറുമെന്നും ഭരണത്തില്‍ അസ്വാരസ്യം ഉണ്ടാകുമെന്നും കേരള നേതൃത്വം ആശങ്കപ്പെടുന്നു. ഈ ആശങ്ക പി.ബി മുഖവിലക്കെടുത്തതിനാലാണ് തീരുമാനം കേരളപാര്‍ട്ടിക്ക് വിട്ടുകൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.