കൂട്ട തോല്‍വിക്ക് പിന്നാലെ ജെ.ഡി.യുവില്‍ കൂട്ടരാജി
text_fieldsകോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ജനതാദള്‍ -യുവില്‍നിന്ന് മുതിര്‍ന്ന ഭാരവാഹികളുള്‍പ്പെടെ കൂട്ട രാജിക്കൊരുങ്ങുന്നു. ആദ്യപടിയായി ജെ.ഡി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. തോമസ് ബാബുവും സംസ്ഥാന കൗണ്‍സില്‍ അംഗം ചാക്കീരി അഹ്മദുമാണ് രാജിവെച്ചത്.
ജൂണ്‍ 11ന് കോഴിക്കോട് നടക്കുന്ന ജെ.ഡി.യു യോഗത്തിന് മുമ്പ് വിവിധ ജില്ലകളില്‍നിന്ന് സംസ്ഥാന, ജില്ലാ ഭാരവാഹികളും പ്രവര്‍ത്തകരും കൂട്ടത്തോടെ രാജിവെക്കുമെന്നാണ് വിവരം. രാജി സംബന്ധിച്ച് ജനതാദള്‍ ലെഫ്റ്റ് ഭാരവാഹികളുമായി അനൗദ്യോഗിക ചര്‍ച്ച ആരംഭിച്ചു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങളില്‍നിന്നും സഗൗരവം രാജിവെക്കുന്നതായി തോമസ് ബാബുവും ചാക്കീരി അഹ്മദും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ളെന്നും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിനുമുമ്പ് 12 ജില്ലാ കമ്മിറ്റികളും ആവശ്യപ്പെട്ടിട്ടും ഇടത് മുന്നണിയോടൊപ്പം ചേരാതെ യു.ഡി.എഫില്‍ തുടര്‍ന്നതും സോഷ്യലിസ്റ്റ് നയങ്ങളില്‍നിന്ന് വ്യതിചലിച്ചതുമാണ് പാര്‍ട്ടിയിലെ ഏറിയ പങ്കിനെയും എതിര്‍ചേരിയിലാക്കിയതെന്ന് അവര്‍ കുറ്റപ്പെടുത്തി. ജെ.ഡി.യു പാര്‍ലമെന്‍ററി ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവി, ഇടുക്കി ജില്ലാ പ്രസിഡന്‍റ് കോയ അമ്പാട്ട്, എറണാകുളം ജില്ലാ പ്രസിഡന്‍റ് അഗസ്റ്റിന്‍ കോലഞ്ചേരി തുടങ്ങിയവരും തൃശൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികളും വരും ദിവസങ്ങളില്‍ തങ്ങളുടെ രാജി അറിയിക്കുമെന്നാണ് വിവരം.
പാര്‍ട്ടിവിട്ടു
ജനതാദള്‍ യുനൈറ്റഡിന്‍െറ തെറ്റായ നയത്തില്‍ പ്രതിഷേധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടു. ടീച്ചേഴ്സ് സെന്‍റര്‍ ജില്ലാ പ്രസിഡന്‍റും ജില്ലാ കൗണ്‍സില്‍ അംഗവുമായ എ.കെ. മുഹമ്മദ് അഷ്റഫ്, യുവജനതാദള്‍ ജില്ലാ വൈസ് പ്രസിഡന്‍റ് വിജയന്‍ ചോലക്കര, ടീച്ചേഴ്സ് സെന്‍റര്‍ സംസ്ഥാന സമിതി അംഗം, കെ.സി. മുഹമ്മദ് സാലിഹ്, പി.സി. അബ്ദുല്‍ റഹിം, യുവജനതാദള്‍ കൊടുവള്ളി മണ്ഡലം പ്രസിഡന്‍റ് ലിജാസ് കൊയിലോത്ത്, കുന്ദമംഗലം മണ്ഡലം വൈസ് പ്രസിഡന്‍റ് ഇ. രാമന്‍ എരഞ്ഞിക്കല്‍, മുന്‍ ജില്ലാ സെക്രട്ടറിമാരായ പി. മധു, സി. ജയപ്രകാശ്, മുക്കം മുനിസിപ്പല്‍ കമ്മിറ്റി സെക്രട്ടറി കെ.കെ. മോയിന്‍കുട്ടി, എസ്.എസ്.ഒ ഓമശ്ശേരി മേഖല പ്രസിഡന്‍റ് നിസാര്‍ മുഹമ്മദ് തടത്തില്‍, മഹിള ജനതാദള്‍ മേഖല പ്രസിഡന്‍റ് സതി കല്ലുരുട്ടി, സുജ പിലാശ്ശേരി, മുഹമ്മദ് ബാവ താമരശ്ശേരി, ജനതാദള്‍ വയനാട് ജില്ലാ മുന്‍ സെക്രട്ടറി വി. രാധാകൃഷ്ണ പിള്ള എന്നിവരാണ് പാര്‍ട്ടിവിട്ടത്. 11ന് കോഴിക്കോട് ചേരുന്ന സംഗമം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് വിജയന്‍ ചോലക്കര വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.