Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightതെരഞ്ഞെടുപ്പില്‍...

തെരഞ്ഞെടുപ്പില്‍ മുളക്കുന്ന തിരുവനന്തപുരത്തെ തകരകള്‍

text_fields
bookmark_border
തെരഞ്ഞെടുപ്പില്‍ മുളക്കുന്ന തിരുവനന്തപുരത്തെ തകരകള്‍
cancel

മഴയത്ത് കുരുക്കുന്നതാണ് തകരകളുടെ പൊതുസ്വഭാവം. എന്നാല്‍, തിരുവനന്തപുരത്ത് കുംഭച്ചൂടിലും തകരകളാണ് മുളച്ചുനില്‍ക്കുന്നത്. എല്ലാം രാഷ്ട്രീയ തകരകള്‍. ചൂട് കൂടുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്നത് ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുപോലും അവഗണിച്ചാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഇടംതേടാനുള്ള അധ്വാനം. തൊഴിലുറപ്പ് കൂലിപോലും ഉറപ്പില്ല പലര്‍ക്കും.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍െറ കാര്യം എടുക്കാം. പ്രായം 85 കഴിഞ്ഞിട്ടും ആഗ്രഹം മാത്രമാണ് കൈമുതല്‍. വാര്‍ധക്യം  അയോഗ്യതയാണോയെന്ന് വക്കം ചോദിച്ചാല്‍ സുധീരനുപോലും ഉത്തരമുണ്ടാകില്ല. കോണ്‍ഗ്രസിലും യു.ഡി.എഫിലുമാണ് തള്ള് ഏറെ. രണ്ടേ രണ്ടു പേര്‍ക്കാണ്  ഉറപ്പുള്ളത്: വട്ടിയൂര്‍ക്കാവ് കെ. മുരളീധരനും അരുവിക്കര കെ.എസ്. ശബരീനാഥനും. തിരുവനന്തപുരം സെന്‍ട്രലില്‍ വി.എസ്. ശിവകുമാറിനുപോലും മനസ്സ് രണ്ടാണ്. പാറശ്ശാലയെ മനസ്സിലിട്ട്  ഉരുക്കഴിക്കുകയാണത്രെ അദ്ദേഹം. അവിടെ എ.ടി. ജോര്‍ജിന്‍െറ കാര്യത്തില്‍ ഉറപ്പില്ല. നെയ്യാറ്റിന്‍കരയിലെ ആര്‍. ശെല്‍വരാജിനും കണ്ണുകളില്‍ ഒന്ന് അവിടേക്കാണ്. 

നെയ്യാറ്റിന്‍കര സനലും ആര്‍. വത്സലനും ക്യൂവിലുമുണ്ട്. നേമം ആയാലും സനല്‍ വഴങ്ങും.  ടി. ശരത്ചന്ദ്രപ്രസാദിന്‍െറ പേരുള്ളത് വാമനപുരത്താണ്.  ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് രമണി പി. നായര്‍ പിറകിലുണ്ട്. തോല്‍ക്കാനായി മാത്രം ജെ.ഡി.യു കൈവശംവെച്ച നേമം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. എങ്കില്‍ ട്രിഡ ചെയര്‍മാന്‍ പി.കെ. വേണുഗോപാലിനും യൂത്ത് കമീഷന്‍ ചെയര്‍മാന്‍ ആര്‍.വി. രാജേഷിനും ഇടയില്‍ ഒത്തുതീര്‍പ്പ് വേണ്ടിവരും. കെ.എസ്. ഗോപകുമാറിന് ചിറയിന്‍കീഴാണ് താല്‍പര്യം; യൂത്ത് കോണ്‍ഗ്രസിന്‍െറ എല്‍. ലീനക്ക് ആറ്റിങ്ങലും. എന്‍. ശക്തന്‍െറ കാട്ടാക്കടയില്‍ കണ്ണുവെക്കാന്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്‍സജിത റസല്‍ വളര്‍ന്നു. നേമത്തിന് പകരം കോവളം ജെ.ഡി.യുവിന് കൊടുത്തില്ളെങ്കില്‍  എം. വിന്‍സെന്‍റിന് ആഗ്രഹമുണ്ട്. നെടുമങ്ങാട് സിറ്റിങ് എം.എല്‍.എ പാലോട് രവിക്കാണ് മുന്‍തൂക്കം. ആനാട് ജയനും താല്‍പര്യമുണ്ട്.

സി.പി.എമ്മിലും സ്ഥിതി വ്യത്യസ്തമല്ല. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനാണ് പ്രധാന ആകര്‍ഷണം. കഴക്കൂട്ടത്താണ് ആ പേര് കേള്‍ക്കുന്നത്. ആറ്റിങ്ങലില്‍ ബി. സത്യന് പകരക്കാരില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍െറ പേര് വര്‍ക്കലയിലുണ്ട്. എസ്. ഷാജഹാനും  എ.എ. റഹീമും കൂടെയുണ്ട്. വാമനപുരം ഇനിയും ആഗ്രഹിക്കുന്ന കോലിയക്കോട് കൃഷ്ണന്‍ നായര്‍ക്കും പ്രായമേറിയതിനാല്‍ ഇത്തവണ വെറ്റിലയില്‍ മഷിവെച്ച് നോക്കേണ്ടിവരും.  ഡി.കെ. മുരളി,  പി. ബിജു, എ.എ. റഹീം എന്നിവര്‍ ചുവരില്‍ ചിത്രം വരക്കാനുള്ള ശ്രമത്തിലാണ്.

നെയ്യാറ്റിന്‍കരയില്‍ അന്‍സലന്‍െറയും സി.കെ. ഹരീന്ദ്രന്‍െറയും പേരുകളാണുള്ളത്. പാറശ്ശാലയില്‍ ആനാവൂര്‍ നാഗപ്പനാണ് പ്രാമുഖ്യം.  ബെന്‍ ഡാര്‍വിന്‍െറ പേരും  കേള്‍ക്കുന്നു. നേമത്ത് വി. ശിവന്‍കുട്ടി മാറില്ളെന്നാണ് കേള്‍വി. കാട്ടാക്കടയില്‍ ഐ.ബി. സതീഷിനും അരുവിക്കരയില്‍  കെ.എസ്. സുനില്‍കുമാറിനും വേണ്ടിയാണ് അണികള്‍. എസ്.പി. ദീപക്കിന്‍െറ പേര് കഴക്കൂട്ടത്തുണ്ട്. സി.പി.ഐക്ക് ലഭിച്ച നെടുമങ്ങാട്ട് സി. ദിവാകരന്‍, ജില്ലാ സെക്രട്ടറി ജി.ആര്‍. അനില്‍ എന്നിവരുടെ പേരുകളാണ് സജീവം. പന്ന്യന്‍ രവീന്ദ്രന്‍ വന്നാല്‍ കൊള്ളാമെന്ന് ആഗ്രഹിക്കുന്നവരും കുറവല്ല. ചിറയിന്‍കീഴില്‍ മനോജ് ബി. ഇടമനയല്ളെങ്കില്‍ വി. ശശി തന്നെ വീണ്ടും ആവും. ജനതാദള്‍-എസിന്‍െറ കോവളത്ത് ജമീല പ്രകാശമോ നീലലോഹിതദാസോ ആവാം.

ബി.ജെ.പിയില്‍ സ്ഥാനാര്‍ഥിമോഹികള്‍ തള്ളിക്കയറിയതോടെ ഒ. രാജഗോപാലിനുപോലും ‘ഷുവര്‍’ സീറ്റില്ളെന്ന സ്ഥിതിയാണ്. വി. മുരളീധരനും പി.കെ. കൃഷ്ണദാസിനും മാത്രമാണ് പകരക്കാരനില്ലാത്തത്. കഴക്കൂട്ടത്ത് മുരളീധരനും കാട്ടാക്കടയില്‍ കൃഷ്ണദാസും മാത്രം. നേമത്ത്  രാജഗോപാല്‍ എന്ന പേരിനുതന്നെയാണ് മുന്‍തൂക്കം. പക്ഷേ, ദേശീയ കൗണ്‍സില്‍ അംഗം കരമന ജയന്‍ മണ്ഡലത്തില്‍ പണി തുടങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം സെന്‍ട്രലിലും രാജേട്ടന്‍െറ പേരുണ്ട്. അവിടെയാകട്ടെ എം.എസ്. കുമാറിനെ നിര്‍ത്തണമെന്നും താല്‍പര്യമുണ്ട്. മുന്‍ വക്താവ് വി.വി. രാജേഷ് കഴിഞ്ഞ തവണ മത്സരിച്ച വട്ടിയൂര്‍ക്കാവില്‍ ആര്‍.എസ്.എസ് താല്‍പര്യം ഭീഷണിയായി.  സുരേഷ് ഗോപിക്കുവേണ്ടിയാണത്രെ നീക്കം.(താരത്തെ എഴുതിത്തള്ളിയവര്‍ ജസ്റ്റ് റിമംബര്‍ ദാറ്റ്!). തിരുവനന്തപുരം സെന്‍ട്രലിലും താരത്തിനുവേണ്ടി ആലോചനയുണ്ട്.

സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടിയുടെ നെയ്യാറ്റിന്‍കര മോഹത്തിന് വെല്ലുവിളി  ഉദയസമുദ്ര ഹോട്ടല്‍ ഉടമ രാജശേഖരന്‍ നായരാണ്. ഒ.ബി.സി മോര്‍ച്ച പ്രസിഡന്‍റ് പുഞ്ചക്കരി സുരേന്ദ്രന് നെയ്യാറ്റിന്‍കരയോ പാറശ്ശാലയോ ലഭിച്ചാല്‍ മതി. ജില്ലാ പ്രസിഡന്‍റ് എസ്. സുരേഷിന് കോവളത്തോടാണ് ഇഷ്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala ballot 2016
Next Story