പര്‍വതങ്ങളെ നീക്കാന്‍ ശ്രമിച്ച വനിതകള്‍
text_fieldsതിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ രണ്ടു പര്‍വതങ്ങളാണ് ഉമ്മന്‍ ചാണ്ടിയും വി.എസ്. അച്യുതാനന്ദനും. ഒരാള്‍ മുഖ്യമന്ത്രിയും മറ്റൊരാള്‍ പ്രതിപക്ഷനേതാവും. അതിനുമപ്പുറമാണ് മലയാളിമനസ്സുകളില്‍ അവര്‍ക്കുള്ള സ്ഥാനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവരിരുവരെയും നേരിടാന്‍ സി.പി.എമ്മും കോണ്‍ഗ്രസും നിയോഗിച്ചത് രണ്ട് വനിതകളെയാണ്. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രഫ. സുജ സൂസന്‍ ജോര്‍ജും മലമ്പുഴയില്‍ അച്യുതാനന്ദനെതിരെ ലതിക സുഭാഷും. സ്വന്തം മേഖലകളില്‍ മിടുക്കികളായിരുന്നു ഇരുവരുമെങ്കിലും വന്‍മലകളിലെ ചെറുകല്ലുകള്‍ ഇളക്കാന്‍പോലും അവര്‍ക്കായില്ല.
ഉമ്മന്‍ ചാണ്ടിയുടെയും വി.എസിന്‍െറയും ഭൂരിപക്ഷം ഉയരുകയാണുണ്ടായത്. എന്നാല്‍, പുതുപ്പള്ളിയിലെയും മലമ്പുഴയിലെയും തെരഞ്ഞെടുപ്പ് യാത്രകള്‍ സുജക്കും ലതികക്കും നല്‍കിയത് മുഴുവന്‍ ജീവിതത്തിലേക്കുമുള്ള അനുഭവങ്ങളാണ്. പ്രചാരണത്തിനിടെ, വി.എസ് നടത്തിയ പരാമര്‍ശം വേദനിക്കുന്ന ഓര്‍മയാണെങ്കിലും ലതികക്ക് അത് അതിജീവനത്തിന്‍െറ കരുത്തായി. ഉമ്മന്‍ ചാണ്ടിയുടെ ‘കുതന്ത്രങ്ങളും കൗശലങ്ങളും’ സുജക്ക് പുതിയ തിരിച്ചറിവുകള്‍ സമ്മാനിച്ചു. എന്നാല്‍, ഇരുവരും ഒരുപോലെ പറയുന്ന ഒരു കാര്യമുണ്ട് -ഉമ്മന്‍ ചാണ്ടിക്കും വി.എസിനുമെതിരെയുള്ള മത്സരത്തെ സ്വന്തം പാര്‍ട്ടിക്കാര്‍പോലും ഗൗരവമായിക്കാണുന്നില്ല എന്നതാണത്. ഒരു ചടങ്ങ് തീര്‍ക്കുന്ന ലാഘവം, എന്തിന് മെനക്കെടണമെന്ന മട്ട്. ഇത് മാറണം, എതിരാളികളെ തുറന്നുകാട്ടണം, ജയിക്കാനുള്ള മത്സരമാക്കി മാറ്റണം.
തന്‍െറ മുന്‍ എതിരാളിയായിരുന്ന സിന്ധു ജോയിയെക്കൊണ്ട് പ്രചാരണം തുടങ്ങിവെച്ച ഉമ്മന്‍ ചാണ്ടിയുടെ കൗശലത്തിലൂടെയാണ് സുജയുടെ പുതുപ്പള്ളി ഓര്‍മകള്‍ തുടങ്ങുന്നത്. ഉമ്മന്‍ ചാണ്ടി എം.എല്‍.എയായിട്ട് രണ്ടു തലമുറയായി. കുടിവെള്ളമടക്കം അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തില്‍ ഈ നാടിന് അദ്ദേഹം എന്തു ചെയ്തെന്ന് അവര്‍ ചോദിക്കുന്നു. ഗിമ്മിക്കുകളുടേതാണ് അദ്ദേഹത്തിന്‍െറ രാഷ്ട്രീയജീവിതം. രാവിലെ വീട്ടിലൊരു ആള്‍ക്കൂട്ടം, കുര്‍ബാന പകുതിയാകുമ്പോള്‍ പള്ളിയിലേക്കുള്ള ഒരു വരവ്, പരിചയമില്ലാത്തയാളിന്‍െറ മുന്നില്‍പോലും കാട്ടുന്ന നാട്യം, പൊതുപണം തന്‍േറതെന്ന മട്ടില്‍ വിതരണം ചെയ്യല്‍. സൂനാമി ഫണ്ട് വരെ പുതുപ്പള്ളിയിലേക്ക് വകമാറ്റിയെന്നാണ് പറച്ചില്‍. എന്നാല്‍, അതിന്‍െറ വികസനമൊന്നും ഇവിടെ കാണാനുമില്ല -അവര്‍ പറയുന്നു. മണര്‍കാട് സെന്‍റ് മേരീസ് കോളജ് മലയാളം വിഭാഗം മേധാവിയായ സുജ പു.ക.സ സംസ്ഥാന സെക്രട്ടറിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമാണ്.
അപ്രതീക്ഷിതമായി വന്ന സ്ഥാനാര്‍ഥിത്വത്തില്‍ എതിരാളിയായ, അച്ഛനേക്കാള്‍ പ്രായമുള്ള വി.എസില്‍നിന്നുണ്ടായ മോശം പരാമര്‍ശമാണ് ലതികയുടെ മലമ്പുഴ ഓര്‍മ. എതിര്‍പാര്‍ട്ടിയുടെ നേതാവെങ്കിലും വി.എസിനോടുള്ള ബഹുമാനംകൊണ്ട് മുമ്പ് നേരില്‍കാണാന്‍ പോയ തനിക്കാണ് അദ്ദേഹത്തില്‍നിന്ന് ഈ അനുഭവം. ഈ സംഭവം കേരളമാകെ ഇലക്ഷന്‍ വിഷയമായെങ്കിലും അതുമായി ബന്ധപ്പെട്ട ഓരോ ചര്‍ച്ചയും തന്‍െറ മനസ്സിന്‍െറ വിങ്ങല്‍ കൂട്ടുകയായിരുന്നു. പൊതുപ്രവര്‍ത്തകയെങ്കിലും എന്നില്‍ യാഥാസ്ഥിതികയായ ഒരു സ്ത്രീയുണ്ട്, ഭാര്യയുണ്ട്, അമ്മയുണ്ട്, സഹോദരിയുണ്ട്.
അതിനെയല്ലാം വ്രണപ്പെടുത്തുന്നതായിരുന്നു വി.എസിന്‍െറ വാക്കുകള്‍. സംസ്ഥാനത്താകെയുള്ളവര്‍ തനിക്ക് പിന്തുണ നല്‍കി. വ്യാപകമായ എതിര്‍പ്പുയര്‍ന്നതോടെ അദ്ദേഹം അത് പിന്‍വലിച്ചു. വി.എസിനെതിരെ നല്‍കിയ കേസ് താന്‍ പിന്‍വലിച്ചു. എങ്കിലും അന്നത്തെ അപമാനം ഇപ്പോഴും ഒരു വേദനയാണ്. എന്നാല്‍, ഭര്‍ത്താവടക്കമുള്ളവരുടെ സാന്ത്വനത്തില്‍ അതിനെ മറികടന്നു -അവര്‍ പറഞ്ഞു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായ ലതിക, കോട്ടയം ജില്ലാ പഞ്ചായത്തിലെ കോണ്‍ഗ്രസിന്‍െറ ആദ്യത്തെ പ്രസിഡന്‍റുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.