Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഅനിയന്‍ ബാവയും...

അനിയന്‍ ബാവയും ചേട്ടന്‍ ബാവയും

text_fields
bookmark_border
അനിയന്‍ ബാവയും ചേട്ടന്‍ ബാവയും
cancel

കോട്ടയം: സ്ഥാനാര്‍ഥി കുപ്പായവും തുന്നിയിരിക്കുമ്പോഴാണ് പാരകള്‍ പലവിധത്തില്‍ പതിക്കുക. എന്നാല്‍, അത് സ്വന്തം കുടുംബത്തില്‍നിന്ന് ആകുമ്പോള്‍ തറക്കുന്നത് മര്‍മത്താകും. ഇതിന്‍െറ ക്ളാസിക് ഉദാഹരണമാണ് ചങ്ങനാശ്ശേരിയില്‍ അടുത്തിടെ കണ്ടത്. മൂന്നര പതിറ്റാണ്ടായി ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലത്തില്‍ കുറ്റിയടിച്ചും വീണ്ടും കുപ്പായം തുന്നിയും കഴിയുന്ന കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ സി.എഫ്. തോമസിനോട് ഇത്തവണ മത്സരിക്കരുതെന്നാണ് സഹോദരനും കേരള കോണ്‍ഗ്രസ്-എം നേതാവും ചങ്ങനാശ്ശേരി നഗരസഭാംഗവുമായ സാജന്‍ ഫ്രാന്‍സിസിന്‍െറ അപേക്ഷ. അതും പൊതുവേദിയില്‍. 1980 മുതല്‍ തുടര്‍ച്ചയായി സി.എഫാണ് ചങ്ങനാശ്ശേരിയെ പ്രതിനിധാനം ചെയ്യുന്നത്. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും ഒമ്പതാം മത്സരത്തിന് ഒരുങ്ങുമ്പോഴാണ് ഇത്തവണയെങ്കിലും മാറിത്തരണമെന്ന് സഹോദരന്‍െറ അപേക്ഷ.

കഴിഞ്ഞ മൂന്നു ടേമുകളിലും തന്‍െറ പേര് മണ്ഡലത്തിലേക്ക് നിര്‍ദേശിക്കുന്നുണ്ടെന്നും ഇതേവരെ അവസരം ലഭിച്ചിട്ടില്ളെന്നു സാജന്‍ പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തളിപ്പറമ്പില്‍ മത്സരിച്ച് പരാജയപ്പെട്ട കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബ് മൈക്കിളും ചങ്ങനാശ്ശേരിയില്‍ സ്വയം സ്ഥാനര്‍ഥിത്വം പ്രഖ്യാപിച്ച് രംഗത്തത്തെിയതും പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കൂടിയായ സി.എഫിനെ ഞെട്ടിച്ചു. തലയിരിക്കുമ്പോള്‍ വാലാടരുതെന്നായിരുന്നു ജോബിന് സി.എഫിന്‍െറ മറുപടി. എന്നാല്‍, സഹോദരന്‍െറ ആവശ്യം മറുപടിപോലും അര്‍ഹിക്കുന്നതല്ളെന്നും പ്രതികരിച്ചു. യു.ഡി.എഫിന് വിജയസാധ്യതയുള്ള ചങ്ങനാശ്ശേരിയില്‍ ഇത്തവണയും ഇടതുമുന്നണി ഡോ. ബി. ഇക്ബാലിനെയാണ് പരിഗണിക്കുന്നത്. കഴിഞ്ഞതവണ 2500 വോട്ടുകള്‍ക്കാണ് ഇക്ബാല്‍ പരാജയപ്പെട്ടത്.

ജോസഫ് ഗ്രൂപ് വിട്ട് ഇടതുമുന്നണിയിലത്തൊന്‍ തന്ത്രങ്ങള്‍ മെനയുന്ന മുന്‍ കുട്ടനാട് എം.എല്‍.എ ഡോ. കെ.സി. ജോസഫും ഇവിടെ ഇടതുമുന്നണിയുടെ പട്ടികയിലുണ്ട്. ആകെ ഒമ്പത് മണ്ഡലങ്ങളുള്ള ജില്ലയില്‍ സ്ഥാനാര്‍ഥി മോഹികള്‍ കോണ്‍ഗ്രസിലും കേരള കോണ്‍ഗ്രസിലും നിരവധിയാണ്. എന്നാല്‍, ഈ പാര്‍ട്ടികളില്‍നിന്നുള്ള ആരും അവകാശം ഉന്നയിക്കാത്ത രണ്ടു മണ്ഡലങ്ങളും കോട്ടയത്തുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയും മുന്‍ മന്ത്രി കെ.എം. മാണിയുടെ പാലായും. തുടര്‍ച്ചയായി 50 വര്‍ഷം പിന്നിട്ട കെ.എം. മാണിക്കും 45 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടിക്കും ഇത്തവണയും സ്വന്തം പാളയത്തില്‍നിന്ന് കാര്യമായ പാരകളൊന്നുമില്ല. പാലായില്‍ മാണിക്കെതിരെ അദ്ദേഹത്തിന്‍െറതന്നെ മുന്‍ മാനസപുത്രനായ പി.സി. തോമസിനെ കളത്തിലിറക്കാനുള്ള ബി.ജെ.പി സഖ്യത്തിന്‍െറ നീക്കത്തില്‍ ചെറിയ ആശങ്കയും ഇല്ലാതില്ല.

മുവാറ്റുപുഴ ലോക്സഭാ മണ്ഡലത്തില്‍നിന്ന് ആറുതവണ ജയിച്ച ചരിത്രം ആത്മവിശ്വാസമാക്കിയാണ് ഇക്കുറി രാഷ്ട്രീയ ഗുരുവിനെതിരെയുള്ള പടപ്പുറപ്പാടിന് തോമസ് ഒരുങ്ങുന്നത്. കഴിഞ്ഞതവണ പാലായില്‍ മാണിയുടെ ഭൂരിപക്ഷം 5299 ആയിരുന്നു. ഇത്തവണ ബാര്‍ ക്കോഴയും തുടര്‍ന്നുള്ള മാണിയുടെ രാജിയും റബര്‍ വിലയിടിവും കാര്‍ഷികമേഖലയിലെ പ്രതിസന്ധിയും വോട്ടാക്കാനാവുമെന്നാണ് തോമസിന്‍െറ പ്രതീക്ഷ. ഇടതുമുന്നണി ഇതുവരെയും പാലായിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മാണി സി. കാപ്പനും പി.എസ്.സി അംഗവും സി.പി.ഐ നേതാവുമായ കെ.ടി. തോമസ് ജൂനിയറും പരിഗണനയിലുണ്ട്.

പുതുപ്പള്ളിയില്‍ ഇനിയും ഇടത് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിട്ടില്ല. പി.സി. ജോര്‍ജിന്‍െറ പൂഞ്ഞാറില്‍ ഇപ്പോഴും ഇരുമുന്നണികളിലും അനിശ്ചിതത്വം തുടരുകയാണ്. ജോര്‍ജിന്‍െറ കാര്യത്തില്‍ ഇടതുമുന്നണി തീരുമാനം വൈകുന്നു. മുന്‍ എം.എല്‍.എയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ കെ.ജെ. തോമസും രംഗത്തുണ്ട്. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ജോര്‍ജ് ജെ. മാത്യുവും ഇടതുമുന്നണി പരിഗണനയിലുണ്ട്. പൂഞ്ഞാര്‍ സീറ്റ് യു.ഡി.എഫ് നേരിട്ട് പി.സി. ജോര്‍ജിന് നല്‍കിയതായതിനാല്‍ ഇത്തവണ സീറ്റ് കോണ്‍ഗ്രസിന് വേണമെന്ന ആവശ്യവും ശക്തമാണ്. പൂഞ്ഞാറിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ മുന്‍നിരയിലാണ്. ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനിക്കാണ് പ്രഥമ പരിഗണന. എന്നാല്‍, സീറ്റ് വിട്ടുനല്‍കില്ളെന്ന ശക്തമായ നിലപാടിലാണ് കേരള കോണ്‍ഗ്രസ്.

കടുത്തുരുത്തിയില്‍ ഇത്തവണയും കേരള കോണ്‍ഗ്രസിലെ മോന്‍സ് ജോസഫാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. അദ്ദേഹം പ്രചാരണം ആരംഭിച്ചു. ഇടതുമുന്നണിക്കൊപ്പം പ്രവര്‍ത്തിക്കുന്ന കേരള കോണ്‍ഗ്രസിന്‍െറ സ്കറിയ തോമസാണ് ഇടതുപട്ടികയില്‍ മുന്നില്‍. സംവരണ മണ്ഡലമായ വൈക്കത്ത് ഇടതുമുന്നണിയുടെ അജിത്തിനാണ് ഇത്തവണയും സീറ്റ്. യു.ഡി.എഫില്‍നിന്ന് കെ.പി.സി.സി നിര്‍വാഹക സമിതിയംഗം എ. സനീഷ് കുമാറും എന്‍.എസ്.യു ദേശീയ സെക്രട്ടറി വൈശാഖ് എസ്. ദര്‍ശനുമാണ് പട്ടികയിലുള്ളത്. കോട്ടയത്ത് മന്ത്രി തിരുവഞ്ചൂര്‍ സീറ്റ് ഉറപ്പിച്ചുകഴിഞ്ഞു.

 ഇടതുമുന്നണി ഇത്തവണ ഏറ്റുമാനൂരില്‍നിന്ന് സുരേഷ് കുറുപ്പിനെ കോട്ടയത്തേക്ക് കൊണ്ടുവരാനും ആലോചിക്കുന്നു. കേരള കോണ്‍ഗ്രസിന്‍െറ തോമസ് ചാഴിക്കാടനാകും ഇക്കുറിയും യു.ഡി.എഫ് സ്ഥാനാര്‍ഥി. കാഞ്ഞിരപ്പള്ളിയില്‍ കേരള കോണ്‍ഗ്രസിന്‍െറ സിറ്റിങ് എം.എല്‍.എ പ്രഫ. എന്‍. ജയരാജ് വീണ്ടും ജനവിധി തേടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala ballot 2016
Next Story