തെരഞ്ഞെടുപ്പിനൊരുങ്ങുന്നത് ഇഴപിരിഞ്ഞ കേരളം
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത് സാമൂഹികമായി ഇഴപിരിഞ്ഞ കേരളം. അഞ്ചു വര്‍ഷം മുമ്പുള്ള അവസ്ഥയില്‍നിന്നുള്ള മാറ്റം രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്നുമില്ല. സാമൂഹികമായും ജനങ്ങളുടെ ചിന്താഗതിയിലും വന്ന മാറ്റം കൂടി പ്രതിഫലിപ്പിക്കുന്നതാവും തെരഞ്ഞെടുപ്പും അതിന്‍െറ ഫലവും. മുന്നണി സംവിധാനത്തിലെ ഒത്തുതീര്‍പ്പുകളും വീതംവെക്കലുകളും എല്ലാ സാമുദായികശക്തികളും വിലപേശലിനുള്ള അവസരമാക്കുന്നത് ഇതുപോലെ മുമ്പൊന്നുമുണ്ടായിട്ടില്ല.
ഇരുമുന്നണിയും മാറിയും തിരിഞ്ഞും ഇതിന്‍െറ ഗുണഭോക്താക്കളാവുകയും ചെയ്തു.എല്ലായിടത്തും എല്‍.ഡി.എഫ് അല്ളെങ്കില്‍ യു.ഡി.എഫ് എന്നതില്‍നിന്ന് ബി.ജെ.പിയും അക്കൗണ്ട് തുറക്കുമെന്ന അവകാശവാദം പരക്കെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇതാകട്ടെ ഇവിടത്തെ സാമൂഹികമാറ്റത്തിന്‍െറ ഉപോല്‍പന്നവും. കോ.ലീ.ബി സഖ്യമെന്ന പരാജയപ്പെട്ട പരീക്ഷണത്തിനുശേഷം ബി.ജെ.പിക്ക് പ്രതീക്ഷ മൊട്ടിട്ട സന്ദര്‍ഭവുമാണിത്.
ലോക്സഭ, അരുവിക്കര, തദ്ദേശ തെരഞ്ഞെടുപ്പുകളിലുണ്ടായ വോട്ടുവളര്‍ച്ച നിലനില്‍ക്കുന്നുണ്ടോയെന്നതില്‍ സംശയമുണ്ടെങ്കിലും ബി.ജെ.പിക്ക് കിട്ടുന്ന വോട്ടുകള്‍ മുമ്പത്തേതിനെക്കാള്‍ നിര്‍ണായകമാവും. സംഘ്പരിവാര്‍ ആഗ്രഹം വര്‍ധിച്ചതിനു പിന്നില്‍ ഈ സര്‍ക്കാര്‍ വന്നശേഷമുള്ള രാഷ്ട്രീയസംഭവങ്ങളും മാധ്യമങ്ങളും വഹിച്ച പങ്ക് ചെറുതല്ല. മുസ്ലിംലീഗിന് അഞ്ചാം മന്ത്രി സ്ഥാനം നല്‍കാനെടുത്ത കാലതാമസം വിഭാഗീയ ചര്‍ച്ചകള്‍ക്കുള്ള അവസരമായി. അതിന്‍െറ തുടര്‍ച്ചയായി ഭരണത്തിലെ ന്യൂനപക്ഷ മേധാവിത്തം എന്ന ആക്ഷേപവും. ഇതിനെ കോണ്‍ഗ്രസിലെയും ഇടതുപക്ഷത്തെയും ഒരു വിഭാഗം ശരിവെക്കുകയുമായിരുന്നു.
വിവാദം കൊഴുപ്പിക്കാനായി ഒരിക്കലും യോജിക്കാത്ത നായരീഴവ നേതൃത്വം ഐക്യപ്പെട്ടു. അത് അധികകാലം നീണ്ടില്ല. ഇതിന്‍െറ പേരില്‍ മുന്നാക്ക കോര്‍പറേഷനും മുന്നാക്ക കമീഷനും അടക്കമുള്ള ആവശ്യങ്ങള്‍ നേടിയെടുക്കുകയും ചെയ്തു. പിന്നീട് എസ്.എന്‍.ഡി.പി യോഗനേതൃത്വം സംഘ്പരിവാറിനെ വെല്ലുന്ന വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതാണ് കണ്ടത്. ഒടുവില്‍ അവര്‍ പാര്‍ട്ടി രൂപവത്കരിച്ച് എന്‍.ഡി.എയില്‍ അഭയംതേടി.
തുടക്കത്തില്‍ ‘വിവേചന’ ആരോപണത്തിന് നേതൃത്വം നല്‍കിയ എന്‍.എസ്.എസ് ഇപ്പോള്‍ ഏറ്റവും വലിയ സംഘ്പരിവാര്‍ വിരോധിയായി നടിക്കുകയും ചെയ്യുന്നു. എസ്.എന്‍.ഡി.പി യോഗനേതാവിന്‍െറ സംഘ്പരിവാര്‍ ബന്ധത്തെ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും വി.എം. സുധീരനും എതിര്‍ത്തപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്ത്രപരമായ നിലപാടിലുമായിരുന്നു. അതിന് അദ്ദേഹത്തിന് ചരിത്രത്തിലെ ഏറ്റവും നല്ല മുഖ്യമന്ത്രിയെന്ന സര്‍ട്ടിഫിക്കറ്റ് പാരിതോഷികമായും ലഭിച്ചു.
ഇതിനുപുറമെയാണ് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ വിഷയത്തില്‍ ഇടുക്കിയില്‍ കത്തോലിക്കാ മെത്രാന്മാരുടെ ഇടപെടലില്‍ ഹൈറേഞ്ച് സംരക്ഷണസമിതി രൂപംകൊണ്ടത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്ത് രൂപപ്പെടുത്തിയതാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടെങ്കിലും അതില്‍ പോലും ഇടതുപക്ഷം വിരുദ്ധ നിലപാടാണ് കൈക്കൊണ്ടത്. അതിന്‍െറ ഫലമായി ഇടുക്കി ലോക്സഭാ സീറ്റ് ഇടതുപക്ഷത്തിന് ലഭിച്ചു. റിപ്പോര്‍ട്ടിനുവേണ്ടി ശക്തമായ നിലപാടെടുത്ത കോണ്‍ഗ്രസ് എം.പിയായിരുന്ന പി.ടി. തോമസിന് സീറ്റുപോലും നഷ്ടമായി. ഇതേ കസ്തൂരിരംഗന്‍െറ പേരില്‍ക്കൂടിയാണ് കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇപ്പോള്‍ ഇടതുപക്ഷത്തേക്ക് വരുന്നതും. ഇത്തരത്തില്‍ രാഷ്ട്രീയ കുതന്ത്രങ്ങളില്‍ സാമൂഹികമായി ഇഴപിരിഞ്ഞ കേരളത്തിന്‍െറ മനോഭാവം സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം പ്രതിഫലിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.